ഞാന്‍ ഏകനാണ് …


 






കുറെ ദിവസങ്ങളായി തുടരുന്ന ശൂന്യത ചെന്നെത്തുന്നത് ജീവിതത്തിന്റെ 
അര്‍ത്ഥതലങ്ങലെപ്പറ്റിയുള്ള കുറെ ചോദ്യത്തിലാണെന്നതിനാല്‍ , 
 ഏകാന്തത ഒരനുഗ്രഹത്തില്‍ക്കവിഞ്ഞു ശാപമാകാറുണ്ട് ...
ട്രാഫിക് ലൈറ്റിനു കീഴെ പരന്നു കിടക്കുന്ന റോഡരികിലും 
ഒളിഞ്ഞുകിടക്കുന്ന ഇരുട്ടു മാത്രം തെളിയുന്നു .. 
നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും മൌനം മാത്രം .... 
നിരവധി നിറങ്ങള്‍ക്ക് മീതെ തെളിയുന്നത് വെള്ളനിറം മാത്രം ...

ഞാനൊഴിച്ച്‌ , ഇതേവരെ കണ്ട എല്ലാവരും തികച്ചും നല്ലവരും 
നോര്‍മലുമാണെന്ന് പറയുമ്പോഴും ചുറ്റും കുറെ പാപങ്ങളുടെ 
ഇനിയും ഉണങ്ങാത്ത ഭ്രാന്തന്‍ വിഴുപ്പുകള്‍ ... 
ഒരു പക്ഷെ നല്ലത് കാണാന്‍ കണ്ണുകള്‍ പരാജയപ്പെട്ടു തുടങ്ങിയിരിക്കാം .. 

പ്രത്യേകിച്ചൊരു കണക്കുകൂട്ടലോ പ്രതീക്ഷയോ ഇല്ലത്തതുകൊണ്ടാവാം , 
എനിക്ക് മുന്നില്‍ സമയമങ്ങനെ കാമഭ്രാന്ത്‌ പിടിച്ച യുവതിയെപ്പോലെ 
നീണ്ടു നിവര്‍ന്നു കിടക്കുന്നു .... 

ഒന്നിനും സമയമില്ലെന്ന വാര്‍ത്തകള്‍ മാത്രം നിറയുമ്പോള്‍ , 
ഒരല്‍പ്പമെങ്കിലും നല്‍കാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍തുപോകുന്നു ..

ഏകാന്തത എന്നെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു ... 
ഒരു രസവും , ഉന്മാദവും കഴിഞ്ഞു വിഷാദത പ്രാപിചു ചുറ്റും കണ്ണോടിക്കുമ്പോള്‍ ,
എന്തിനോ ഏതിനെന്നോ അറിയാതെ എല്ലാവരും തിരക്കിലാണ് ... 
കുറെപ്പേര്‍ക്ക് സ്വയം മാറാതെ ലോകം മാറ്റിമറിക്കണം,
സ്വയം മുങ്ങി ചെളിയില്‍താഴുംപോഴും മറ്റുള്ളവരുടെ 

തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മാത്രം ചിലര്‍ ... ആര്‍ക്കുമോന്നിനും സമയമില്ല ..

ഫെയിസ്ബൂകിനു ചുമരിനു താഴെയാണ് ലോകമെന്നും ജീവിതമെന്നും വേറെ ചിലര്‍ ....
 ഫെയിസ്ബുക്ക് എന്ന "മുഖപുസ്തകത്തില്‍ " സ്വയം 
നല്ലതുമാത്രം പകര്‍ത്തിയെഴുതാന്‍ സമയം ഹോമിക്കുന്ന ചിലര്‍ ..

ഇന്നലത്തെ നഷ്ടപ്പെടലിന്റെ കണക്കുകൂട്ടലിനിടയിലും
 നാളെയെന്നോ നേടാന്‍ പോകുന്ന സൌഭാഗ്യത്തെക്കുറിച്ചു 
മാത്രം പറഞ്ഞു ഇന്നിനെ മറന്നു ഒരുപാടുപേര്‍ ...

എല്ലായിടത്തും ഞാന്‍ ഏകനാണ് ... 
നല്ലവര്‍ മാത്രം ജീവിക്കുന്ന ഈ ലോകത്തില്‍ ,
 തിരക്കുകള്‍ നിമിഷങ്ങളെ വിഴുങ്ങുന്ന ഈ ലോകത്തില്‍ ...
 ഒന്നിനും സമയം തികയുന്നില്ല എന്ന് മാത്രം പിറുപിറുക്കുന്ന 
ഈ ലോകത്തില്‍ ..ലക്ഷ്യമുള്ളവര്‍ മാത്രം ജീവിക്കുന്ന ഈ ലോകത്തില്‍ 
 എല്ലായിടത്തും ഞാന്‍ ഏകനാണ് ...

സജിത്ത്

https://www.facebook.com/iamlikethisbloger


Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ ഏകനാണ് …

കാഴ്ച്ചയിലെന്ത്തിരിക്കുന്നു ?

 

 

 

 

 

 

അനന്യയുടെയും ഭാവി വരന്റെയും ചിത്രങ്ങള്‍ നമ്മുടെയീ സൈബര്‍ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മലയാളിയും വിവാഹവും എന്നാ വിഷയത്തെക്കുറിച്ച് പറയാതെ പോകണ്ട എന്ന് മാത്രമല്ല  ഈ ലേഖനത്തിന്റെ പ്രസക്തി … മറിച്ചു മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്   “മലയാളിയും വിവാഹവും  പിന്നെ സൌന്ദര്യവും”

 

 

ആദ്യം തന്നെ അനന്യയുടെ ഫോട്ടോ കണ്ടു വഴിയെ വിഷയത്തിലേക്ക്

ഈ ഫോട്ടോ കണ്ടപ്പോള്‍ ആദ്യനിമിഷം തോന്നിയത് “അയ്യേ ..അനന്യക്ക്  വേറെ പയ്യനെ കിട്ടിയില്ലേ ..ഫോട്ടോയില്‍  പ്രായക്കൂടുതല്‍ ഉണ്ടല്ലോ …പിന്നെ മലയാളിയുടെ സ്വന്തം കുടവയറും  നേരത്തെ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു … ഒരു നിമിഷത്തിനു ശേഷം അബോധമനസിലൂടെ  പോയ ആ ചിന്തയില്‍ സ്വയം ലജ്ജിച്ചു ….   പക്വതയില്ലാത്തതുകൊണ്ട് എനിക്ക് പെട്ടെന്ന് തോന്നിപ്പോയതാനെന്നു ഓര്‍ത്തു സമാധാനിച്ചു  …  

കല്യാണം സിനിമയല്ലെന്നും , ജീവിതവും സിനിമയും രണ്ടും രണ്ടാണെന്നും ഒരുപാട് പേര്‍ക്ക് മറക്കുകയും കുറച്ചേറെപ്പേര്‍ ഓര്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ്  സൌന്ദര്യത്തിനു പുറകെ നമ്മാളരിയാതെയെങ്കിലും മനസു സഞ്ചരിക്കുന്നത്  

ചില പെന്കുട്ടികളെങ്കിലും   ബൈസെപ്സിന്റെയോ   ട്രൈസെപ്സിന്റെയോ  കണക്കുകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവരേങ്കിലും ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്  സുരക്ഷിതതവും പരിലാളനയുമാണ്  … പ്രാക്റ്റിക്കല്‍ ജീവിതത്തെക്കുറിച്ചു  വലിയ ബോധമില്ലാത്തവര മാത്രമേ കെട്ടാന്‍ പോകുന്നവന്  സ്വല്‍പ്പം തടികൂടിപ്പ്പോയി എന്ന് പറഞ്ഞു “ഇവനൊക്കെ ജിമ്മില്‍ പോയ്ക്കൂടെ ”  എന്ന് ചിന്തിക്കൂ അല്ലെങ്കില്‍ ..ബൈസെപ്സിന്റെയോ   ട്രൈസെപ്സിന്റെയോ  കണക്കുകള്‍ മനസ്സില്‍ കൊണ്ട് നടക്കു … .യഥാര്ത്ഥ ജിവിതത്തില്‍  ഈ പറയുന്ന സെപ്സോക്കെ വെറും കാഴ്ച്ച്ചകാരാനെന്നും അതിലൊന്നുമല്ല കാര്യമെന്നും മനസിലാക്കിവരുമ്പോഴേക്കും കാലം കഴിഞ്ഞിരിക്കും … അല്ലെങ്കിലും കാണുന്നതിലല്ലല്ലോ കാര്യം  😉

ജീവിതം എങ്ങനെ നേരിടണമെന്ന് തീരുമാനിക്കുന്നത്‌ ഒര്രോരുത്തരുമാണ് … പലപ്പോഴും ജീവിതത്തെ പ്രാക്ടിക്കലായി നേരിടുകയാണ് നല്ലത് 😉   

 കല്യാണം കഴിച്ചു കഴിഞ്ഞ ഒരുപാട് പേരോടും , കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന  ഒരുപാട് പേരോടും ചോദിച്ചു അറ്റം തേയാത്ത ചോദ്യമുണ്ട് …സത്യത്തില്‍ വിവാഹം കൊണ്ട് എന്താണ് അര്ത്തമാക്കുന്നത് ?   

