നാമെത്ര വിചിത്രർ ….

നാമെത്ര വിചിത്രർ ....
എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ  മാത്രം കാണുന്ന  മറ്റു ചിലർ …..
 
 
ഈ ലോകത്തിൽ ഏറ്റവും  ബുദ്ധിമുട്ട് എന്തിനായിരിക്കാം  ?  ….
 
 
എവറസ്റ്റ് കേറാൻ  ?     കാശുണ്ടാക്കാൻ   ?
നീലക്കുറിഞ്ഞി പൂക്കളുടെ  ഗന്ധങ്ങൾ ആവാഹിച്ച് അന്തിയുറങ്ങാൻ  ? അതൊന്നുമല്ല  …….     പിന്നെയോ   .. .  ? …
 
സംതൃപ്തി  …   അതുണ്ടാകാൻ അല്ലെങ്കിൽ സംതൃപ്തി തോന്നുന്ന ഒരു മനസ് ഉണ്ടാക്കി എടുക്കാൻ …
 
കുറെ നാളുകളായി  അസ്വസ്തമാകുന്നത് അസംതൃപ്തരായ  ആളുകളോട് സംസാരിക്കുന്ന നിമിഷങ്ങളിൽ ആണ്  .. എന്ത് കൊണ്ടാണ് ആൾക്കാർ  സംതൃപ്തി കണ്ടെത്താൻ ഉള്ള ഒരു മനസ് ഉണ്ടാക്കാൻ ശ്രമിക്കാത്തത്  അല്ലെങ്കിൽ  തൃപ്തി ആകാത്തത്  എന്ന ചിന്ത   നിരാശയിലാണ്   പരിസമാപ്തയിലെക്കെത്താറുള്ളത്  … …
 
എന്ത് കിട്ടിയാലും തൃപ്തി വരാത്ത മനുഷ്യർ  .. ഉള്ളതിൽ ഒരിക്കലും സന്തോഷം ഇല്ലാത്ത  ചപലർ  …   
 
 
നമ്മളിൽ പലരും ഇതുപോലെയാകാം …   അത് മറ്റുള്ളവർക്ക്      സമ്മാനിക്കുന്ന വേദനയുടെ ഒരംശം  പകർന്നു തരുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം  .. മറിച്ച്  നമ്മളിൽ ആരെങ്കിലും  അറിയാതെ സൃഷ്‌ടിച്ച അത്തരം  സാഹചര്യങ്ങളെ  ഇനിയെങ്കിലും സൃഷ്ട്ടിക്കാതിരിക്കുക എന്നത് മാത്രമാണ്  …
 
 
 
നേരം വൈകിയെത്തിയ  മൊബൈൽ ഫോണ്‍ സംഭാഷണം അവസാനിച്ചത്‌  അടുത്ത ബന്ധു ആശുപത്രിയിലാണ്  എന്ന അറിയിപ്പിലാണ് .. കേട്ട പാടെ  എന്താണ്  സംഭവിച്ചത്   എന്നൊക്കെ അറിയാനായി  ഫോണ്‍ വിളിച്ചു ചോദിച്ചു …
 
കയ്യിൽ  പൈസയുണ്ടോ  … എങ്ങനെ ഉണ്ട് ..  എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്  എന്നൊക്കെ   രണ്ടു മൂന്നു ദിവസം വിളിച്ചു ചോദിച്ചു …
 
പിന്നീടൊരിക്കൽ നടന്നു പോകുകയായിരുന്ന  എനിക്ക് മുന്നിലേക്ക്‌ ഒരു തല ചോദിച്ചു
  .. എന്നാലും ഞാൻ ഹോസ്പിറ്റലിൽ ആണ് എന്നറിഞ്ഞിട്ടു  ഒന്ന് വന്നു കണ്ടില്ലല്ലോ  …
 
അതിനു  ഞാൻ  ഇപ്പോൾ  തിരുവനന്തപുരത്താണ് …
 
എന്നാലും  ട്രെയിൽനിൽ  ഒന്ന് വരാൻ എട്ടൊമ്പതു മണിക്കൂറല്ലേ  എടുക്കൂ ..   കാണാൻ വരുമെന്ന് ഞാൻ വിചാരിച്ചു .. അപ്പോൾ തന്നെ  മടങ്ങുകയും ചെയ്യാമല്ലോ … അല്ല സൌകര്യങ്ങളൊക്കെ ആയപ്പോൾ  ബന്ധുക്കളൊന്നും വേണ്ട അല്ലെ  ..
 
