ആര്യന്‍റെ അമ്മ

” ഈ ദുര്‍ഗുണപരിഹാര ശാലയെവിടിടെയാണ്” 

നൈറ്റ്‌ ഷിഫ്റ്റിന്‍റെ ആലസ്യത്തില്‍ ചെറുതായൊന്നു മയങ്ങിത്തുടങ്ങിയിരുന്ന  എന്‍റെ നിദ്രാവിഹീനമായ പ്രഭാതനിമിഷങ്ങള്‍ക്ക് തിരശീലയിട്ട് ആ ചോദ്യം  കാതുകളിലേക്ക് ഒഴുകിയെത്തി …. 

” മാഷേ   ഉറക്ക്വാണോ….നേരം വെളുത്തല്ലോ….ഈ ..”

മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പേ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി 

പ്രായം എത്രയായെന്നു ഒരു പിടിയും തരാത്ത ഉറക്കം വിട്ടുമാറാത്ത ഒരു കുഞ്ഞുമുഖം …. എന്തായാലും പതിനഞ്ചു വയസു ആയിരിക്കുമെന്നു തോന്നി

നമ്മുടെ തോന്നലുകള്‍ പലപ്പോഴും ശരിയാകണമെന്നില്ല്യ, അത്ഭുദപ്പെടുത്താനെന്നപോലെ  ചിലപ്പോഴെല്ലാം തെറ്റാറുമില്യ

അല്ല , ഈ ” ഈ ദുര്‍ഗുണപരിഹാര ശാലയെവിടിടെയാണ്” 

അത് സ്റ്റേഷനില്‍നിന്നും കുറച്ചകലെയാ ….വഴി പറഞ്ഞു തന്നാല്‍ ….

ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുംമുന്‍പേ  , അവന്‍ പറഞ്ഞു തുടങ്ങി 

ഇല്ല്യ, ഞാന്‍ ഈവഴി ആദ്യമാ …വഴി പറഞ്ഞു തന്നാലും …..

നന്നായി …അല്ലെങ്കിലും എനിക്ക് വഴി പറഞ്ഞു തരാന്‍ അറിയില്ല്യ ..സാരല്ല്യ സ്റ്റേഷനില്‍ നിന്നും ഒരു ഓട്ടോ എടുത്താമതി , അങ്ങോട്ട്‌ പോകുന്ന ബസ്‌ കുറവാണ് …

ഹ്മം 

പിന്നെ ഞങ്ങള്‍ സംസാരിച്ചില്ല്യ  ….

എന്‍റെ ഉറക്കവും പോയി …ബാക്കി വീട്ടില്‍ച്ചെന്നുറങ്ങാം  ..

എന്തെങ്കിലും നേരമ്പോക്കുകള്‍ക്കായി ട്രെയിനില്‍ കണ്ണോടിച്ചു …കാണുന്ന പെങ്കുട്ട്യോളെല്ലാം ലോകം അവസാനിക്കാന്‍ പോകുന്ന പ്രതീതിയില്‍  മൊബൈലില്‍ സംസാരിക്കുന്നതും  ,പയ്യന്മാരെല്ലാം എന്തൊക്കെയോ തേടുകയും വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതു കാണുമ്പൊള്‍ പല്ലപ്പോഴും ആലോചിക്കാറുണ്ട്‌  ഈ പെങ്കുട്ട്യോളെല്ലാം ആരോടാണ് ഇത്ര സംസാരിക്കുന്നതെന്ന് ….

വേറെ ഒന്നുമില്ല്യ …ഇനിയിപ്പോ സ്റ്റേഷന്‍ എത്തുന്നവരെ അവനോടുതന്നെ സംസാരിച്ചിരിക്കാം …  

ആരെയാ കാണാന്‍ പോകുന്നതവിടെ ? കൌതുകത്തോടെ ഞാന്‍ ചോദിച്ചു  …..