കുറച്ചു പേര്‍ക്ക് പറയാനുണ്ടായിരുന്നത്  …

” വീട്ടില്‍ നിന്നും  കഴിക്കാന്‍ പറഞ്ഞു ..കെട്ടി “

ചില ഉത്തരങ്ങളിലൂടെ

“പഠിച്ചിരുന്ന കാലം മുതല്‍ പ്രണയിക്കുകയായിരുന്നു …അഞ്ചു വര്ഷം പ്രണയിച്ചു  , അവള്‍ക്കു വേറെ ആലോചനകള്‍ വന്നു തുടങ്ങിയിരുന്നു കെട്ടേണ്ടി വന്നു “

“അതൊരു കുടുക്കായിരുന്നു …കെട്ടിപ്പോയി .. പറ്റിപ്പോയി “

“…ജോലി കിട്ടി .. വണ്ടിയും സെല്ലും വാങ്ങി  .. വീട് വെച്ചു ….ഇനി കെട്ടിക്കളയാം .. പിന്നെ വയസും ആയില്ലേ  “

“പിന്നെ ശരീരത്തിന്റെയും ആത്മാവിന്റെയും ദാഹത്തെ ത്രിപ്ത്തിപ്പെടുത്താന്‍ “

“കല്യാണം ഒരു കര്‍മ്മമാണ്‌ …കുട്ടിയായി ..യുവാവായി ..കെട്ടണം ..അടുത്ത തലമുറ നിലനിര്‍ത്തണം ..അതുകൊണ്ട് .. “

“മനസ് പറയുന്നിടത്ത് ശരീരം ചിലപ്പോഴെങ്കിലും എത്താതായിരിക്കുന്നു ..കുറച്ചു  കഴിഞ്ഞാല്‍ നമ്മളെ നോക്കാന്‍ ആരെങ്കിലും വേണ്ടേ ..പിന്നെ നമ്മുടെന്നു പറഞ്ഞു അടുത്ത തലമുറ അതും ആവ്ശ്യമല്ലേ “

വിവാഹം ലൈംഗിക ജീവിതത്തിലേക്കുള്ള ഒരു ലൈസെന്‍സ് എന്നാ നിലയില്‍ക്കാണാന്‍ ശ്രമിക്കാതെ കുറച്ചുകൂടെ ഗൌരവമായി എടുക്കേണ്ട ഒന്നാണ് ….ചാടിയാല്‍ എത്താത്ത കൊമ്പില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും , മനസു ശരീരത്തേക്കാള്‍ വേഗത്തില്‍ ചലിക്കാന്‍ ശ്രമിക്കുന്നതും പരാജയത്തില്‍ കലാശിക്കുന്നത് ആരോഗ്യകരമായ അന്തരീക്ഷം  ഇല്ലാത്ത്തതുകൊണ്ടാനെന്നു  പറഞ്ഞുകൊണ്ട് ഒന്നുകൂടെ പറയട്ടെ ” സൌന്ദര്യത്തില്‍ കാര്യമില്ലെന്നും  കുറച്ചു വര്ഷം കഴിഞ്ഞാല്‍ നഷ്ട്ടപ്പെട്ടു പോകുന്നതല്ലേ സൌന്ദര്യം എന്നും പറഞ്ഞു കണ്ണടച്ചു കേട്ടാനോന്നും തത്വം പറയുന്ന മിക്കവാറും തയ്യാറാകാറില്ല …. ” മഴ വരുമെന്ന് കരുതി ഇപ്പഴേ  കുട ചൂടാണോ ”  😉   

സത്യത്തില്‍ , സന്തുഷ്ടകരമായ കുടുംബജീവിതത്തിനു വേണ്ടത് മനസാണ് …….അത്തരത്തില്‍ മനസുള്ള ഇവരെ അഭിമാനത്തോടെ  പരിചയപ്പെടുത്തിക്കൊണ്ട് പറയട്ടെ …

കണ്ണുള്ളവര്‍ കാണട്ടെ എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഈ ചിത്രത്തിനു പിന്നിലെ അര്‍ഥം മനസിലാകണമെന്നില്ല  …ഇവരാകട്ടെ നമുക്ക് മാതൃക  …
നമുക്കേറെ പഠിക്കാനുണ്ട് ഇവരില്‍നിന്നുമെന്ന ഓര്‍മ്മപ്പെടുത്തലോടെ …

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

മരണത്തിനു മരണമുണ്ടോ …

മരണത്തിനു മരണമുണ്ടോ …
കേട്ടില്ലേ ? ..മരണത്തിനു മരണമുണ്ടോ …

കൌതുകത്തോടെ എയ്തുവിട്ട ചോദ്യശരത്തിനു മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ ഒരു നിമിഷം ആലോചിക്കുന്നത് കണ്ടപ്പോള്‍ അജയ്യനെപ്പോലെ ഞാന്‍ സന്തോഷിച്ചു …ഒരു നിമിഷത്തെ ആലോചനക്കു ശേഷം വെറ്റിലക്കറയുള്ള പല്ല് കാറ്റത്ത് കാണിച്ചു പറഞ്ഞു  , ഉണ്ടല്ലോ …മരണത്തിനു മരണമുണ്ട് …ജീവിക്കുന്നിടത്തോളം നമ്മള്‍ മരണത്തെ തോല്‍പ്പിക്കുന്നു …ഒഴിവാക്കാനാകാത്ത അഥിതിയെപ്പോലെ ഒരു നിമിഷം മരണം ജനിക്കുമ്പോള്‍  നാം മരിക്കുന്നു …….ഒരുപാടെന്തോക്കെയോ സംസാരിച്ച്ചിരുന്നെങ്കിലും നാല്‍പ്പതു വയസു തോന്നിക്കുന്ന അയാളുടെ ആ വാക്കുകള്‍  ഇപ്പോഴും കാതില്‍ മുഴങ്ങുന്നു …

ലക്കി സെന്‍റ്റര്‍ എന്നാ  കടയുടെ തിളങ്ങുന്ന മുറിയിലോട്ടു നോക്കുമ്പോള്‍  കണ്ണിനുതാഴെ വെള്ളം ധാരയായി പൊടിഞ്ഞുതുടങ്ങിയിരിക്കുന്നു .. കരയുകയാണോ ചിരിക്കുകയാണോ എന്നെനിക്കു നിശ്ചയമില്ല … സന്തോഷിക്കുമ്പോഴും   സങ്കടപ്പെടുമ്പോഴും  കണ്ണുനീര്‍ പൊഴിയാറുണ്ട്  …

 എന്നായിരുന്നു അയാളെ  ആദ്യമായി കണ്ടത് ..

ലക്ഷ്യമില്ലാത്ത ഒരു കൊച്ചുതോണി പോലെ ദിവസങ്ങള്‍ എണ്ണപ്പെടുന്നൊരു നാളില്‍  ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളെത്തെടിയുള്ള യാത്രയിലായിരുന്നു ഞാന്‍  ..
മരിക്കുമെന്നരിഞ്ഞിട്ടും പിന്നെന്തിനു വെറുതേ ജീവിക്കാനായി ഒരു ശ്രമം എന്ന കൌതുകം നിറഞ്ഞ എന്റെ ചോദ്യത്തിന് സരസമായ മറുപടി നല്‍കിയ ഒരു കൂട്ടം കണ്ണുകളിലേക്കു ആകര്ഷിക്കപ്പെടുകയായിരുന്നുവേണം കരുതാന്‍ ….നഗരത്തിലെ തിരക്കേറിയ വീഥികളില്‍ തിരക്കുകളില്ലാത്ത ഒരു മനുഷ്യന്‍ …അങ്ങനെയായിരുന്നു എനിക്കയാളെ ആദ്യകാഴ്ചയില്‍ നിര്‍വചിക്കാന്‍ തോന്നിയത് …

ചോദ്യം കേട്ട മാത്രയില്‍  എന്റെ കയ്യിലിരുന്ന വെള്ളക്കുപ്പി വലിച്ചു വാങ്ങി  ദൂരെക്കെരിഞ്ഞു വിളിച്ചു പറഞ്ഞു .  എന്തിനാ വെള്ളം കുടിക്കുന്നത് , മൂത്രമോഴിച്ച്ചു കളയാനല്ലേ അപ്പൊ കുടിക്കണ്ട …

ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും  നല്ല  കൊമേഡിയന്‍ ..അല്ലെങ്കിലോരുപക്ഷേ വിവേകശാലിയായ മനുഷ്യന്‍ ..ഒരുപാടെന്തോക്കെയോ വായിച്ചറിഞ്ഞ ഒരാള്‍ .. അയാളാരെന്നറിയാനുള്ള വ്യഗ്രതയില്‍ മനസ് പരതി ..  എന്തോ മനസിലാക്കിയെടുത്തപോലെ അയാള്‍ സംസാരമാരംഭിച്ചു ..ഒരു ഭാഗത്തേക്ക്  ചൂണ്ടി  അയാള്‍ പറഞ്ഞു ” ആ കാണുന്ന ലക്കി സെന്‍റ്റര്‍ തല്ക്കാലം നടത്തുന്നത് ഞാനാണ് …”      

“വിലപെശരുത് : മരണം ഇവിടെ അവസാനിക്കുന്നു …. ” എന്നൊരു ചുവന്ന ബോര്‍ഡിനപ്പുറം  ലക്കി സെന്‍റ്റര്‍ എന്നാ ശവപ്പെട്ടിക്കട …

സംസാരിക്കുന്നതിനിടയില്‍ ഒരുപാട് പ്രാവശ്യം അയാളുടെ മൊബൈല്‍ അടിക്കുന്നത് കൌതുകത്തോടെ നോക്കി ,  ഒരു ശവപ്പെട്ടിക്കച്ചവടക്കാരന് ഇത്രയും തിരക്കോ  ..അതിനു മാത്രം ആള്‍ക്കാര്‍  മരിക്കുന്നുണ്ടോ … സംശയം മനസ്സില്‍ ഒതുക്കി  ..

എന്താ പരിപാടി  ?  നനുത്ത ആ സ്വരത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ …ഞാന്‍ കണ്ട വിവേകശാലിയായ മനുഷ്യന്റെ പക്കല്‍ എനിക്കുള്ള ഉത്തരവുമുണ്ടാകും എന്നാ കണക്കുകൂട്ടലില്‍ …

“എനിക്കറിയില്ല …എന്തിനാണിങ്ങനെയൊരു  ജീവിതം ? ലക്ഷ്യമില്ലാതെ ജീവിക്കാനാകുമോ ..എനിക്കൊരു ലക്ഷ്യവുമില്ല … കാറ്റില്‍  ഒഴുകുന്ന പൊങ്ങുതടിപോലെ ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നു ..എനായാലും മരിക്കണ്ടതല്ലേ പിന്നെന്തിനു ജീവിക്കുന്നു എന്ന് തോന്നുന്നു ”

എന്തോ മനസിലാക്കിയപോലെ  അയാള്‍ എന്നെ നോക്കി , സംസാരം തുടര്‍ന്നു …  … ”
മനുഷ്യനായാല്‍  ഒരു പണി വേണം ..ലക്‌ഷ്യം നിന്നെത്തേടി വരും …നീയും തേടുക ..ജനിച്ചു പോയി എന്നതുകൊണ്ട്‌ മാത്രം ജീവിക്കരുത് .. ഒരു ധാന്യമാണിയിലും അത് കഴിക്കുന്നവന്റെ  പേര്‍ ദൈവം കൊത്തിവേചിട്ടുണ്ട് എന്ന് കേട്ടിട്ടില്ലേ അതുപോലെ നിന്റെ ജീവിതം കൊണ്ടും ഒരു ലക്‌ഷ്യം ഉണ്ട് …കാരണമില്ലാതെ ഒന്നും ഇവിടെ സൃഷ്ട്ടിക്കപ്പെടുന്നില്ല …സംഹരിക്കപ്പെടുന്നില്ല …

അപ്പോള്‍ മരണത്തിനു മരണമുണ്ടോ … ?

 ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു .. “ഉണ്ടല്ലോ ..നീ  ജീവിച്ചിരിക്കുന്ന ഒരു നിമിഷവും മരണത്തിന്റെ മരണമാണ് ”   ജീവിക്കാനുള്ള ആഗ്രഹം എപ്പൊഴും മനസ്സില്‍ സൂക്ഷിക്കുക .. മരണത്തെ കൊല്ലാം …

ഈ നഗരത്തിലെ ഓരോ ശവപ്പെട്ടിയുടെയും അന്വോഷണം എന്നിലാണ് അവസാനിക്കുക .. ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും അന്വോഷണം എന്നിലാണ് അവസാനിക്കുക .. ജീവിതം മതിയാക്കിയവരുടെ , അവസാനിക്കപ്പെട്ടവരുടെ  കണ്ണും കരളും  ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ട് …

ഒരു സിഗാരിനു തീ കൊളുത്തി  ” തമ്മില്‍ കാണാതിരിക്കട്ടെ ” എന്ന വാക്കോടെ അയാള്‍ യാത്ര പറഞ്ഞു … രാവെന്നോ, പ്രഭാതമെന്നോ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത ആ നിമിഷത്തില്‍ സിഗാറിന്റെ പുക അവിടെ കൂടി നിന്ന നേര്‍ത്ത മഞ്ഞെന്നു തോന്നിപ്പിച്ച മൂടലിലേക്ക് ഇറങ്ങിച്ചെന്നു ..

അങ്ങനെ ദിവസങ്ങള്‍ക്കു ശേഷം ലക്കി സെന്‍റ്റര്‍ എന്നാ  കടയുടെ തിളങ്ങുന്ന മുറിയില്‍ അയാളെ വീണ്ടും കണ്ടു …  ആള്‍ക്കൂട്ടത്തിനു പിന്നിലെ അന്വോഷണം ലക്കി സെന്ററില്‍ എന്നെ എത്തിച്ചിരിക്കുന്നു .. ഒരു ശവപ്പെട്ടിക്കുമീതെ അയാള്‍ വിശ്രമിക്കുകയാണ്  .. വീണ്ടു ഒരു ശവപ്പെട്ടി ജനിച്ച്ചിരിക്കുന്നോ എന്ന ഭയം ഒരു തുള്ളി കണ്ണുനീര്‍ സമ്മാനിക്കുന്നു … എന്നെക്കാത്തും ഒരു ശവപ്പെട്ടി കാത്തിരിക്കുന്നു …

മരണം ഇവിടെ അവസാനിക്കുന്നു ….
കരയുകയാണോ ചിരിക്കുകയാണോ എന്നെനിക്കു നിശ്ചയമില്ല … സന്തോഷിക്കുമ്പോഴും   സങ്കടപ്പെടുമ്പോഴും  കണ്ണുനീര്‍ പൊഴിയാറുണ്ട്  … ..

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on മരണത്തിനു മരണമുണ്ടോ …

അശാന്തിയുടെ നാള്‍വഴികളിലൂടെ

അതിതീവ്രപരിചരണവിഭാഗത്തിലെ  ( ICICU)   കണ്ണാടികൂടിലൂടെയെങ്കിലും  അവളൊന്നു പുറത്തേക്കു നോക്കിയെങ്കില്‍ എന്ന് വിചാരിച്ചിക്കുംമ്പോഴെക്കും  , നിശബ്ദദക്കിടയിലും  അവിടെവിടെയോ അരിച്ചിറങ്ങുന്ന  മുറുമുറുപ്പിനെ ഓര്‍മ്മപ്പെടുത്തി തൂവെള്ളവസ്ത്രധാരിണിയായ നഴ്സ്  ചുവന്നചായം തേച്ച ചുണ്ടിലൂടെ പറഞ്ഞു നിര്‍ത്തി

” ഒന്നും പറയാറായിട്ടില്ല  ….ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ..കോമയിലാണ് “

കേട്ടയുടനെ ആരോ പറഞ്ഞു

അവള്‍ക്കെന്തിന്‍റെ  കേടായിരുന്നു ..

നീയിപ്പോതെന്തറിഞ്ഞിട്ടാ …അല്ലാ  ഉള്ളുകളികള്‍ നമുക്കറിയില്ലല്ലോ

പുറത്തു ഒരുപാട് കഴുകന്‍ കണ്ണുകളും , കൂര്‍പ്പിച്ച ചെവിയുമായി  കാത്തു നിന്നവര്‍ക്കിടയിലൂടെ ആ വാര്‍ത്ത പറന്നിറങ്ങി

അത് കേട്ട് കുറച്ചുപേര്‍  പതിയെ സംസാരിച്ചുകൊണ്ട്  യാത്ര തിരിച്ചു 

“കോമയോ  അതിപ്പോ ചത്തതിനു സമാനമാണ് …ആസ്പത്രിക്കാര്‍ അതുമിതുമൊക്കെപ്പറയും …പത്ത് കാശുണ്ടാക്കാന്‍ കിട്ടുന്ന ചാന്‍സ്‌ അവരെന്തിന് വെറുതേ കളയണം … “

സിവില്‍പോലീസിലെ ഒരാള്‍  ബാലനെ വിളിച്ചു പറഞ്ഞു    ” സ്റ്റെഷനിലോട്ടു ഒന്ന് വരണം …സംഗതി ക്രിമിനലാണ്  ….ഭാര്യാപീഡനം  അല്ലെങ്കില്‍ കൊലക്കുറ്റം വരെ പോകാവുന്ന കേസാണ് …ഒന്ന്   കാണണം ”

തുടര്‍ന്നങ്ങോട്ടു   ബാലന്‍റെ കണ്ണില്‍നിന്നിറങ്ങിയ കണ്ണുനീരിന്   അര്‍ത്ഥവും നിറവും ചാര്‍ത്തികൊടുക്കാന്‍  നാട്ടുകാരില്‍ ചിലര്‍  മാത്രമേ അവശേഷിച്ചിരുന്നള്ളൂ ….

ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു

അപൂര്‍വ്വമായി മാത്രം വാഹനം വരാറുള്ള ഗ്രാമവീഥികളെ  ഞെട്ടിച്ചുകൊണ്ട്  ഫയര്‍സ്റ്റേഷന്‍  വണ്ടിയുടെ നീണ്ട അലാറംവിളിയോടെയുള്ള   രംഗപ്രവേശം ഒരുതരത്തില്‍ ഉല്‍സവപ്രതീതിയായിരുന്നു സമ്മാനിച്ചത് …

കേട്ടവര്‍ കേട്ടവര്‍ , എല്ലാം മറന്നു റോഡിലേക്ക് കുതിച്ചു  … ചുവന്ന വണ്ടിക്കു പുറകെ , വേറൊരു വെള്ളവണ്ടി …അടുത്തെത്തിയപ്പോള്‍ മാത്രമാണ് ആംബുലന്‍സാണെന്ന് അറിഞ്ഞത് ..അതിനു പിറകെ നിര നിരയായി ഉറുമ്പുകളെപ്പോലെ നിരവധി ഓട്ടോകളും … 

ആരൊക്കെയോ വിളിച്ചുചോദിക്കുണ്ടായിരുന്നു …

ഇതെവിടെക്കാ ? എന്താ സംഭവം ..എന്തോ ആപത്ത് നടന്നിരിക്കുന്നു ….

നമ്മടവിടെ ഈ ഫയര്‍ഫോര്‍സിന്‍റെ വണ്ടി ഇതാദ്യമാ …

ഓട്ടോയില്‍ നിന്നും ഒരുപാട് പേര്‍ ഗൌരവത്തില്‍ വിളിച്ചുപറഞ്ഞു , “സംഗതി സീരിയസാണ് ..പക്ഷെ  എന്താണെന്നറിയില്ല   ..നോക്കാന്‍  പോക്വാ ”  

അത് കേട്ട് ബാക്കിയുള്ളവരും പുറകെ യാത്രയായി …  ഞാന്‍ ഒരു നിമിഷം ആലോചിച്ചു … എന്തിനാണ് ഇവര്‍ ഇത്ര  ആകാംഷാകുലരാവുന്നത് …. ശരിയാണ് , ഇതിപ്പോള്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഫയര്‍ഫോര്‍സും ആംബുലന്‍സും പോലീസുമൊക്കെ ഒരുമിച്ചു ….

നിമിഷങ്ങള്‍ക്കുള്ളില്‍  വാര്‍ത്തയെത്തി

ബാലനും ശാന്തയും കിണറ്റില്‍ ചാടിയിരിക്കുന്നു …കൂടെ രുക്കുവുമുണ്ട് 

ബാലന്‍റെയും ശാന്തയുടെയും കല്യാണം കഴിഞ്ഞ്‌ ഇതിപ്പോ മാസം  നാലല്ലേ ആയള്ളൂ ..അതിനിടയില്‍  ?   അവന്‍റെ പിടിപ്പുകേട്   അല്ലാതെന്താ — ആരോ ആദ്യവിധി  പ്രസ്താവിച്ചു

ആ പെണ്ണിനെ പറഞ്ഞുപറ്റിച്ചു  ഉപദ്രവിച്ചുകാണണം .. ഒടുക്കം സഹിക്കവയ്യാതെ ശാന്ത ചാടിയതായിരിക്കും   – ആരോ തിരുത്തി

പക്ഷെ അപ്പൊ രുക്കുവോ ?  ബുദ്ധിപൂര്‍വ്വമുള്ള  ആ ചോദ്യം തുടര്‍ന്നുള്ള സംഭാഷണത്തെ നിശബ്ദയിലേക്ക് നയിച്ചു  ..

