ഹായ്‌ ഹര്‍ത്താല്‍ :)

ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

ഹര്‍ത്താലെന്നു കേട്ടാലോ ഓര്‍ക്കണം കേരളമെന്നചിന്ത നിനവുകളില്‍

 

അങ്ങനെ ഇന്നു ഒരു ഹര്‍ത്താല്‍ദിനത്തിനുകൂടെ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നു .. ഇറാഖില്‍ സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  ഒരു ഹര്‍ത്താല്‍ കൊണ്ട് അഭിവാദ്യം അര്‍പ്പിച്ച മലയാളികള്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ ഒരു പ്രത്യേക കാരണം വേണമെന്നില്ലിരിക്കെ ഇന്നത്തെ ഹര്‍ത്താലിന്‍റെ കാരണം രസാവഹമാണ് …

“നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി ഹര്‍ത്താലിന്  ആഹ്വാനം ചെയ്തിരിക്കുന്നത് ”  🙁

ചപ്പുചവര്‍  നീക്കാത്തതിനും ഹര്‍ത്താലോ എന്നോര്‍ത്ത്  മൂക്കില്‍ കൈവെക്കണ്ട , നമുക്ക് നെഞ്ച്വിരിച്ചു പറയാം ..”അതിനെന്താ ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ്   iamlikethis.com  🙁

പണ്ടൊക്കെ കേരളത്തില്‍ എത്തുന്ന വിദേശിയുടെ നിഘണ്ടുവില്‍ കള്ളും ,കപ്പയും താറാവുമൊക്കെയെ  ഉണ്ടായിരുന്നള്ളൂ , നമുക്കഭിമാനിക്കാം കേരളം എന്ന് പറയുന്ന വിദേശി ഹര്‍ത്താല്‍ എന്നുകൂടെ കൂട്ടിപ്പറയും ..മലയാളം അറിയാമെങ്കില്‍ അവര്‍ പാടിയേനെ

ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

ഹര്‍ത്താലെന്നു കേട്ടാലോ ഓര്‍ക്കണം കേരളമെന്നചിന്ത നിനവുകളില്‍

 

പക്ഷെ ഒന്ന് പറയാമല്ലോ, ഇന്നത്തെ ഹര്‍ത്താല്‍ദിനം ലോകമാകമാനം മലയാളിയുടെ വാര്‍ത്തകളില്‍ നിറയും …ഇന്നലെ ക്രിസ്ത്മസ് ആഘോഷിക്കാനായി പൊട്ടിച്ച കുപ്പിയുടെയും , പൊരിച്ച ഇറച്ചിയുടെയും അവശിഷ്ടം അടുക്കളകളില്‍ അന്തിയുറങ്ങും …

“ഒരറിയിപ്പുണ്ടാകുന്ന വരെ എല്ലാ മാലിന്യങ്ങളും സ്വന്തം ഫ്ലാറ്റിലോ  വീട്ടിലോ സൂക്ഷിച്ചാമതിയെന്നാണ് നഗരസഭാധികൃതര്‍ പറഞ്ഞിരിക്കുന്നത്രേ”

അപ്പോള്‍ ഒന്നുറപ്പാണ് , ഒന്നുകില്‍ നാറ്റമടിച്ചു അല്ലെങ്കില്‍ അടഞ്ഞു കിടക്കുന്ന കടകളുടെ നിശബ്ദത അങ്ങനെ ഏതു വിധേനയും ഹര്‍ത്താല്‍ ദിന വാര്‍ത്ത നാട് കടക്കും  🙂   നമുക്കഭിമാനിക്കാം

 