 …….മിണ്ടാട്ടമില്ല്യ …

കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും സ്വാഭാവികമായും ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല്യ …അത് കൊണ്ട് ഈഗോ മാറ്റി വെച്ച് ഒന്നുകൂടെ ചോദിച്ചു …

അല്ല ദുര്‍ഗുണപരിഹാര പാഠശാലയില്‍ ആരെക്കാണാനാ …

അഹങ്കാരി …ഞാന്‍ മനസ്സില്‍ ഓര്‍ത്തു …എന്തായാലും ഒന്നില്‍ തൊട്ടാല്‍ മൂന്നു ന്നു പറയാറില്ലേ , ഒന്നുകൂടെ ചോദിക്കാം …

ഇനി ഞാന്‍ ചോദിക്കില്ല്യാട്ടോ … ആരാ … എവിടുന്നാ ..ആരെക്കാണാനാ ….

ആര്യന്‍ … പട്ടാമ്പിയിലാ വീട് ….ആരേം കാണാനല്ല …

പിന്നെ ?  ദുര്‍ഗുണപരിഹാരശാല മ്യുസിയം അല്ലാലോ ..അവിടെ എന്ത് കാണാനാ …

ചോദിച്ചതിനു ഉത്തരം പറഞ്ഞൂടെ …ഇങ്ങനെ മിണ്ടാതിരുന്നാല്‍  എന്താ അര്‍ത്ഥം 

എന്‍റെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു, ” എന്‍റെ നിശബ്ധതക്ക് ഈ ചോദ്യങ്ങളെക്കാള്‍ ഒരുപാട്  പറയാനുണ്ട്  ”  

ഓ ഇവന്‍ മറ്റെ കേസാ , സാഹിത്യം… 🙁      

പണ്ടേ എനിക്ക്  ഇത്തരക്കാരെ പിടിക്കില്ല്യ …ചോദിച്ചാല്‍ മനുഷ്യനു മനസിലാകാത്ത എന്തൊക്കെയോ പറയും …വിവരമുള്ളവര്‍ എന്ന് എല്ലാരെക്കൊണ്ടും പറയിക്കാന്‍….ഏത് നേരത്താണാവോ ഇവിടെ  ഇരിക്കാന്‍ തോന്ന്യേ … 

ഞാന്‍ ഒന്നും മിണ്ടാതിരുന്നു ..അല്ലെങ്കിലും എന്ത് പറയാനാ ….

കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അവന്‍ പറഞ്ഞു തുടങ്ങി …

അവിടെ ചെല്ലണം …കീഴടങ്ങണം …. പോലീസിനെ എനിക്ക് പേടിയാണ് ..ഇതാവുമ്പോ അതൊന്നും വേണ്ടാല്ലോ ..

എല്ലാരും പറയുന്നത് ഞാന്‍ അമ്മയെ കൊന്നുവെന്നാ …എനിക്കറിയില്ല്യ …ഞാന്‍ ഒന്നും പറഞ്ഞില്ല്യ എന്നത് സത്യമാണ് …ശരിയാണ് പായസത്തില്‍ രസം കലക്കുനത് ഞാന്‍ കണ്ടിരുന്നു …പക്ഷെ അതാര്‍ക്കു വേണ്ടിയാണെന്ന് അറിയില്ലായിരുന്നു …

പായസത്തില്‍ …..

ഞാന്‍ ചോദിച്ചു തുടങ്ങുന്നതിന് മുന്‍പേ എന്നെ  നോക്കി …

എന്തിനാണ് ആകാംഷ ..നിങ്ങള്‍ക്കാര്‍ക്കും കുറച്ചു നേരം മിണ്ടാതിരിക്കാന്‍ …ഹ്മം വേണമെങ്കില്‍ ഞാന്‍ ദിവസങ്ങളോളം സംസാരിക്കാതെ ഇരിക്കാം  … 

… തെര്‍മ്മോമീറ്ററില്‍ നിന്നുള്ള രസം … കഴിച്ചാല്‍  ജീവിച്ചിരിക്കില്ല്യ എന്നറിയാം …..  കൃഷിചെയ്തു  കടം വന്നു മുങ്ങിത്താഴുന്നുകൊണ്ടിരിക്കുന്ന അച്ഛനും , അമ്മയ്ക്കും എന്നോടോന്നെ എപ്പോഴും പറയാനുണ്ടായിരുന്നുള്ളൂ

.തറവാട്ടു വീട്ടില്‍  താമസിക്കുന്നുതനിടയില്‍ ആര് കുറ്റപ്പെടുത്തുന്നതും  അതികം ശ്രദ്ധിക്കാതെ പിടിച്ചിരുന്നാല്‍  …എല്ലാം സഹിച്ചാല്‍ നിനക്ക് നന്നായി പഠിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടാകും  … നിനക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം സഹിക്കുന്നത്  നിന്‍റെ നല്ല നാളേക്കുവേണ്ടി…എല്ലാം സഹിക്കുക ..