ശരിയാണ് … ബാലന്‍റെ ആകെയുള്ള  അമ്മയല്ലേ രുക്കു ..അവര്‍ക്കെന്തിന്‍റെ  കേടാ

അവര്‍ക്കിപ്പോ അമ്പതു ആയിക്കാണുമല്ലേ …. ചിലപ്പോ രുക്കു ശാന്തയെ തള്ളിയതായിരിക്കും     ..എന്തായാലും ഒന്ന് പോയി നോക്കാം  …

അവശേഷിക്കുന്നവര്‍ ഊഹാപോഹങ്ങള്‍ മെനഞ്ഞെടുക്കുന്നതിനിടയില്‍ ആംബുലന്‍സ്‌ ആരെയോകൊണ്ട്  തിരിച്ചു യാത്രയാരംഭിച്ചു …

ഒടുക്കം എല്ലാ  ഊഹാപോഹങ്ങളെയും വകഞ്ഞുമാറ്റി ആ വാര്‍ത്ത വന്നു ..

കലപിലകള്‍ക്കിടയില്‍  ,  ശാന്ത  യാതൊരു പ്രകോപനവും കൂടാതെ കിണറിലേക്ക് എടുത്തു ചാടിയത്രേ ..ബുദ്ധിമതിയായ  രുക്കുവും തുടര്‍ന്ന് പറയാനിടയുള്ള അപവാദങ്ങളെ ഭയന്നാകണം  അത് കണ്ടു പുറകെച്ചാടി  … അവരെ രക്ഷപ്പെടുത്താനായി  ബാലനും   ….   

ആ ചാട്ടം ശാന്തയെ കോമയില്‍ എത്തിച്ചിരിക്കുന്നു …. കല്യാണം കഴിഞ്ഞു മാസം ആറായില്ല  ..  ഒരു നിമിഷത്തിന്‍റെ  ബുദ്ധിശൂന്യതെയോര്‍ത്ത്  വരാനിരിക്കുന്ന ജീവിതനിമിഷം മുഴുവന്‍ ഒരു പക്ഷെ കിടക്കയില്‍ അനങ്ങാന്‍ പോലുമാകാതെ തലളക്കപ്പെട്ടെക്കാം  … വിധി കരുണ കാട്ടിയെങ്കില്‍ ചിലപ്പോള്‍ പെട്ടെന്ന് ജീവിതത്തിലെക്കോ  മരണത്തിലേക്കോ  ചുവടു വെച്ചേക്കാം  …

വികാരങ്ങളെ നിയന്ത്രിക്കാന്‍  മറന്നുതുടങ്ങിയിരിക്കുന്നോ..   ….പരസ്ത്രീ ബന്ധവും , പരപുരുഷ ബന്ധവും ആരോപിച്ചു പുറത്തു ഒരുപാട് കഥകള്‍ ഒഴുകി നടക്കുന്നു … അതിനിടയില്‍,  അതിവേഗത്തിലുള്ള  പ്രതികരണശേഷി   പലപ്പോഴും അശാന്തിയുടെ നാള്‍വഴികള്‍ സമ്മാനിക്കുന്നല്ലോ  എന്ന തിരിച്ചറിവിലേക്ക് അശാന്തമായ മനസോടെ ശാന്ത  അടുക്കുകയായിരിക്കണം

 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on അശാന്തിയുടെ നാള്‍വഴികളിലൂടെ

പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

 മുസ്ലിംകള്‍ ആധുനികവിനിമയോപാധികളുടെ ചുവടു പിടിച്ചു  തീവ്രവാദം വളര്‍ത്താനുള്ള വേദിയായി കേരളത്തെ മാറ്റുന്നോ ?   ലക്ഷോപലക്ഷം വരുന്ന അവരുടെ വരുമാനസ്രോതസ്സ് ഇങ്ങനെ ഒറ്റിക്കൊടുത്തു കിട്ടുന്ന പണമായിരിക്കുമോ ..എങ്കിലും അവര്‍ക്കെങ്ങനെ ചതിക്കാനാകും  ?  പര്‍ദയുടെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ എങ്ങനെ നമ്മെ തകര്‍ക്കാം എന്നായിരിക്കുമോ അവര്‍ ചിന്തിക്കുന്നത്  ?     വെള്ളിയാഴ്ച പള്ളിയിലെക്കേന്നു പറഞ്ഞവര്‍കൂടുന്നത് ഇതിനായിരുക്കുമല്ലേ ….
 ഒരു സാധാരണ മനുഷ്യന്‍ ഇസ്ലാമിനെയോ മുസ്ലിമിനെയോ പറ്റി ചില വാര്‍ത്തകേട്ട് അല്ലെങ്കില്‍ പത്രം വായിച്ചു മേല്‍പ്പറഞ്ഞ രീതിയില്‍  തെറ്റായി ചിന്തിച്ചുപോയെങ്കില്‍ അവര കുറ്റം പറയരുത് .ഭാഗ്യവശാല്‍ ചിന്തിക്കാനുള്ള ശേഷി കേരളത്തിലെ  ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടു  മാത്രമാണ് മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാതെ  അയോദ്ധ്യയോ ഗുജറാത്തോ ആവാതിരിക്കുന്നത് 
മാധ്യമസംസ്കാരത്തിനു  തീരെ നിരക്കാത്ത രീതിയില്‍ കുറെ മുസ്ലിം മെയില്‍വിലാസങ്ങള്‍ നല്‍കി  സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ വാര്‍ത്തയുടെ ലക്ഷ്യം  കച്ചവടമാകാതെ വേറെന്ത്  ?    ”  അപ്പനിട്ട് പറഞ്ഞാലും പത്ത്പുത്തനുണ്ടാക്കണം ” എന്ന  നെറികെട്ട രീതിയില്‍ ചിന്തിച്ചുപോകുന്ന കുറെ  ഏറാംമൂളി  മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല കേരളത്തിലെ  ജനങ്ങളുടെ മതവികാരം …
മുസ്ലിമായി  ജനിച്ചതുകൊണ്ട്  ഒരാളുമിവിടെ തീവ്രവാദിയാകുന്നില്ല …  അറിഞ്ഞോ അറിയാതെയോ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത പടച്ചു വിടുന്ന എല്ലാ മാധ്യമങ്ങളെയും നാം തിരിച്ചറിയണം … 
ഒരു ഇമെയില്‍ ഐഡി  ഉണ്ടാക്കാന്‍ പത്ത് രൂപ കൊടുത്തു കഫേയില്‍ കേറുന്ന ആര്‍ക്കും പറ്റും … അത് മുസ്ലിംപേരില്‍ ഉണ്ടാക്കിയെന്നത്കൊണ്ട് ഇവിടെ ആരും തെറ്റുകാരാകുന്നില്ല , കുറച്ചുകൂടെ ബുദ്ധിയുള്ള ആര്‍ക്കും  നമ്മുടെ എല്ലാ വിവരങ്ങളും മറച്ചുവച്ച് , യാതൊരുവിധ തെളിവും അവശേഷിക്കാതെ  ജിമെയില്‍ ഐഡിയോ , ഏതൊരു മെയില്‍ വിലാസമോ ഉണ്ടാക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടുമില്ല  ..അങ്ങനെയിരിക്കെ  അത്തരം ഒറ്റുകാരെ കണ്ടുപിടിക്കാനോ അവരുടെ ഉദേശത്തെക്കുറിച്ചുള്ള  പുനരന്വോഷണത്തിനോ  സംശയം തോന്നുന്ന എല്ലാ മെയിലുകളും പരിശോധിക്കപ്പെടെണ്ടത് തന്നെയാണ് ,  യാതൊരുവിധ തെറ്റുമില്ല …
ഇതിനുമുന്‍പും സംശയം തോന്നുന്നവരുടെ മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ്‌ / അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ച ചരിത്രമുണ്ട്  ….അന്നൊന്നും അത് വാര്‍ത്തയായിരുന്നില്ല കാരണം പത്രസംസ്കാരത്തെയും മാധ്യമധര്‍മ്മത്തെയും കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നവരാണ് ഉണ്ടായിരുന്നത് ..ഇന്നത്തെ സ്ഥിതിയോ ?  കാണുന്നതെന്തും എരിവും പുളിയും കയറ്റി വാര്‍ത്തയാക്കാനുള്ള ഓട്ടത്തിലാണല്ലോ 
സ്വാതന്ത്ര്യം  എന്നുപറഞ്ഞാല്‍  എന്ത് നെറികേട് കാണിച്ചും കൂത്താടാനുള്ള  ലൈസന്‍സ് അല്ല , സമൂഹത്തിലെ നാനാജാതിമതസ്ഥരായ മറ്റുള്ളവരുടെ ജീവന് ഭീഷണിയായി നിലനില്‍ക്കുന്ന എല്ലാവരും ഒറ്റപ്പെടട്ടെ  …അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുവായാലും , ക്രിസ്ത്യാനിയായാലും , മുസ്ലിമായാലും ആരായാലും ഒറ്റപ്പെടണം ..
.
 മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ തിരുത്തി  വാര്‍ത്തകള്‍ നല്‍കിയ പത്രമാധ്യമം ശിക്ഷിക്കപ്പെടണം ..പത്രത്തിന്‍റെ  സര്‍ക്കുലേഷന്‍  കൂട്ടാന്‍ അല്ലെങ്കില്‍ പബ്ലിസിറ്റിക്കായി എന്തും എഴുതാമെന്നോ പറയമെന്നോ രീതിയില്‍  സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ അവരൊരു സ്വയംപുനരവലോകനത്തിന് വിധേയരാകണം … അത്തരത്തില്‍ ഉള്ള ഒരു ചര്‍ച്ചയും പ്രോത്സാഹിക്കപ്പെടെണ്ട ഒന്നല്ല ..ഏഷ്യാനെറ്റ്‌ ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങള്‍ നാണിപ്പിക്കുന്ന പ്രവര്‍ത്തിയാണ് കൈക്കൊണ്ടിരുന്നത് …( വേറെ ഏതെങ്കിലും ചാനെലില്‍ ഇതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നോ എന്നറിയില്ല ) സത്യത്തില്‍ ഇവിടെ ഒരു പ്രശ്നവുമില്ല , പറഞ്ഞു പറഞ്ഞു പ്രശ്നമാക്കാതിരുന്നാല്‍  നന്നായിരുന്നു …
ഇത്തരമൊരു വാര്‍ത്തക്ക് അമിതപ്രാധാന്യം നല്‍കിയ   മാധ്യമങ്ങള്‍  ,ഒന്നോര്‍ത്തു കൈകാര്യം ചെയ്തെങ്കില്‍  വിവാദം ഒഴിവാക്കാമായിരുന്നു  …. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ , മറ്റവരെക്കാള്‍  പത്ത് കോപ്പി കൂടുതല്‍ അടിച്ചിറക്കാനുള്ള വ്യഗ്രതയില്‍ മുന്നിലുള്ളതെന്തും വാര്‍ത്തയാക്കുമ്പോള്‍  , നാവിന് എല്ലില്ലെന്നു കരുതി  തോന്നിയതെന്തും  ചോദിച്ചു  ചര്‍ച്ചയാകാനുള്ള ചില ടെലിവിഷന്‍ ചാനലുകളിലെ അവതാരകരും എന്തൊക്കെയോ മറന്നു പോകുന്നു  ….
എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടെണ്ടവയല്ല  ..രാജ്യസുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാഭീഷണിയാകുന്നവാര്‍ത്തകള്‍ കൊടുക്കുന്നതിനുമുന്‍പ് മാധ്യമങ്ങള്‍ പുനരവലോകനങ്ങള്‍ക്ക് വിധേയമാകണം  ….മുസ്ലിം പേരുകേട്ടാല്‍ നെറ്റി ചുളിക്കുന്ന രീതിയില്‍നിന്ന് നമ്മളില്‍ക്കുറെപ്പേരും മാറണം  ,,,,
1993 മാര്‍ച്ച് 12 എന്ന സിനിമ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഇപ്പോഴത്തെ ഒരുപാട്  അബദ്ധധാരണകള്‍ ആരുടെയെങ്കിലും മനസ്സില്‍ ഉണ്ടെങ്കില്‍ അതെല്ലാം   ഒഴിവാക്കാന്‍ പറ്റുമായിരുന്നു ..അതുകൊണ്ടുകൂടിയാണ്‌  തീര്‍ച്ചയായും കാണേണ്ട ചിത്രമാണത് എന്ന്  അഭിപ്രായപ്പെട്ടിരുന്നത് …സിനിമ യൂടുബില്‍ അല്ലെങ്കില്‍ ഡിവിഡി  രൂപത്തില്‍ ലഭ്യമാണ് … ആ സിനിമ കാണാത്തവര്‍ കാണുക  റിവ്യൂവിനായി  ഇവിടെക്ലിക്ക്ചെയ്യുക    
നമ്മുടേത് നാനാജാതിമതസ്ഥരായ വിവിധതരം സംസ്കാരവും ചിന്തകളും ഉള്ള ഒരു ജനതയാണ് .. ക്രിസ്ത്യന്‍ പള്ളിയും അമ്പലവും മുസ്ലിം ആരാധനാലയവും ഒരു  ചുറ്റുമതില്‍ പങ്കിടുന്ന സംസ്കാരമാണ് നമ്മുടേത്  
…രാജ്യസുരക്ഷ്യയെ  മുന്‍നിര്‍ത്തി ആരുടെ സ്വകാര്യവിവരവും , സംഭാഷണവും പരിശോധിക്കാന്‍ ഉള്ള സംവിധാനത്തെ  നമ്മുടെ സ്വാതന്ത്ര്യത്തിനു മേലെയുള്ള കടന്നുകയറ്റമായല്ല കാണേണ്ടത് .. ഇതിനു മുന്‍പും സംശയം തോന്നുന്നവ പരിശോധിക്കപ്പെട്ടിട്ടുണ്ട് , ഇനിയും അവ തുടരണം .. സത്യം മനസിലാക്കാനുള്ള /കാണാനുള്ള പക്വതയും  വിവരവും ബുദ്ധിയും നമുക്കെല്ലാവര്‍ക്കും  ഉണ്ടല്ലോ എന്ന തിരിച്ചറിവോടെ തല്ക്കാലം വിട  .. .

