ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല ..

തിരക്കില്‍ നിന്നും തിരക്കിലേക്ക് ജീവിതം നിങ്ങളെ വഴി നടത്തുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കാറുണ്ടോ നഷ്ട്ടപ്പെടലുകലെക്കുറിച്ചു ?

 

 

കണ്ണ് തുറന്നത് മുതല്‍ ഇംഗ്ലീഷ് മാത്രം സംസാരിപ്പിചു ജീവിപ്പിക്കുന്ന നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഫ്ലാറ്റില്‍ നില്‍ക്കുമ്പോള്‍ എനിക്ക് കാണാം , താഴെ സച്ചുവെന്നും വിച്ചുവെന്നും വിളിപ്പേരുള്ള രണ്ടു കുരുന്നുകള്‍ ഈ മേയ്മാസച്ചൂടില്‍ വാന്‍ കാത്തു നില്‍ക്കുന്നത് .. അവര്‍ ആദ്യമായി ഈ ലോകത്തെ നോക്കിയപ്പോള്‍ , അവരോടെ പറഞ്ഞ വാക്കുകള്‍ ഇതായിരിക്കാം ..
മോനൂ , ലുക്ക്‌ ഇറ്റ്സു യുവര്‍ ഡാഡി …

അവരുടെ കാലുകള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മണ്ണില്‍ പതിക്കുന്നോ എന്നുപോലും സംശയമാണ് … ഫ്ലാറ്റില്‍ നിന്നും വാനിലെക്കും , കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലും ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതബാഗ്യര്‍ .. അന്ജ്ജോ ആറോ വയസില്‍ കളിച്ചു നടക്കണ്ട പ്രായത്തില്‍ അവധികാല വ്യക്തിത്വ വികസന കാമ്പില്‍ പങ്കെടുക്കാന്‍ വിധിക്കപ്പെട്ട ഭാഗ്യ ദോഷികള്‍ .. കളിയ്ക്കാന്‍ സ്ഥലമെവിടെ , കളിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സമയമെവിടെ എന്നിങ്ങനെയുള്ള ന്യായവുമായി ആരൊക്കെയോ ..

ഗ്രാമവും നഗരവും തമ്മിലെന്തു വ്യത്യാസം എന്ന് ഓര്‍ക്കാറുണ്ട് ..അവിടെ ആര്‍ക്കും ഒന്നിനും തിരക്കില്ല … എന്തിനെങ്കിലും കുറവുണ്ടെങ്കിലും അവര്‍ ജീവിക്കുകയാണ് , ഇവിടെ ജീവിതം വെട്ടിപ്പിടിക്കാന്‍ ഓടുകയും … ഓര്‍ക്കുകയായിരുന്നു അവധിക്കാലത്തെ എന്റെ ഗ്രാമദിനം ….

കരിമ്പന പൂക്കുന്ന പാലക്കാടന്‍ ചൂട് കാറ്റില്‍ , കുളിര് കോരിയിടുന്ന നിമിഷവുമായി കണ്ണ് തുറക്കുന്ന പ്രഭാതങ്ങള്‍ …

രാവിലെ എഴുന്നെട്ടയുടന്‍ ഒടൂമാവിന് ചോട്ടിലേക്കും , ഗോമാങ്ങ ചുവട്ടിലെക്കും ഒരുപാട് പ്രതീക്ഷയുമായി നീളുന്ന ചില നിമിഷം .. മുറ്റത്തു വീണു കിടക്കുന്ന ചെമ്പകപ്പൂവിനൊപ്പം പഴമാങ്ങ പെറുക്കി കൈപ്പിടിയില്‍ ഒതുക്കുന്നതിനിടയില്‍ തൊഴുത്തില്‍ നിന്നും പാല്‍ കറക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം .. തേന്‍ കിനിയുന്ന മാമ്പഴം അകത്ത്താക്കുന്നതിനിടയില്‍ പതിവുപോലെ ഒരു ചോദ്യം ഇപ്പോഴും കേള്‍ക്കാം

പല്ല് തേക്കാതെയാണോ മാങ്ങ തിന്നുന്നത് ???
പശുക്കള്‍ പല്ല് തേചിട്ടാണോ കഴിച്ചേ എന്ന് പതിവുപോലെ മറുപടിയും ..

മാങ്ങാ തിന്നുന്നതിനിടയില്‍ വീണ്ടും വിളി കേള്‍ക്കാം ..