ഒരു നിമിഷം  വീടിന്‍റെ നിനവുകളില്‍ ഓര്‍മ്മയുടക്കി ….” ബിഗ്‌ഷോപ്പര്‍  എന്ന് വിളിക്കുന്ന വലിയ സഞ്ചിയും  പെരുങ്കായസഞ്ചിയുമായി   കടയിലെക്കിറങ്ങുന്ന അച്ഛനെ കാണുമ്പോള്‍ എന്നും പറയാന്‍ തോന്നിയിട്ടുണ്ട് ..എന്തിനാണ് സഞ്ചിയും പിടിച്ചു പോകുന്നത് അവിടെ ചെന്നാല്‍ കടയിലെ ആള്‍ക്കാര്‍ അതെല്ലാം വേറൊന്നില്‍ ഇട്ടു തരില്ലേ …പറയാതെ തന്നെ ഓര്‍ത്തെടുക്കുന്നു  ” പണ്ടുള്ളവര്‍ ചെയ്തിരുന്നത് ഒന്നും വെറുതേ ആയിരുന്നില്ല ..എന്തെങ്കിലും കണ്ടിട്ടായിരിക്കും, ഭവിഷ്യത്തിനെക്കുറിച്ചു  ഓര്‍ത്തായിരിക്കും ഓരോന്ന് ശീലിച്ചു വരുന്നത് ..

ഇലയില്‍ പൊതിഞ്ഞുകൊടുക്കുന്ന ഇറച്ചിയും , കായ സഞ്ചി കൊണ്ടുവരാന്‍ നിര്‍ഭന്ധിക്കുന്ന പലചരക്ക് കടക്കാരനും ,ഇലയില്‍ ഊണ് വിളമ്പിയിരുന്ന ഓര്‍മ്മകളും  അങ്ങനെ ഒരുപാടൊക്കെ നമ്മള്‍ നമ്മുടെതന്നെ  സൌകര്യത്തിനുവേണ്ടി  മറക്കാന്‍ തുടങ്ങിയതിന്‍റെ  ഓര്‍മ്മപെടുത്തലാണ് ഇവിടെ  പുകഞ്ഞുകൊണ്ടിരിക്കുന്ന മിക്കവാറും പ്രശ്നങ്ങള്‍ക്കും കാരണം

 

…അടഞ്ഞു കിടക്കുന്ന ഹോട്ടെലിന് മുന്നിലൂടെ , അകത്തെന്തെങ്കിലും ഉണ്ടോ എന്ന ചിന്തയുമായി നീങ്ങുന്ന  “കുട്ടിയെ ഒക്കത്തിരുത്തിയ ”  ഒരമ്മയുടെ കണ്ണിലൂടെ ………

കല്യാണ ദിദിവസത്തെക്കുറിച്ചു സ്വപ്നം കാണാതെ , മോളുടെ കല്യാണം ഹര്‍ത്താലില്‍ എന്താകുമോ എന്ന ചിന്തയില്‍     “വിവാഹം ” എന്ന ബോര്‍ഡ്‌ വെച്ച് വണ്ടിയില്‍ നീങ്ങുന്ന ഒരച്ചന്‍റെ ഉല്‍ക്കണ്ഠയിലൂടെ   …

ഒന്ന് ചിന്തിച്ചുപോകുന്നു

സ്വയം പഠിച്ചവര്‍ , സാക്ഷരത ഉള്ളവര്‍ എന്നഭിമാനിക്കുന്ന ഓരോ മലയാളിയും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒന്ന് ..എന്തിന്‍റെ  പേരിലാണെങ്കിലും ഇതൊക്കെ  നിര്‍ത്താരായില്ലേ ?  യുക്തിബോധം ഇല്ലാതെ നടത്തപ്പെടുന്ന ഓരോ ഹര്‍ത്താലും നമുക്കെന്ത് നേടിത്തന്നു ?  എല്ലാം നല്ലതിനാണ് പക്ഷെ ഹര്‍ത്താല്‍ എന്നത് ഒരവസാന സമരമാര്‍ഗം ആയി രാഷ്ട്രീയക്കാര്‍  മാറ്റിചിന്തിച്ചില്ലെങ്കില്‍ , സാക്ഷരജനത നിങ്ങള്‍ക്കൊരിക്കലും മാപ്പ് തരില്ല …നിങ്ങളെ പ്രാകാതെ ഒരു ഹര്‍ത്താലും കടന്നുപോകുന്നില്ല എന്നോര്‍ത്താല്‍ നന്നെന്ന ഓര്‍മ്മപ്പെടുത്തലോടെ  തല്‍ക്കാലം വിട

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.