ഓർക്കാനൊരുപറ്റം ഓർമ്മകൾ

എൻറെയുള്ളിൽ ഒരു കുഞ്ഞു തീപ്പോരിയുണ്ട്;ഏതന്ധകാരത്തിലും ജ്വലിക്കുന്ന ഒന്ന് .. കണ്ണടക്കാതിരിക്കുമെങ്കിൽ  കാണാം

 

മുന്നോട്ടു കുതിച്ചു പായുംപോഴും പലപ്പോഴും നാം മറന്നു പോകുന്ന ഒന്ന് പിന്നിട്ട വഴികലൂടെയുള്ള ഒരെത്തിനോട്ടമാണ്  .. നാം എന്തായിരുന്നു എന്നോ എന്താണെന്നോ എന്നൊക്കെയുള്ള  തിരിച്ചറിവിലേക്കുള്ള വേദിയാകാറുണ്ട് അത്തരം സന്ദർഭങ്ങൾ …

മറന്നുതുടങ്ങിയിട്ടും ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില ദിവസങ്ങൾ …   കണ്ണീരിൻറെ നനവിലും   നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ   … എപ്പോഴെക്കെയോ ഒരു കൈത്താങ്ങയവർ … ചിലതെല്ലാം വിട്ടു തന്നവർ …

 

തിരിഞ്ഞു നോക്കുമ്പോൾ  മുന്നിലുള്ളത് ബിരുദാനന്തരപഠനത്തിനും  ജോലിക്കും ഇടവേളയിലുള്ള  പത്തു മാസങ്ങൾ .  വീട്ടിലെ പത്തായം നിറഞ്ഞിരുന്നുവെങ്കിലും  വിശപ്പിന്റെ വിളി ഏറെ  അറിഞ്ഞതാണ് അന്ന്  …  ആരെയും എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്ന്  .. യഥാർത്ഥ വിശപ്പ്‌ നമ്മെ അന്ധരാക്കും …  രണ്ടു നേരവും വളരെ അത്യാവശ്യത്തിനു മാത്രം ഭക്ഷണവും  മാസത്തിലെ പത്തോ പതിനന്ജോ ദിവസം  ഒരു നേരം മാത്രം കഴിച്ചും  ഏഴെട്ടു  മാസം വിശപ്പെന്താണെന്ന് ജീവിതം  പഠിപ്പിച്ചിട്ടുണ്ട്  …

പ്ലസ്ടൂ കഴിഞ്ഞു   എന്ത് ചെയ്യും എന്നറിയാത്ത  ദിവസങ്ങൾ  … അപ്പോഴാണ്  കേട്ടത് കുറച്ചകലെയുള്ള  കോളേജിൽ  എങ്ങനെയെങ്കിലും സീറ്റ്  സങ്കടിപ്പിക്കാനായാൽ ജീവിതമേ മാറിപ്പോകുമെന്ന്  … അമ്മയുടെ ആഭരണങ്ങൾ  വെളിച്ചത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്  ബിരുദ  പഠനം തകൃതിയായി മുന്നോട്ടു നീങ്ങി

…. ഒരു വഴിയുമില്ലാതെയായപ്പോൾ ലോണിന്റെ ബലത്തിൽ പിജിയും കഴിഞ്ഞു …  ഒരുപാട് ചോദ്യങ്ങളും കുറെ പ്രതീക്ഷകളും മാത്രം ബാക്കി ..വീട്ടുകാരോടും  നാട്ടുകാരോടും എന്ത് പറയും എന്നറിയാത്ത ആ ദിവസങ്ങളിലെന്നോ   എവിടെ നിന്നോ കിട്ടിയ  ധൈര്യവുമായി കോയമ്പത്തൂർ നഗരത്തിലേക്ക്‌ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയ മാസങ്ങൾ …

പഠിക്കാൻ പോകാൻ കോഴ്സ്ഫീ തന്ന ചില നല്ല മുഖങ്ങൾ ..
കോഴ്സ്ഫീ അല്ലാതെ അതികമൊന്നും കയ്യിൽ എടുക്കാൻ ഇല്ലാഞ്ഞതുകൊണ്ട്‌  കാര്യം ഉണർത്തിച്ചപ്പോൾ   വർക്ക്ഷോപ്പിന്റെ ടയർ നിറഞ്ഞ ഒരു മുറി ഒഴിപ്പിച്ചു താമസിക്കാൻ അനുവാദം തന്ന ഒരാൾ .. ദിവസം യാത്രാചിലവ് ഉൾപ്പെടെ ഇരുപതുരൂപയുടെ ബഡ്ജെറ്റിൽ   വണ്‍ബൈട്ടു ചായയുടെയും പരിപ്പുവടയുടെയും ബലത്തിൽ മുന്നോട്ടു നീങ്ങിയ  ദിവസങ്ങളിൽ ഇടക്കെപ്പോഴെങ്കിലും വയറു നിറയെ തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങിതന്ന മുൻപരിചയമില്ലാത്ത  ഒരു തരൂർകാരൻ റൂംമേറ്റ്  ….

കോളെജിന്റെ തൊട്ടടുത്ത എസി ഓഡിറ്റൊരിയത്തിൽ രാത്രി  കല്യാണം ഉള്ള ദിവസങ്ങളിലോക്കെയും പതിവായി ഭക്ഷണം കഴിക്കാൻ പോയിരുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ , പിന്നീടു അവിടെ താമസിച്ച മാസങ്ങളിൽ കല്യാണം ഉള്ള ദിവസങ്ങളിൽ ഒക്കെയും ഭക്ഷണം എടുത്തു വെച്ചിരുന്ന  , ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് എന്നറിയിക്കാനായി കൃത്യം ഏഴ് മണിയോടടുപ്പിച്ച്  മൂന്നു പ്രാവശ്യം  ഓഡിറ്റൊരിയത്തിനു മുകളിലെ  വിളക്ക് അണച്ച് സിഗ്നൽ തന്നിരുന്ന  ഒരു തമിഴൻ കാവൽക്കാരൻ  … …

അങ്ങനെ കുറെ നല്ല മനുഷ്യർ … നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ … ജീവിതം അർത്ഥപൂർണ്ണമാകുന്നത്  അത്തരം ഓർമ്മകളിലൂടെയാണ് …ഒന്നും പ്രതീക്ഷിക്കാതെ ആർക്കെങ്കിലും എന്തൊങ്കിലുമൊക്കെ നൽകുമ്പോഴാണ്

                                              സജിത്ത്   ,    https://www.facebook.com/iamlikethisbloger         
                                                                        iamlikethis.com@gmail.com

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.