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

നമ്മുടെ ഇന്ത്യയിലോ ?

“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “

കേട്ടാല്‍ത്തന്നെ ഒരറപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചുപോകുന്ന രണ്ട് മരണങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഓര്‍ക്കുമ്പോള്‍ ഒന്ന് മാത്രം അടിവരയിട്ടു പറഞ്ഞുപോകുന്നു 

 

“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “

 അത്കൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചുപോയാല്‍” “”        “എവിടെ ഇന്ത്യയിലോ ? ” ..   മൌനം പാലിക്കാം   ഒരു പക്ഷെ ഈ സംഭവങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ 

നൂറുകോടിയിലേറെ  ജനങ്ങളുള്ള  ഒരു രാജ്യത്ത്‌ ഒരു പേരില്‍ ജനിച്ചുവീണതുകൊണ്ട് മാത്രം കൊല്ലപ്പെടാവുന്ന അവസ്ഥ , കേവലം മാനസികആരാധനയില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ട  ദൈവത്തെ പ്രീതിപ്പെടുത്താന്‍ പിഞ്ചുപെണ്‍കുഞ്ഞിന്‍റെ  കരള്‍ പറിച്ചെടുത്ത് അതുകൊണ്ടര്‍ച്ചന   , അതെ ഇതൊക്കെ ഇവിടെ മാത്രമേ നടക്കൂ …

 

ഇതു നീരജ് , ഉത്തര്‍പ്രദേശിലെ രാംകുമാര്‍ എന്നൊരു ഗ്രാമീണന്‍റെ മകന്‍ …കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് ഒരു പേരിന്‍റെ പേരില്‍മാത്രം കൊല്ലപ്പെട്ട പതിനാലുകാരന്‍ …ഒരു പേരിലെന്തിരിക്കുന്നു  എന്ന് ചോദിക്കാന്‍ വരട്ടെ 

നീരജും , ധീരജും രാംകുമാര്‍ എന്നൊരു താഴ്ന്ന ജാതിയില്‍പ്പെട്ടയാളുടെ മക്കളായിരുന്നു , അതെ പേരില്‍ അവിടുത്തെ മുന്തിയ ജാതിയില്‍പ്പെട്ട  ചൌധരികുടുംബത്തില്‍പ്പെട്ട  ജവഹര്‍ ചൌധരിക്കും രണ്ടുമക്കള്‍ ഉണ്ടെന്നതാണ് പ്രശ്നങ്ങള്‍ക്കാധാരം എന്നതാണ് പോലീസ്‌ഭാഷ്യം ..ഒരേ പേരായാതിന്‍റെ പേരില്‍ രാംകുമാറിന്‍റെ മക്കളുടെ പേര് ഉടനെ മാറ്റാന്‍  ജവഹര്‍ ചൌധരി നിര്‍ബന്ധം  പിടിച്ചിരുന്നുവത്രേ ..ഒരുപക്ഷെ തൊട്ടുകൂടാന്‍ പറ്റാത്ത താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ പേര്‍ തന്‍റെ മക്കള്‍ക്കുംകൂടി പകുത്തുപോകുന്നത് അഭിമാനക്ഷതമായി തോന്നിയേക്കാം ..എന്തായാലും ടിവി കാണാന്‍  പോയിരുന്ന നീരജിന്‍റെ വികാരമില്ലാത്ത ജടത്തിനു  സാക്ഷിയാവേണ്ടിവന്ന അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതു ന്യായാന്യായങ്ങളെ ചൂണ്ടിക്കാട്ടിയാലും കൊടുംക്രൂരമായിപ്പോയി   🙁

 

ലളിതയെന്ന ചത്തിസ്ഗര്‍ പെണ്‍കുട്ടി ടിവി കാണാന്‍ പോയിരുന്നത്മുതല്‍ കാണാനില്ലാതാവുകായായിരുന്നു ..ഒടുക്കം ചലനമറ്റ അവളുടെ ജഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വോഷണം ചെന്ന് നിന്നത് രണ്ടു യുവാക്കളില്‍ … കാര്‍ഷികാഭിവൃദ്ധിക്ക്  പെണ്‍കുഞ്ഞിന്‍റെ  കരള്‍ പറിച്ചു ദേവിക്ക് അര്‍പ്പിച്ചു എന്ന മറുപടിയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത് …  

അറിവില്ലായ്മ ചിലപ്പോഴെങ്കിലും  ഒരു ക്രിമിനല്‍കുറ്റമായി മാറുന്ന കാഴ്ചയാണ് ഇവിടെ അരങ്ങുവാണത് .. നിര്‍ബന്ധിതവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു പറ്റം സംഭവങ്ങളാണിത്  എന്ന് പറയാമെങ്കിലും , തൊട്ടുകൂടായ്മയും ജാതിതീണ്ടലും ചട്ടമ്പിസംസ്ക്കാരവും ഇപ്പോഴും നിലനില്‍ക്കുന്ന വടക്കന്‍സംസ്ഥാനങ്ങളെയോര്‍ക്കുമ്പോള്‍  , “കേരളമൊരു ഭ്രാന്താലയം ” എന്ന് പണ്ട് വിളിച്ചതു  ആര്‍ക്കാണ് ശരിക്കും യോജിക്കുക എന്നൊകൂടെ ഈയവസരത്തില്‍ ഓര്‍ത്തുകൊണ്ട് തല്‍ക്കാലം  വിട  ….  ഹാ എന്‍റെ കേരളമെത്ര സുന്ദരം !!!!!! 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged , , | Comments Off on നമ്മുടെ ഇന്ത്യയിലോ ?

ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ :(

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഒരു സംശയം മനസിനെ  കാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു …ആരോട് ചോദിക്കും ? എന്ത് ചോദിക്കും  എങ്ങനെ ചോദിക്കും എന്നിങ്ങനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികനാണം വിട്ടുമാറാത്തതുകൊണ്ട് ആകാംഷ അതിരുകവിഞ്ഞൊഴുകികൊണ്ടിരുന്നു   ….

