മധുരിക്കുമോർമ്മകൾ …

മധുരിക്കുമോർമ്മകൾ …

ചില ഓർമ്മകൾ അങ്ങനെയാണ് … കാലമേറുന്തോളും അവക്ക് മധുരമേറും …

വിചിത്രമെന്നു പറയട്ടെ എല്ലാവർക്കും കഴിഞ്ഞുപോയ കാലത്തെ ഓർക്കാനോ , പറ്റുമെങ്കിൽ അവിടേക്കു തിരിച്ചു പോകാനോ ഒക്കെയാണിഷ്ടം ..

ഓർക്കുമ്പോൾ എനിക്കുമുണ്ട് പത്തു ഫുൾ പേജിൽ കവിഞ്ഞെഴുതാൻ പോന്നത്രയും ഓർമ്മകൾ …

പെട്ടെന്ന് ഓർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് അമ്മയുടെ അച്ഛന്റെ വീടാണ് ,,, ബ്രഹ്മരക്ഷസും കുടുംബ ദൈവങ്ങളും നിറഞ്ഞ ഭാരതപ്പുഴയുടെ  പുഴക്കരികിലെ വീട് … അന്നൊക്കെ ദിവസം ആരംഭിക്കുന്നത് തന്നെ വെളുപ്പിന് നാലരക്കാണ് … എഴുന്നേറ്റ ഉടനെ പല്ലു തേക്കണം … അത് കഴിഞ്ഞാൽ തേനിൽ ഇട്ടു വെച്ച നെല്ലിക്കയോ , ചക്ക വരട്ടിയതോ , വീട്ടിൽ ഉണ്ടാക്കുന്ന മുറുക്കോ അങ്ങനെ എന്തെങ്കിലും കഴിക്കാൻ തരും … അഞ്ചേ കാലോടെ കുളിക്കാൻ പോകും .. മനസറിഞ്ഞു , നാട്ടു വർത്തമാനവും പറഞ്ഞൊരു പുഴക്കുളി .. തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ മുതൽ കേൾക്കാം റേഡിയോയിലെ വന്ദേ മാതരം … വാർത്ത തുടങ്ങുംപോളെക്കും വീടെത്തിയിരിക്കും .. ശേഷം റേഡിയോ കേൾക്കുന്നതിനിടയിൽ ചായയെത്തും … സംസ്കൃത വാർത്ത വായിക്കാൻ തുടങ്ങുമ്പോഴേക്കും ആവി പറക്കുന്ന ഇഡലിയോ ദോശയോ , പുട്ടോ അതിൽ ഏതെങ്കിലും ഒന്ന് കാത്തിരിപ്പുണ്ടാകും … അത് കഴിഞ്ഞാൽ കളിയ്ക്കാൻ പോകാം .. .. നിലവറയിൽ എന്നെയും കാത്തു ഒരു പഴക്കുല എപ്പോഴും ഉണ്ടാകും .. പഴം തീരുന്നതിനു മുൻപേ അടുത്ത പഴക്കുല എത്തിയിരിക്കും … പകലന്തിയോളം കളിയും … വൈകിട്ട് ആറു തോട്ടേഴര വരെ പുഴയിൽ കുളിയും …

 

എന്ത് രസമായിരുന്നു … അന്നൊക്കെ കഴിക്കാൻ കൂടുതൽ കിട്ടിയിരുന്നത് മാങ്ങയും ചക്കയും , വീട്ടിൽ ഉണ്ടാക്കുന്ന പയറ്റപ്പം , മുറുക്ക് , ഇലയടാ എന്നിങ്ങനെയുള്ള പലഹാരങ്ങളും ..

 

മാമ്പഴത്തെക്കുറിച്ചോർക്കുമ്പോൾ ..

