മനസ്സറിയാതെ ….

ജീവിതം എത്ര  വിചിത്രമാണ്..

….  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കേണ്ടി വന്ന സന്ദർഭങ്ങൾ … ഉള്ളിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും ചിരിക്കാൻ ശ്രമിച്ച നിമിഷങ്ങൾ .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കിയ ചുറ്റുപാടുകൾ … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കേണ്ടി  വന്ന സാഹചര്യങ്ങൾ …

 

അതെ , ജീവിതം പലപ്പോഴും വിചിത്രമാണ് ….

 

രംഗം ഒന്ന് …………

സാർ  , എനിക്ക് മാത്രം  സ്കോളർഷിപ്പില്ല്യേ  …. ?

അത് മിയയാണ്…  ചെറുപ്പത്തിലേ അച്ഛൻ മരിച്ച  മിടുക്കിക്കുട്ടി എന്നതുകൊണ്ടു മാത്രമല്ല  , കണ്ണിൽ നിഷ്കളങ്കത  മാത്രം വിരിയുന്ന ആ മുഖത്ത് നോക്കിയാലേ മിയ  എന്ന ആ പത്തു വയസുകാരിയെ ആരും ഇഷ്ട്ടപ്പെട്ടു പോവും ..

മിയയുടെ അപേക്ഷയിൽ  ചുവപ്പു നിറത്തിലുള്ള   ചോദ്യചിഹ്നത്തിലൂടെ  കടന്നു പോയിട്ടും ഒന്നും മനസിലായില്ല …    കൂടെ തുന്നിച്ചേർക്കപ്പെട്ട  അവളുടെ  ജനന സർട്ടിഫിക്കറ്റും അച്ഛന്റെ  മരണ സർട്ടിഫിക്കറ്റും അപേക്ഷയും എല്ലാം കൃത്യമാണ്  …കടലാസു പെൻസിൽ കൊണ്ട് രണ്ടു വട്ടം വരച്ചിരിക്കുന്ന  വർഷങ്ങളിലൂടെ കണ്ണോടിച്ചു …മിയ ജനിച്ചിരിക്കുന്നത്‌  2008 ൽ ..   അച്ഛന്റെ മരണ സർട്ടിഫിക്കറ്റിൽ 2004 …  ആർക്കോ എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു …   മിയയുടെ കണ്ണീർതുള്ളികളെക്കാൾ  അവളുടെ അമ്മയുടെ വിയർപ്പുതുള്ളികൾ താഴെ വീഴുന്നത് കണ്ടു എന്ത് പറയണം എന്നറിയാതെ നിന്നപ്പോ  തല താഴ്ത്തി അവളുടെ അമ്മ പറഞ്ഞു ,

അടുത്ത പ്രാവശ്യം  കിട്ടുമായിരിക്കും ല്ല്യേ സാറേ ..    ????

**.സാന്ത്വനം  സ്കോളർഷിപ് ::   അച്ഛനോ അമ്മയോ നഷ്ടപ്പെട്ട അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു  ഏർപ്പെടുത്തിരിക്കുന്ന സ്കോളർഷിപ്

 

രംഗം രണ്ടു ………………………………………….

 

സാററിഞ്ഞോ  … ? നമ്മുടെ പത്ത്  എഫിലെ  അഭി  …
ഇല്ലാ ടീച്ചർ  , എന്താ …
വാട്സ് ആപ്പിലുണ്ടല്ലോ  … കണ്ടില്ല്യേ ?
ടീച്ചറെ ഞാൻ നെറ്റ്  ഓഫ് ചെയ്തിട്ടിരിക്കുകയാ  .. ചാർജില്ല ..
പത്ത്  എഫിലെ  അഭി മണ്ണെണ്ണ  കൊളുത്തി മരിച്ചെന്നു …
അയ്യോ …     കഷ്ടം … പാവം   …    മരിച്ചോ … എന്തിനു .. എന്താ കാര്യം …

( നമ്മൾ മലയാളികൾ എല്ലായ്പ്പോഴും അങ്ങനെയാണല്ലോ  … അസ്വാഭാവിക വാർത്ത ആദ്യം ഉണർത്തുക നമ്മളിലെ  ഡിറ്റക്ടീവിനെയാണ് .. )

ഇല്ല മരിച്ചില്ല ,  പക്ഷെ  … മിഷനിൽ  കൊണ്ടുപോയപ്പോൾ   മടക്കിയെന്നു … എൺപതു ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റാൽ  അവർ കിടത്തില്ലല്ലോ  എന്നിട്ടു  നേരെ  മെഡിക്കൽ കോളെജിലോട്ടു കൊണ്ട് പോയിരിക്കുകയാ…എന്റെ പോർഷൻ  എവിടെയുമെത്തിയിട്ടില്ല ..  നാളെ അവധി ആയിരിക്കുമെന്നാണ് തോന്നുന്നത് …

അല്ല ടീച്ചർ  അഭി , അത് ആരെന്നു  മുഖം ശരിക്കങ്ങോട്ടു എനിക്കോർമ്മ വരുന്നില്ല ..  എവിടുന്നു വരുന്ന കുട്ടിയാ ?