മിക്കപ്പോഴും കുറെയേറെ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട് …..എല്ലാം ഒരു തരം കുറ്റപ്പെടുത്തലുകള്‍ …  എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത് …..പൈസ തരുന്നത് എല്ലാം തറവാട്ടു വീട്ടില്‍ നിന്നായിരുന്നു ….പക്ഷെ എപ്പോഴും കേട്ടിരുന്നത് അച്ഛനെയും അമ്മയെയും പറ്റിയുള്ള കുറെ കുറ്റപ്പെടുത്തലുകളും , അടക്കിയുള്ള അമ്മയുടെ കരച്ചിലും മാത്രം  ….അതിനിടയില്‍ ഒരു നിമിഷം , ശരിയാണ് ഞാന്‍ കണ്ടു …പക്ഷെ ആ പായസം ആര്‍ക്കു വേണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു …  സ്നേഹത്തോടെ അമ്മ ഒരു ഗ്ലാസ്‌ പായസം വെച്ചു നീട്ടി എനിക്ക് തന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത് , ഞാന്‍ ഇല്ലാതിരുന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആവുമാല്ലോയെന്നതാണ് …ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു നിമിഷം പോലും കടന്നു പോയിരുന്നില്ല്യ  …..  ” നിനക്ക് നല്ലത് മാത്രമേ വരൂ എന്ന് പറഞ്ഞത് മുഴുമിപ്പിക്കാതെ   ഗ്ലാസ്‌ കൈമാറുന്നതിനിടയില്‍ അമ്മ പറഞ്ഞു  വീണപ്പോള്‍  മാത്രമാണ് ഒരു നിമിഷം ഞാന്‍ ഞെട്ടിയത് …

ശരിയായിരിക്കാം …  ഞാന്‍ അത് കണ്ട നിമിഷം  ഒന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ……    പക്ഷെ ഒന്നുണ്ട് , അന്ന് ഞാന്‍ നിശബ്ദമായി  ഇരുന്നില്ലായിരുന്നെങ്കില്‍  ഒരു പക്ഷെ ഒരിക്കലും വറ്റാത്ത അമ്മയുടെ കണ്ണുനീര്‍ ഇപ്പോഴും തുടരുന്നുണ്ടാവാം …. ഇന്നിപ്പോ എല്ലാം ശാന്തമാണ് …

എല്ലാം സഹിക്കുക ..നിനക്ക് നല്ലൊരു നാളെയുണ്ടാവും എന്നുള്ള അച്ഛന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രം …. പക്ഷെ എന്തോ , എനിക്കിനിയും ഈ ഭാരം കൊണ്ട് നടക്കാന്‍ കഴിയുന്നില്ല്യ ..എല്ലാം    ഏറ്റുപറയണം … ഹ്മ്മം 

സ്റ്റേഷന്‍ അടുക്കുംതോറും അവനോടു എന്ത് പറഞ്ഞു പിരിയണം എന്നെനിക്കറിയില്ലായിരുന്നു  …..  ” നീ തിരിച്ചു പോകുക നന്നായി പഠിക്കുക ” എന്ന് പറയണമായിരുന്നോ  …അതോ എല്ലാം ഏറ്റു പറഞ്ഞ അവന്‍റെ മനസിനെ പ്രകീര്‍ത്തിക്കണമായിരുന്നോ … അതൊകൊണ്ട് തന്നെ മൌനത്തില്‍ കവിഞ്ഞ ഒരുത്തരവും എനിക്ക് നല്‍ക്കാന്‍ ഉണ്ടായിരുന്നില്ല്യ ….  അവന്‍റെ വാക്കുകള്‍ ഇടക്കിടെ  വേട്ടയാടുന്നു  

” എന്‍റെ നിശബ്ധതക്ക്  ഒരുപാട്  പറയാനുണ്ട്  “

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.