എന്ത് പറയണം  ചെയ്യണം  എന്നറിയാത്ത ഒരു വികാരം  ആ സന്ദർഭം അവസാനിപ്പിച്ച്‌ മടങ്ങിയെങ്കിലും  .. അതെന്നെ കൂടുതൽ അസ്വസ്ഥനാക്കി …  ശരിയാണ് ,  നാട്ടുകാരെ കാണിക്കാൻ  ഉള്ള  ഒരു ഷോ ഓഫിനു  മുതിർന്നില്ല  പക്ഷെ …@@
 
 
ആയിടക്ക്‌ നാട്ടിൽ എത്തിയപ്പോഴാണ്  അകന്ന ബന്ധത്തിലുള്ള  സാമ്പത്തികമായി അത്ര സ്ഥിതിയിൽ അല്ലാത്ത  ബന്ധുവിനെപ്പറ്റി  അമ്മ സൂചിപ്പിച്ചത്   ..
 
ആ കല്യാണത്തിന് നമ്മളാൽ കഴിയുന്നത്‌ എന്തെങ്കിലും ചെയ്‌താൽ അതൊരു സഹായമാകും  … . ഞാനും വരാമായിരുന്നു  പക്ഷെ പശൂനേം നായിനെയും  ഇട്ടിട്ടു വന്നാൽ അവർ പട്ടിണിയാകും …
 
അങ്ങനെ അവിടേക്ക് പുറപ്പെട്ടു  ..  ആട്ടിൻ കാഷ്ടങ്ങളാൽ നിറഞ്ഞ കോലായിൽ ഒരൽപം  വൃത്തി തോന്നിയ സ്ഥലത്ത്  ഇരുപ്പുറപ്പിച്ചു  ..
 
നീ  എപ്പോഴാ  ജെർമ്മനിയിൽ നിന്നു വന്നെ  എന്ന ചോദ്യമാണ് ആ പരിസരത്ത് നിന്നു എന്നെ  ഉണർത്തിയത്  …
 
മൂന്ന് മാസം കഴിഞ്ഞതും വന്നു  .. അതിനുള്ളിൽ ആ പ്രൊജക്റ്റ് തീർന്നു  …
 
 ശമ്പളമൊക്കെ ലക്ഷങ്ങളിൽ ആയിരിക്കുമല്ലേ   … എന്തായാലും നന്നായി  നീ നേരായല്ലോ  …
 
എന്ത് പറയണം എന്നെനിക്കറിഞ്ഞില്ല  .. ദിവസവും തെങ്ങ് കേറുന്ന ഒരു തെങ്ങ് കയറ്റക്കാരന് കിട്ടുന്നതിൽ കൂടുതലൊന്നും  അവശേഷിക്കുന്നില്ല എന്ന സത്യം അവിടെ വിളംബെണ്ടാതായി തോന്നാത്തതുകൊണ്ട്  ഒരു മൌനത്തിൽ മറുപടിയൊതുക്കി  ..
 
അല്ല അമ്മ വന്നില്ലേ  …  ?
 
ഇല്ല .. അവിടെ പശുവും  നായ്ക്കളും ഉണ്ടല്ലോ .. അതുകൊണ്ട്  ..
 
 അവറ്റെയൊക്കെ  വിറ്റൊളാൻ ഞാൻ  നിൻറെ അമ്മയോട് കുറെ വട്ടം പറഞ്ഞതാ  ..  ഇരുപതു ഉറുപ്പിക കൊടുത്താൽ  പാല് കിട്ടും അപ്പോഴാ  ..
 
 മടിയോടെ  ഒരു കവർ നീട്ടി  അവരോടു പറഞ്ഞു … ഇതിൽ ഇരുപതിനായിരം രൂപയുണ്ട് .. കല്യാണത്തിന്  എന്തിനെങ്കിലും ഉപകരിക്കും …
 
അവരുടെ മുഖത്ത്  അഞ്ഞൂറ് വാട്ട്സിന്റെ  കുറവ് എനിക്ക് അനുഭവപ്പെട്ടു  ..  എന്നിൽ നിന്നും വേറെ എന്തോ പ്രതീക്ഷിച്ചിരുന്നോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും  ഉടനെ അവർ പറഞ്ഞു    …
 
ആ നേരെ കാണുന്നത്  പൂക്കാരന്റെ വീടാണ്  .. കല്യാണ ദിവസം വേണ്ട പൂക്കൾ മുഴുവൻ അയാൾ തരാമെന്നു  പറഞ്ഞിട്ടുണ്ട് .. പത്തഞ്ഞൂറു രൂപയെങ്കിലും  ആകുമായിരിക്കും .. അയാളുടെ നല്ല മനസ്  ദൈവം കാണട്ടെ . കാശുണ്ടായാൽപ്പോരല്ലോ അത് കൊടുക്കാനുള്ള മനസും വേണ്ടേ …    അല്ലെ …
 
മോൻ ഉണ്ടിട്ടു പോയാൽ മതി .. ഞാൻ അതിനുള്ളത് നോക്കട്ടെ ..
 
അല്ല , അത് വേണ്ട  .. പിന്നീടാവാം  .. ഞാൻ ഇറങ്ങട്ടെ  ..
 