“സ്റ്റോപ്‌ വയലന്‍സ്” എന്ന സിനിമവീണ്ടും കണ്ടപ്പോള്‍ മുതല്‍ സംശയം വീണ്ടും തലപൊക്കി  അതില്‍  പ്രിഥ്വിരാജ് നായികയെ ഒരു വനത്തില്‍ വെച്ച് തൊടുന്നതും ബോധരഹിതയാകുന്നതും കണ്ടു , നായിക കന്യാസ്ത്രീയാണ് ..ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം  നായിക ഗര്‍ഭിണിയാകുന്നതാണ് കണ്ടത്   …

സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരമൊരു രംഗം കണ്ടപ്പോള്‍ തുടങ്ങിയ ഉല്‍ക്കണ്ഠയാണ് …നായികക്ക് ബോധം പോയ ശേഷവും എങ്ങനെയാണ് ഗര്‍ഭിണിയായത് എന്നായിരുന്നു അറിയേണ്ടത് .. ഗര്‍ഭിണിയാകാന്‍ അപ്പോള്‍ ബോധം വേണ്ടേ ? ഇത്രയും എളുപ്പമാണോ ഈ ഗര്‍ഭം , എങ്കില്‍ പാറശാലയിലും അമ്പലങ്ങളിലും ഉരുളി  കമിഴ്ന്നത്തുന്നതും  പ്രദക്ഷിണം വെക്കുന്നതുമൊക്കെ വെറുതെയോ ?   അത്തരമൊരു  ആകാംക്ഷയാണ് ഈ പോസ്റ്റിലേക്കുള്ള വഴി തെളിച്ചത്   🙂 എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്ന് ചോദിച്ചാല്‍   iamlikethis 🙂

കുഞ്ഞുണ്ടാകുന്നതെങ്ങനെയെന്ന ചോദ്യം മുന്‍പും തോന്നിയിട്ടുണ്ട് , അന്നെനിക്ക് കിട്ടിയ മറുപടി ” കല്യാണം കഴിഞ്ഞാല്‍  കുഞ്ഞുണ്ടാകുമെന്നതായിരുന്നു ”  

അതെങ്ങനെ ? എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ,  നിനക്കെന്തോക്കെ അറിയണം എന്ന  മറുചോദ്യത്തിന്  ഒന്‍പതുവയസുകാരന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല  .

സ്വയം ഉത്തരം കണ്ടെത്തി എന്ന് ഞാന്‍  അഹങ്കരിച്ച   നാളുകളായിരുന്നു  പിന്നീട് … രാമായണം സീരിയലില്‍   ദശരഥരാജാവിന്  കുട്ടികള്‍ ഉണ്ടാത്തത്തില്‍ ദുഖിതനായ അദേഹം ഗുരുവിന്‍റെ ഉപദേശപ്രകാരം യാഗം നടത്തുന്നു ..യാഗാചാര്യന്‍  ഹോമത്തിന്‍റെ ഒടുക്കം ചെമ്പ് പിഞ്ഞാണത്തില്‍ എന്തോ  കൊടുക്കുന്നതും ഉടന്‍  കുട്ടികള്‍ ഉണ്ടാകുന്നതും കണ്ടിട്ടുണ്ട്  ..  ഞാന്‍ കണ്ട എല്ലാ കല്യാണത്തിനും ഊണിനു ശേഷം  വധുവിനും വരനും ഗ്ലാസില്‍ എന്തോ കൊടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു …

കുറച്ചെനിക്കും കിട്ടിയെങ്കില്‍ എന്ന് കൊതിച്ചപ്പോള്‍ ,

“അത് കല്യാണം കഴിഞ്ഞവര്‍ക്ക്  കഴിക്കാനുള്ളതാ , മോന്‍റെ കല്യാണം ആകുമ്പോള്‍ കഴിക്കാട്ടോ ” എന്ന മറുപടി കേട്ട്  സ്വാഭാവികമായും  നാണത്തില്‍ കുതിര്‍ന്ന ചിരിയോടെ അവസാനിപ്പിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചിരുന്നു   , ” അപ്പോള്‍ അതാണ്‌ കാര്യം ഇത്രേയുള്ളൂവല്ലേ 🙂  ” 

“അവിവാഹിതയായ യുവതി കുഞ്ഞിനോടൊപ്പം കിണറ്റില്‍ ചാടി ” എന്ന വാര്‍ത്ത ഒരു സുപ്രഭാതത്തില്‍ കേട്ടപ്പോള്‍ എന്‍റെ കണ്ടെത്തല്‍ തെറ്റാണെന്ന് ബോധ്യമായി …വര്‍ഷങ്ങള്‍ക്കു ശേഷം അതെ ചോദ്യമുന്നയിച്ചപ്പോള്‍  സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇന്നുമോര്‍ക്കുന്നു 

“‘ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ ഡാ .. ‘ “

എന്നോട് ആരൊക്കെയോ ഞാന്‍ ഉന്നയിച്ച സംശയം ചോദിച്ചപ്പോള്‍ ഞാനും മറുപടി നല്‍കി 

“നിനക്കറിയില്ല? അയ്യേ    ‘ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ ഡാ .. ‘ ”   😉

പക്ഷെ സ്റ്റോപ്‌ വയലന്‍സ്‌ എന്ന സിനിമ  വീണ്ടും  ഉല്‍ക്കണ്ഠപ്പെടുത്തി   🙂 

ഞാന്‍ ഇതെഴുതുന്നതിനു കുറച്ചുനിമിഷം മുന്‍പ്  സുഹൃത്തിനോട് ചോദിച്ചു 

“if some girl is raped during unconscious state,  do she will get pregnant ? “

അത് സമയമനുസരിച്ചിരിക്കുമത്രേ    ..സാധാരണ ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടാണെന്നും , സിനിമയില്‍ പെട്ടെന്നുള്ള  ഗര്‍ഭത്തെക്കുറിച്ച് അറിയില്ല  എന്നുമുള്ള   മറുപടിയാണ് അവള്‍ തന്നത്   🙁   

വര്‍ഷങ്ങളായി  പ്രണയിച്ചു കെട്ടാന്‍ നടക്കുന്ന അവള്‍ക്കും അതറിയില്ലേ  എന്ന് ഞാന്‍ ഓര്‍ത്തു  … ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍  ഉണ്ടെന്നു പറയപ്പെടുന്ന  ആ വിവരങ്ങള്‍ ടീച്ചര്‍  മിക്കവാറും സ്ക്കിപ്‌ ചെയ്തു കാണണം … എന്തായാലും     കൌതുകത്തിന് മുന്നില്‍ തുറക്കപ്പെട്ട വിവരങ്ങള്‍  നിങ്ങള്‍ക്ക് മുന്നില്‍ ഷെയര്‍ ചെയ്യുന്നു  ഒരുപാട് പേര്‍ക്ക് ഇതിലെ വിവരങ്ങള്‍  പുതിയ അറിവായിരിക്കും അല്ലെങ്കില്‍ ഉള്ള അറിവ് കുറച്ചുകൂടി കൂടും എന്ന  നല്ല ഉദ്ധെശത്തോടെ  🙂 

കോടിക്കണക്കിനുവരുന്ന പുരുഷ ബീജങ്ങളില്‍ ഏറ്റവും സ്മാര്‍ട്ടായ ഒരു പുരുഷബീജം മറ്റെല്ലാ ബീജങ്ങളെയും പിന്നിലാക്കി കുതിച്ചെത്തി അണ്ഡവുമായി സംയോജിക്കുന്നു. ഈ നിമിഷത്തിലാണ് ഗര്‍ഭധാരണം നടക്കുന്നത്.സ്ത്രീകളുടെ രണ്ട് ഓവറികളില്‍ ഒന്നില്‍നിന്ന് ഓരോ മാസവും ഓരോ അണ്ഡംവീതം പുറത്തുവിടുന്നു. ഇതിനെയാണ് ഓവുലേഷന്‍ അല്ലങ്കില്‍ അണ്ഡവിസര്‍ജനം എന്നുപറയാറുള്ളത്. അവസാനത്തെ മാസമുറയുടെ ആദ്യദിനം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടാലാണിത് സംഭവിക്കുന്നത്.അണ്ഡാശയത്തില്‍നിന്ന് അണ്ഡം വിസര്‍ജിച്ചാല്‍ ഫല്ലോപിയന്‍ ട്യൂബിലൂടെ ഒഴുകിനീങി ഒരുസ്ഥലത്ത് നിലയുറപ്പിച്ച് പുരുഷ ബീജത്തെ കാത്തിരിക്കുന്നു. സാധാരണരീതിയില്‍ 40 ലക്ഷം മുതല്‍ ഒന്നരക്കോടി പുരുഷബീജങ്ങളാണ് ഓരോ ലൈംഗികബന്ധത്തിലൂടെയും പുറത്തുവരുന്നത്. അണ്ഡവുമായി സംയോജിക്കുന്നതിനുള്ള മത്സരത്തിലാണ് ഓരോ ബീജവും. ഏറ്റവും സ്മാര്‍ട്ടായ ബീജമാണ് അതില്‍ വിജയംവരിക്കുന്നത്. ലൈംഗികബന്ധം നടന്ന് അരമണിക്കൂറിനുള്ളില്‍ ആദ്യബീജം അണ്ഡവുമായി സംയോജിച്ചിരിക്കും. മാരത്തോണ്‍ മത്സരംപോലെ ഓടിക്കിതച്ചെത്തുന്ന മറ്റുള്ള ബീജങ്ങള്‍ ലക്ഷ്യംകാണാതെ പിന്തള്ളപ്പെടുന്നു. അണ്ഡത്തിനടുത്തെത്താന്‍ രണ്ടുദിവസംവരെ സമയമെടുക്കുന്ന ബീജങ്ങളുമുണ്ട്. 48 മുതല്‍ 72 മണിക്കൂര്‍വരെയാണ് ബീജങ്ങള്‍ ജീവിച്ചിരിക്കുന്നത്. ഈ സമയത്തെപ്പോഴെങ്കിലും അണ്ഡവിസര്‍ജനം നടന്നാലും ഗര്‍ഭധാരണം നടക്കുമെന്ന് ചുരുക്കം.
അണ്ഡത്തെ ബീജം സ്പര്‍ശിച്ചയുടനെ അതിന് ജീവന്‍വെയ്ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ഭ്രൂണമായിക്കഴിഞ്ഞിരിക്കും. കുഞ്ഞിന്റെ ജീവന്‍ തുടിച്ചുതുടങ്ങിയെന്നര്‍ഥം. മറ്റ് ബീജങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ഉടനെതന്നെ ഭ്രൂണത്തിനുപുറംഭാഗത്ത് ഒരാവരണം വന്നിട്ടുണ്ടാകും. ഈ സമയത്തിനകംതന്നെ കുഞ്ഞിന്റെ ജനതിക പ്രത്യേകതകളെല്ലാംതന്നെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ എന്നതുവരെ.
ഭ്രൂണത്തിനികത്ത് കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. അതിവേഗത്തിലാണിത് സംഭവിക്കുന്നത്. തുടര്‍ന്ന് മൂന്നുമുതല്‍ നാല് വരെ ദിവസങ്ങള്‍ക്കുള്ളില്‍ ഭ്രൂണം ട്യൂബില്‍നിന്ന് ഗര്‍ഭപാത്രത്തിലേയ്ക്ക് പ്രവേശിക്കുന്നു. ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാതെയുമിരിക്കാം. ഈ അവസ്ഥയെ ട്യൂബല്‍ പ്രഗ്നന്‍സിഅല്ലങ്കില്‍ എക്ടോപിക് പ്രഗ്നന്‍സി എന്നാണ് പറയുന്നത്. യഥാസമയം ഈ അവസ്ഥ കണ്ടെത്താനായില്ലെങ്കില്‍ അമ്മയുടെ ജീവനുതന്നെ അത് ഭീഷണിയായേക്കാം. ഗര്‍ഭപാത്രത്തിലെത്തുന്ന ഭ്രൂണം എന്‍ട്രോമെട്രിയ(ഗര്‍ഭാശയഭിത്തി)ത്തില്‍പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങുന്നു. കോശങ്ങള്‍ വീണ്ടുംവീണ്ടും വിഭജിച്ച് ഭ്രൂണം വലുതാകുന്നു.  അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും.