 

എന്നാണ് ഒരു മാമ്പഴം ആദ്യമായി കഴിച്ചത് ? എനിക്കെന്നല്ല ഒരു പക്ഷെ ആർക്കും അതിനുത്തരമുണ്ടാവില്ല …

 

പാലക്കാടൻ ഗ്രാമത്തിലെ സ്‌കൂളിലെ ചില നിമിഷങ്ങൾ ആണ് ആദ്യം ഓർമ്മ വരുന്നത് .. ക്ലാസിനു വെളിയിൽ സ രി ഗ മ പഠിപ്പിക്കുന്ന പാട്ടുടീച്ചറെ ഒട്ടും ശ്രദ്ധിക്കാതെ .. കുറച്ചകലെ ഉള്ള പേരും പോലും ഓർമ്മയില്ലാത്ത ഒരു മാവിന് ചുവട്ടിലേക്കായിരിക്കും ഞങ്ങളിൽ ഒട്ടു മിക്ക പേരുടെയും ശ്രദ്ധ … ഓരോ കാറ്റ് വീശുമ്പോഴും കൊതിയോടെ പായുന്ന ഒട്ടനേകം കണ്ണുകൾ .. ബെല്ലടിക്കേണ്ട താമസം ഓടിപ്പോയി കണ്ടു വെച്ച മാങ്ങയെടുത്തുകൊണ്ടുള്ള ആ ഓട്ടത്തിൽ അനേകം പേർ പങ്കാളികളാകും .. ക്‌ളാസ്മുറിയുടെ ചുമരിലോ മറ്റോ ആ മാങ്ങ ചേർത്ത് ഒരടിയാണ് ..ചിന്നി ചിതറുന്ന കഷണങ്ങൾ എല്ലാവരും പങ്കിട്ടെടുത്തു കഴിക്കുമ്പോൾ കണ്ണുകളിൽ തിളക്കം മാത്രം ….
ശേഷം ഓർമ്മയിൽ വരുന്നത് വീടിനു ചുറ്റുമുള്ള ഏഴു മാവുകളെയാണ് … മൂവാണ്ടൻ , മൽഗോവ , അൽഫോൻസാ , പുളിമാങ്ങ , നാരങ്ങാ മാങ്ങ , ഗോമാങ്ങ , അങ്ങനെ ഒരു പറ്റം മാവുകൾ … അന്നൊക്കെ മാർച്ച് മാസം ആയാൽ മാമ്പഴം കിട്ടിത്തുടങ്ങും .. നേരം വെളിച്ചായാൽ ( പുലർന്നാൽ ) നേരെ പോകുന്നത് മാവിൻ ചുവട്ടിലേക്കാണ് … അണ്ണാറക്കണ്ണന്മാർ കൊത്തിയതും അല്ലാത്തതുമൊക്കെയായി പത്തു മുപ്പതു മാങ്ങാ എന്തായാലും ഉണ്ടാകും … അന്നൊക്കെ രാവിലെ മാത്രമേ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കൂ … ഉച്ചക്കും ഇട സമയങ്ങളിലുമൊക്കെ മാങ്ങ തന്നേ .. ഇടക്ക് എപ്പോഴെങ്കിലും പോയി ചക്ക വറുത്തതോ , ചക്കപ്പഴമോ കഴിക്കും .. എന്ത് രസമുള്ള ഓർമ്മകൾ …
വീടിൽ നിന്നും പോയതോടെ അതെല്ലാം നിന്നു …. തിരുവനന്തപുരത്തു ഓഫിസിനു വെളിയിൽ രണ്ടു മാവുണ്ട് … രാത്രി ജോലി കഴിഞ്ഞു എല്ലാവരും എണീക്കുന്നതിനു മുൻപേ അഞ്ചു മണിയോടെ പോയി നോക്കും … കഴിഞ്ഞ മാങ്ങ കാലത്തും കൂടെ വീണുകിടക്കുന്ന മാമ്പഴം കഴിച്ചിരുന്ന ഓർമ്മകൾ വരുന്നു ..

 

ഓർക്കാൻ ആണെങ്കിൽ കുറെയധികം ഉണ്ട് .. തൽക്കാലം നീട്ടുന്നില്ല ..
അങ്ങനെ ഒരുപാടൊരുപാട് ഓർമ്മകൾ …. ഓർമ്മകൾ അങ്ങനെയാണ് … കാലമേറുന്തോളും അവക്ക് മധുരമേറും …

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

© 2017, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2017 Sajith ph
This entry was posted in Uncategorized. Bookmark the permalink.