അപ്പോഴാണ്  പത്തെമ്പത്  വയസായ ഒരു സ്ത്രീ  നടന്നു വരുന്നത്  ശ്രദ്ധിച്ചത് .. എന്ത് പറയണം എന്നറിയാത്തതുകൊണ്ട്   ഞാൻ ചോദിച്ചു ..
 
“മുത്തശീ സുഖമല്ലേ .. “
 
എന്ത് സുഖം മൊനേ ..  ഒന്ന് മുറുക്കാൻ  ഉറുപ്പിക ഇരുപതു വേണം .. വയസായാൽ എല്ലാവർക്കും  എല്ലാം  ഒരു ഭാരമാണ് ..  .കലികാലം  ..
 
എന്ത് മറുപടി പറയണം എന്ന് ആലോചിക്കുന്നതിനു മൂൻപു എന്നോട് ആദ്യം സംസാരിച്ച സ്ത്രീ പറഞ്ഞു ..
 
 കല്യാണത്തിന് നേരത്തേ വരണം ട്ടോ  …
 
അങ്ങനെ അവിടെ നിന്നും മറുപടി പറഞ്ഞു  വീടിലേക്കുള്ള യാത്രയിൽ പഴയ ഒരു സ്നേഹിതനെ കണ്ടു  ..
 
കണ്ട പാടെ അവൻ എന്നോട് ചോദിച്ചു .. നീ കാറ് എപ്പോൾ എടുത്തു  ..
 
ഇല്ലടാ  .. ഇതു സെക്കണ്ട് ഹാൻഡ് ആണ്  ..
 
ഭാവിയിൽ ബസ്‌ സ്റ്റാന്റ് വരാൻ പോകുന്ന സ്ഥലത്തിനടുത്ത് പതിനെഞ്ഞ്ജു സെന്റു സ്ഥലം  അവൻ വാങ്ങിയതും .. അവിടെ ഷോപ്പിംഗ്‌   കൊമ്പ്ലക്സ് ഉണ്ടാക്കണമെന്നും   ഒക്കെ പറയുന്നതിനിടയിൽ  മടിയോടെ ഞാൻ ചോദിച്ചു  ..
 
  ഡാ നീ ഗൾഫിൽ പോകാൻ സമയത്ത് എന്നോട് വാങ്ങിയ 15000 രൂപ  …
 
അന്ജജു വര്ഷം മുൻപത്തെ  ചില്ലറ കണക്കൊക്കെ  നീ ഇപ്പോഴും ഓർത്തു വെച്ചിരിക്കയാണോ  .. എന്നും പറഞ്ഞു അവൻ ചിരിച്ചു  ..
 
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ  എന്തോ തെറ്റ് ചെയ്തതായി കണ്ട  മുഖഭാവങ്ങൾ കണ്ടപ്പോൾ   ചോദിച്ചു  .. എന്ത് പറ്റി  .. എന്താണ് പ്രശ്നം ..
 
നീ  അവിടേക്ക് പോയപ്പോൾ വെറും   കയ്യോടെ   ആണോ   പോയെ   …
 
എവിടേക്ക്   ?
 
കല്യാണ വീട്ടിലേക്കു  ..
 
അല്ല   ഞാൻ പൈസ കൊടുത്തിരുന്നു    …
 
അതല്ല .. വയസായ ഒരു തള്ള ഉള്ള വീടല്ലേ .. എന്തെങ്കിലും ബേക്കറി സാധനം കരുതാമായിരുന്നു  ..
 അവൾ വിളിച്ചിരുന്നു …  ഒരു പവൻ വാങ്ങാനുള്ള   കാശെങ്കിലും കൊടുക്കാമായിരുന്നില്ലേ  …  പിന്നെ   ആ മുത്തശി വെറ്റില വാങ്ങാൻ എന്തെങ്കിലും  ചോദിച്ചിട്ടും നീ ഒന്നും കൊടുത്തില്ലത്രേ …ഒരു അമ്പതു രൂപ അവർക്ക് കൊടുക്കാമായിരുന്നില്ലേ   ഈ ചെറിയ കാര്യങ്ങളൊക്കെ നീ  ശ്രദ്ധിക്കണ്ടേ ..
 
നാമെത്ര  വിചിത്രർ  ……
 
എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ മാത്രം കാണുന്ന  മറ്റു ചിലർ … ഒന്നിലും തൃപ്തി വരാത്ത കുറെ മനസുകൾ  … വന്ന വഴി മറക്കുന്ന ഒരുപാട് പേർ  …   ചിലപ്പോഴെല്ലാം  തോന്നുന്നു ഞാനീ സ്ഥലത്ത് ജനിക്കേണ്ട  ഒരാൾ ആയിരുന്നില്ലേ എന്ന്  …
 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

© 2015, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2015 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.