 

” അപ്പോള്‍ അതാണ്‌ കാര്യം ,  ഗര്‍ഭിണിയാവാന്‍ ബോധം വേണമെന്നില്ല  അത്രേയുള്ളൂ  🙂  ”   

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

സുഖമാണോ …

സുഖമാണോ …

ഓ ,  എന്തോന്ന് സുഖം.. ..

അങ്ങനെയങ്ങ് പോണൂ ….

ചത്തും ചാവാതെയും  വെറുതേ അങ്ങനെയങ്ങോട്ട്‌ ……

 

ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും  ചിന്തിക്കാത്തവര്‍  അപൂര്‍വ്വമായിരിക്കാം..

ഒന്നോര്‍ക്കുക  …നിങ്ങള്‍ക്ക്  നിറമുള്ള കാഴ്ചകള്‍ കണ്ടു നിറമില്ലാത്തതിനെ ഓര്‍ത്തു ദുഖിക്കാം …കേട്ട സ്വരങ്ങള്‍ കേട്ട് വരാനിരിക്കുന്നത്  കൂടുതല്‍ നന്നായിരിക്കും എന്ന് സ്വപ്നം കാണാം … 

പൊരി വെയിലത്ത്‌ തണുത്തുറഞ്ഞ  ഐസ്ക്രീമിനായി  ഓടാം … ചാറ്റല്‍ മഴയത്ത് ചൂടുള്ള ബ്ലാങ്കറ്റുകള്‍ തേടിപ്പോകാം ..  തണുത്ത  മഴയെ നോക്കി ഇത്തിരി ചൂടിനായ്‌ കിനാവ്‌ കാണാം ….പൊരി വെയിലെത്ത് ഓടിയോടി ഇത്തിരി മഴക്കായ്‌ രാപ്പാര്‍ക്കാം  ….

 

ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ , ഇതോന്നും  കാണാന്‍ കഴിയാത്തവരെക്കുറിച്ചു …ഒന്നും കേള്‍ക്കാന്‍ കഴിയാത്തവരെക്കുറിച്ചു ? ഒരുപാടൊക്കെ ഉണ്ടെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയാത്തവരെക്കുറിച്ച്  ? ഇതൊക്കെയുണ്ടെങ്കിലും , ഒരു കാലോ കയ്യോ ഇല്ലാതെ ഇന്നും സ്വസ്ഥമായും സന്തോഷമായും ജീവിക്കുന്നവരെക്കുറിച്ച് …

അവരില്‍ ചിലര്‍ ഒന്ന് ഓടാന്‍ കൊതിക്കുന്നവരാണ് …ചിലര്‍ക്ക് ഒന്ന് നടന്നാല്‍  മാത്രം മതി …ചിലരാകട്ടെ  ഇതെല്ലാം എന്താണെന്ന് ഒന്ന് കാണാന്‍ കൊതിക്കുന്നവരും … അവരില്‍ ഭൂരിഭാഗവും  കിട്ടിയ  ജീവിതത്തില്‍ സന്തുഷ്ടരായി എങ്ങനെ ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് …ജീവിക്കുന്നവരാണ് 

എന്തുണ്ട് എന്നതിലല്ല , എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് ,എന്തിന്  ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം 

ഈ ചിത്രത്തിലൂടെ പോകുമ്പോള്‍ ..

“ശ്ശോ പാവം ”

എന്ന  വികാരമല്ല വരേണ്ടത്

 

…മറിച്ചു  അയാളുടെ ജീവിക്കാനുള്ള ആഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുക … ഇങ്ങനെയും ചിലരുണ്ട് …ഈ ലോകം അവരുടെ കൂടിയാണ് …

 

 

 

സഹതാപം എന്നത് മിക്കപ്പോഴും ഒരുതരം മനസിന്‍റെ  ഒളിച്ചോടല്‍ ആണ് …നമ്മുക്കത്  വന്നില്ലല്ലോ എന്നുള്ള ഒരുതരം വികാരത്തിലേക്ക് മനസ് എളുപ്പം ഓടിയടുക്കാറുണ്ട് ..

 

പുതുവര്‍ഷം എത്താറായി ..

നടക്കില്ലെന്നറിഞ്ഞിട്ടും  കുറെയേറെ  പുതിയ പ്ലാനുകള്‍ ഉണ്ടാകാം ..പുതുവര്‍ഷം തുടങ്ങാനായി കാത്തിരിക്കുകയായിരിക്കും പുതിയ ചില തീരുമാനങ്ങള്‍ക്കായി ….അങ്ങനെ  കുറെയേറെ പ്രതീക്ഷകള്‍ക്കൊപ്പം , പ്രതീക്ഷകള്‍ മാത്രം കൈമുതലായുള്ള  ഒട്ടോരുപാടുപേരെ ഒന്നോര്‍ക്കുക 

പകുതി നിറഞ്ഞിരിക്കുന്നു എന്ന് പറയുന്നതാണ്  പകുതിയേ ഉള്ളൂ എന്ന് പറയുന്നതിനേക്കാള്‍ മനോഹരം … 🙂   ..കിട്ടിയതില്‍ കുറച്ചു  സന്തോഷിക്കുക .കിട്ടാത്തതില്‍ ഒരുപാട് ദുഖിക്കേണ്ട 🙂   ഉള്ളതില്‍ സന്തോഷം കണ്ടെത്താനുള്ള മനസ്സുണ്ടാക്കിയെടുക്കുക ….

ഇതു വായിക്കുന്ന ഓരോരുത്തരോടും  ഇത്രയും ഓര്‍മ്മപ്പെടുത്തലോടെ നന്മ നിറഞ്ഞ , നേരുള്ള  നല്ലൊരു ശുഭവര്‍ഷം  നേരുന്നു …

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on സുഖമാണോ …

ഹായ്‌ ഹര്‍ത്താല്‍ :)

ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

ഹര്‍ത്താലെന്നു കേട്ടാലോ ഓര്‍ക്കണം കേരളമെന്നചിന്ത നിനവുകളില്‍

 

അങ്ങനെ ഇന്നു ഒരു ഹര്‍ത്താല്‍ദിനത്തിനുകൂടെ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നു .. ഇറാഖില്‍ സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  ഒരു ഹര്‍ത്താല്‍ കൊണ്ട് അഭിവാദ്യം അര്‍പ്പിച്ച മലയാളികള്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ ഒരു പ്രത്യേക കാരണം വേണമെന്നില്ലിരിക്കെ ഇന്നത്തെ ഹര്‍ത്താലിന്‍റെ കാരണം രസാവഹമാണ് …

“നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി ഹര്‍ത്താലിന്  ആഹ്വാനം ചെയ്തിരിക്കുന്നത് ”  🙁

ചപ്പുചവര്‍  നീക്കാത്തതിനും ഹര്‍ത്താലോ എന്നോര്‍ത്ത്  മൂക്കില്‍ കൈവെക്കണ്ട , നമുക്ക് നെഞ്ച്വിരിച്ചു പറയാം ..”അതിനെന്താ ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്   iamlikethis.com  🙁

പണ്ടൊക്കെ കേരളത്തില്‍ എത്തുന്ന വിദേശിയുടെ നിഘണ്ടുവില്‍ കള്ളും ,കപ്പയും താറാവുമൊക്കെയെ  ഉണ്ടായിരുന്നള്ളൂ , നമുക്കഭിമാനിക്കാം കേരളം എന്ന് പറയുന്ന വിദേശി ഹര്‍ത്താല്‍ എന്നുകൂടെ കൂട്ടിപ്പറയും ..മലയാളം അറിയാമെങ്കില്‍ അവര്‍ പാടിയേനെ

ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

ഹര്‍ത്താലെന്നു കേട്ടാലോ ഓര്‍ക്കണം കേരളമെന്നചിന്ത നിനവുകളില്‍

 

പക്ഷെ ഒന്ന് പറയാമല്ലോ, ഇന്നത്തെ ഹര്‍ത്താല്‍ദിനം ലോകമാകമാനം മലയാളിയുടെ വാര്‍ത്തകളില്‍ നിറയും …ഇന്നലെ ക്രിസ്ത്മസ് ആഘോഷിക്കാനായി പൊട്ടിച്ച കുപ്പിയുടെയും , പൊരിച്ച ഇറച്ചിയുടെയും അവശിഷ്ടം അടുക്കളകളില്‍ അന്തിയുറങ്ങും …

“ഒരറിയിപ്പുണ്ടാകുന്ന വരെ എല്ലാ മാലിന്യങ്ങളും സ്വന്തം ഫ്ലാറ്റിലോ  വീട്ടിലോ സൂക്ഷിച്ചാമതിയെന്നാണ് നഗരസഭാധികൃതര്‍ പറഞ്ഞിരിക്കുന്നത്രേ”