അത് നമ്മുടെ ” ഡീസന്റ് അഭി ”  അവൻ തന്നെയാണ്  …

ഓഹ് … അയ്യോ ..    അവനു ആരൊക്കെയാ ഉള്ളത്  ..

ഒറ്റ മകനാണ് … അച്ഛൻ ഇടക്കെ വരാറുള്ളൂവെന്നു … അമ്മ  ഫാർമസിയിൽ ജോലി ചെയ്യുന്നു ..

ഓ ,  എന്നാലും .. അവൻ എന്തിനാ .. എങ്ങനെ അവനു  മനസ് വന്നു  …

ഞാൻ  ഓർത്തു ,  പത്ത്  എഫ്  എന്ന ഡിവിഷൻ   മെയിൽ ബോക്സിലെ സ്പാം ഫോൾഡർ പോലെ ആണ് .. തോറ്റു തോറ്റു പഠിക്കുന്നവരെയും , മെരുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളവരെയും , തലക്കകത്തു ഒട്ടുമേ ആൾതാമസമില്ലാത്തവരെയും നേരെ തട്ടുന്നത് ആ ഡിവിഷനിലോട്ടാണ് ..  അഭി പക്ഷെ അതിലൊന്നും പെടുന്ന കുട്ടിയായിരുന്നില്ല  എന്നിട്ടും അവനെ എന്തിനാണ് ആ ഡിവിഷനിൽ ഇട്ടിരിക്കുന്നത്  എന്നോർക്കാറുണ്ട്..അവൻ എന്തിനു ഇങ്ങനെ ചെയ്‌താവോ …

അല്ല ടീച്ചർ  ,    എന്തിനു ഇങ്ങനെ ചെയ്‌താവോ അല്ലെ

അറിയില്ല സാർ …പലരും പലതും പറയുന്നു .. നമ്മുടെ നാട്ടുകാരല്ലേ …

സാർ ആരോടും പറയില്ലെങ്കിൽ …

എന്താ ടീച്ചർ  ?  എന്താ  …

ഇന്നലെ സ്‌കൂൾ വിട്ടു പോകുന്ന വഴിക്കു ആരോ അവനെ ഒരു പൊതി ഏൽപ്പിച്ചെന്നോ  അത് പിടിക്കപ്പെട്ടെന്നോ  … എന്തോ കഞ്ചാവ് ആയിരുന്നെന്നോ  അങ്ങനെ  …

… പിന്നെ .. പിന്നെ

എന്താ ടീച്ചർ  ?

അല്ല സാർ , ചിലർ പറയുന്നു  , അഭിയും അവന്റെ അമ്മയുമൊക്കെ എന്തോ ടാബ്ലെറ്സ്  കഴിച്ചിരുന്നെന്നോ , പുറത്തു പറയാൻ  മടിക്കുന്ന അസുഖം ഉണ്ടെന്നോ അങ്ങനെ …

സാർ ഇതാരോടും പറയല്ലേ  …  മനസ്സിൽ വെച്ചാ മതി … നമ്മുടെ വാട്സ് ആപ് ഗ്രൂപ്പിൽ കണ്ടതാ …

എന്തായാലും പോലീസ് അന്വോഷണം ഉണ്ടാകും … നമ്മുടെ ഭാഗത്തു എല്ലാം ക്ലിയർ ആയിരിക്കണം ..

അല്ല അതിനു നമ്മൾ ഒന്നും ചെയ്തിട്ടില്ലല്ലോ  … അവനെ ആരും വഴക്കു പറയാറില്ലല്ലോ ..

ഇല്ല , അത് നമുക്കല്ലേ അറിയൂ …എന്നാലും  …

നമ്മൾ അങ്ങനെയാണ് .. ചിലപ്പോഴെങ്കിലും  ഉത്തരം അറിയാമെങ്കിലും ചില ചോദ്യങ്ങൾക്കു മുന്നിൽ മൗനം പാലിക്കും   … ഉള്ളിൽ കരയുമെങ്കിലും  പുറമെ ചിരിക്കാൻ ശ്രമിക്കും  .. നുണയാണ് പറയുന്നത് എന്നറിയാമെങ്കിലും  സത്യമാണ് പറയുന്നത് എന്ന് വിശ്വസിപ്പിക്കാൻ നോക്കും … ആരോ  ചെയ്ത തെറ്റിന് ആർക്കോ ശിക്ഷ കൊടുക്കും …

ജീവിതം വിചിത്രമായ ഒരു സത്യമാണ് ..

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

© 2018, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2018 Sajith ph
This entry was posted in കഥ/കവിത, നമുക്ക്‌ച്ചുറ്റും. Bookmark the permalink.