അപ്പോള്‍ ഒന്നുറപ്പാണ് , ഒന്നുകില്‍ നാറ്റമടിച്ചു അല്ലെങ്കില്‍ അടഞ്ഞു കിടക്കുന്ന കടകളുടെ നിശബ്ദത അങ്ങനെ ഏതു വിധേനയും ഹര്‍ത്താല്‍ ദിന വാര്‍ത്ത നാട് കടക്കും  🙂   നമുക്കഭിമാനിക്കാം

 

ഒരു നിമിഷം  വീടിന്‍റെ നിനവുകളില്‍ ഓര്‍മ്മയുടക്കി ….” ബിഗ്‌ഷോപ്പര്‍  എന്ന് വിളിക്കുന്ന വലിയ സഞ്ചിയും  പെരുങ്കായസഞ്ചിയുമായി   കടയിലെക്കിറങ്ങുന്ന അച്ഛനെ കാണുമ്പോള്‍ എന്നും പറയാന്‍ തോന്നിയിട്ടുണ്ട് ..എന്തിനാണ് സഞ്ചിയും പിടിച്ചു പോകുന്നത് അവിടെ ചെന്നാല്‍ കടയിലെ ആള്‍ക്കാര്‍ അതെല്ലാം വേറൊന്നില്‍ ഇട്ടു തരില്ലേ …പറയാതെ തന്നെ ഓര്‍ത്തെടുക്കുന്നു  ” പണ്ടുള്ളവര്‍ ചെയ്തിരുന്നത് ഒന്നും വെറുതേ ആയിരുന്നില്ല ..എന്തെങ്കിലും കണ്ടിട്ടായിരിക്കും, ഭവിഷ്യത്തിനെക്കുറിച്ചു  ഓര്‍ത്തായിരിക്കും ഓരോന്ന് ശീലിച്ചു വരുന്നത് ..

ഇലയില്‍ പൊതിഞ്ഞുകൊടുക്കുന്ന ഇറച്ചിയും , കായ സഞ്ചി കൊണ്ടുവരാന്‍ നിര്‍ഭന്ധിക്കുന്ന പലചരക്ക് കടക്കാരനും ,ഇലയില്‍ ഊണ് വിളമ്പിയിരുന്ന ഓര്‍മ്മകളും  അങ്ങനെ ഒരുപാടൊക്കെ നമ്മള്‍ നമ്മുടെതന്നെ  സൌകര്യത്തിനുവേണ്ടി  മറക്കാന്‍ തുടങ്ങിയതിന്‍റെ  ഓര്‍മ്മപെടുത്തലാണ് ഇവിടെ  പുകഞ്ഞുകൊണ്ടിരിക്കുന്ന മിക്കവാറും പ്രശ്നങ്ങള്‍ക്കും കാരണം

 

…അടഞ്ഞു കിടക്കുന്ന ഹോട്ടെലിന് മുന്നിലൂടെ , അകത്തെന്തെങ്കിലും ഉണ്ടോ എന്ന ചിന്തയുമായി നീങ്ങുന്ന  “കുട്ടിയെ ഒക്കത്തിരുത്തിയ ”  ഒരമ്മയുടെ കണ്ണിലൂടെ ………

കല്യാണ ദിദിവസത്തെക്കുറിച്ചു സ്വപ്നം കാണാതെ , മോളുടെ കല്യാണം ഹര്‍ത്താലില്‍ എന്താകുമോ എന്ന ചിന്തയില്‍     “വിവാഹം ” എന്ന ബോര്‍ഡ്‌ വെച്ച് വണ്ടിയില്‍ നീങ്ങുന്ന ഒരച്ചന്‍റെ ഉല്‍ക്കണ്ഠയിലൂടെ   …

ഒന്ന് ചിന്തിച്ചുപോകുന്നു

സ്വയം പഠിച്ചവര്‍ , സാക്ഷരത ഉള്ളവര്‍ എന്നഭിമാനിക്കുന്ന ഓരോ മലയാളിയും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് ..എന്തിന്‍റെ  പേരിലാണെങ്കിലും ഇതൊക്കെ  നിര്‍ത്താരായില്ലേ ?  യുക്തിബോധം ഇല്ലാതെ നടത്തപ്പെടുന്ന ഓരോ ഹര്‍ത്താലും നമുക്കെന്ത് നേടിത്തന്നു ?  എല്ലാം നല്ലതിനാണ് പക്ഷെ ഹര്‍ത്താല്‍ എന്നത് ഒരവസാന സമരമാര്‍ഗം ആയി രാഷ്ട്രീയക്കാര്‍  മാറ്റിചിന്തിച്ചില്ലെങ്കില്‍ , സാക്ഷരജനത നിങ്ങള്‍ക്കൊരിക്കലും മാപ്പ് തരില്ല …നിങ്ങളെ പ്രാകാതെ ഒരു ഹര്‍ത്താലും കടന്നുപോകുന്നില്ല എന്നോര്‍ത്താല്‍ നന്നെന്ന ഓര്‍മ്മപ്പെടുത്തലോടെ  തല്‍ക്കാലം വിട

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on ഹായ്‌ ഹര്‍ത്താല്‍ :)

ശരിയോ തെറ്റോ

എന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം  

ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട്

അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല  

ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല  …

ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം 

 

 

എന്താണ് ശരി എന്താണ് തെറ്റ്  ..സത്യമെന്ത് അസത്യമെന്തു  ???

ഒരു നൂല്‍പ്പാലത്തിന്‍റെ  വ്യത്യസ്തതയില്‍  ഇവ പലപ്പോഴും നമ്മെ വേട്ടയാടാറുണ്ട്  .ഒരുപാട് പേര്‍ ചിന്തിച്ചു അനുകൂലിക്കുന്നത് ശരിയും കുറച്ചുപേര്‍ പ്രതികൂലിക്കുന്നത് തെറ്റുമാണോ  …കാണുന്നത് മാത്രം സത്യവും കേള്‍ക്കുന്നതൊക്കെയും അസത്യവുമാണോ 

സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നുവെന്ന്  ഒരുപാടുപേര്‍ പറഞ്ഞിട്ടും വിശ്വസിച്ചുപോന്നിട്ടും …,  സൂര്യന്‍ കിഴക്കോ പടിഞ്ഞാറോ ചലിക്കാറില്ലെന്നും , ഉദയാസ്തമയനങ്ങള്‍ ബോധമണ്ഡലത്തിലെ വെറും തോന്നലുകള്‍  മാത്രമെന്നും  കറങ്ങുന്നത് ഭൂമിയാണെന്ന് തെളിഞ്ഞിട്ടും വീണ്ടും പറയപ്പെടുന്നു സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നുവെന്ന്  ….

 

കാണുന്നത് മുഴുവന്‍ ശരിയെങ്കില്‍ , ശരി മുഴുവന്‍ നമ്മെ കണ്ണുകള്‍ കാണിക്കുന്നില്ല 

കേട്ടറിവ്  തെറ്റെന്ന്   അവിശ്വസിക്കപ്പെടുംമ്പോള്‍ വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു  ശരിയും തെറ്റുമെന്താണ് 

ശരിക്കും തെറ്റിനും മീതെ , സത്യത്തിനും അസത്യത്തിനും ഇടക്ക് എന്തോയുണ്ടെന്നു ഇടക്ക് തോന്നാറുണ്ട്  …തോന്നലുകള്‍ ശരിയാകണമെന്നില്ല എന്നാരെങ്കിലും ചിന്തിച്ചുതുടങ്ങിയെങ്കില്‍  സത്യത്തില്‍ ,ശരിയും തെറ്റും എന്താണെന്ന് വീണ്ടും ഓര്‍ത്തുപോകുന്നു  ….

“എന്നെ ഇഷ്ടമായോ ”  നുണക്കുഴിയുടെ ആഴം ആ ചോദ്യത്തില്‍ ഇല്ലാതായപ്പോള്‍ എന്തുപറയണമെന്നറിയാതെ  തലകുലുക്കി …അപ്പോള്‍ വീണ്ടും ചോദ്യശരമുയര്‍ന്നു 

എന്നെ വെറുപ്പാണോ ..

അല്ല  …

അല്ലെ ?  വെറുപ്പില്ലെങ്കില്‍  എന്നെ  ഇഷ്ടമാണല്ലേ 

എനിക്കറിയില്ല  എന്ന് പറയണമെന്നു തോന്നി ..അതിനിടക്ക് വീണ്ടും ചോദ്യമുയര്‍ന്നു 

സത്യം പറഞ്ഞാല്‍ മതി …. അസത്യം എനിക്ക് വെറുപ്പാണ് …

അവളെ സന്തോഷിപ്പിക്കുന്നത് സത്യവും , പ്രതീക്ഷ വക നല്‍കുന്നത് ശരിയും …വെറുപ്പുളവാക്കുന്നത് അസത്യവും  ആണോ എന്നൊരു നിമിഷം ചിന്തിച്ചുപോയി  ….ശരിയല്ലാത്തതൊക്കെ തെറ്റും ,സത്യമല്ലാത്തതൊക്കെ അസത്യവുമാണോ  …

ആരോ പറഞ്ഞിരിക്കും ഇതാണ് സത്യമെന്നു …പുറകെ വന്നവര്‍ അതേറ്റുവാങ്ങിയിരിക്കാം …അല്ലെങ്കില്‍ നമ്മുടെ വിശ്വാസമായിരിക്കാം ശരിതെറ്റുകളെ നിയന്ത്രിക്കുന്നത്‌  … അങ്ങനെയെങ്കില്‍  എല്ലാം വിശ്വാസമാണെങ്കില്‍ , ശരിയെ തെറ്റായും തെറ്റിനെ ശരിയായും വിശ്വസിച്ചുപോന്നാല്‍   സത്യവും അസത്യവും എവിടെ  

 

വായിച്ചുവന്നവരുടെ മനസിലേക്ക് ഒരു ചോദ്യം ,ഈ  ചിന്ത  ശരിയോ തെറ്റോ  തീരുമാനത്തിന്‍റെ  ഇടവേളയില്‍ വീണ്ടും ഓര്‍ത്തുപോകുന്നു …

 

“എന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം  

ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട്

അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല  

ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല  …

ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം “

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ശരിയോ തെറ്റോ