വാ ചായ് കുടിചിച്ചിട്ടു പോ …

വിറകടുപ്പില്‍ ഉമ്മിയിട്ടു ചെറുതീയില്‍ കുറുക്കിയെടുത്ത പാലില്‍ ഒരു ചായ ..അതും കുടിച്ചു , ഉള്ളു തണുപ്പിക്കുന്ന പുഴ വെള്ളത്തില്‍ കുളിച്ചു വരുന്നതിനിടയില്‍ പ്രാതല്‍ ആയിരിക്കും ..

ഇന്നത്തെപ്പോലെ വെളുത്ത ഓട്സ് അല്ലെങ്കില്‍ പിസ്സയോന്നുമല്ല …
ഒന്നുകില്‍ വീട്ടില്‍ ഉണ്ടാക്കിയ നെയ്യ് എടുത്തു മൊരിപ്പിച്ചെടുത്ത ദോശയും കാന്താരി മുളകരച്ച തേങ്ങ ചമ്മന്തിയും / അല്ലെങ്കില്‍ സ്റ്റൂവും ഇഡാലി അതുമല്ലെങ്കില്‍ പുട്ടും ചെറുപയറും പപ്പടവും ഒടുക്കം കഴിക്കാനായി പത്തായപ്പുരയില്‍ വെട്ടിവെച്ച പഴക്കുലയില്‍ നിന്ന് പഴവും …

അത് കഴിക്കുന്നതിനിടയില്‍ മോര് കലക്കുന്ന ശബ്ദം കേള്‍ക്കാം .. മിക്സി ഉണ്ടെങ്കിലും കലത്തിലെ മോര് കലക്കി വെണ്ണ എടുക്കാറുള്ളൂ .. ..തുടര്‍ന്ന് പകലന്തിയോളം നീളുന്ന കളികള്‍ …

(കളികളെക്കുറിച്ച് അറിയാന്‍ തല്പ്പര്യമില്ലത്തവര്‍ക്ക് അടുത്ത ഖണ്ടികയിലോട്ടുപോകാം )

*******************************************************************************

 

ഓര്‍മ്മയില്‍ പെട്ടെന്ന് ഓടിയെത്തുന്ന ചില കളികള്‍ …

 

 

 

കണ്ണുപൊത്തിക്കളി

ഒരാള്‍ കണ്ണുപൊത്തി എണ്ണുമ്പോ മറ്റുള്ളവര്‍ ഒളിക്കുന്നു. എണ്ണിത്തീരുമ്പോ അയാള്‍ മറ്റുള്ളവരെ കണ്ടുപിടിക്കണം. ആദ്യം കണ്ടുപിടിക്കപ്പെടുന്നയാള്‍ അടുത്തതവണ എണ്ണണം …

അമ്മാനക്കളി:

ചെറുനാരങ്ങ, പുന്നയ്ക്ക എന്നിവ ഒന്നൊന്നായി ക്രമത്തില്‍ മുകളിലേക്ക് എറിയുകയും തിരിച്ചു വീഴുമ്പോ പിടിച്ചെടുക്കുകയും വീണ്ടും മുകളിലേക്ക് എറിയുകയും ചെയ്യുന്നു.കളിക്കിടയില്‍ കരു താഴെ വീഴുകയോ കൈക്കുള്ളില്‍ ഇരുന്നു പോകുകയോ ചെയ്താ കളിക്കുന്ന വ്യക്തി പുറത്താകും ..

ഈര്‍ക്കില്‍കളി / നൂറാംകോല്‍

തെങ്ങിന്റെ ഈര്‍ക്കില്‍ ഉപയോഗിച്ച് കളിക്കുന്ന ഒരു നടന്‍ കളിയാണ് ഇതു . നൂറാംകോല്‍ എന്നും പേരുണ്ട്. രണ്ടോ അതിലധികമോ പേര്‍ തറയില്‍ ഇരുന്നാണ് കളിക്കുക. സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈര്‍ക്കിലുകളാണ് ഈ കളിയില്‍ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തില്‍ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീര്‍ക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈര്‍ക്കിലിനും വ്യത്യസ്ത പൊയന്റാണ് . ചെറിയതിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈര്‍ക്കലിനു 100-ഉം ആണ് .. ഈ ഈര്‍ക്കിലുകള്‍ പകുത്ത് കുരിശുരൂപത്തില്‍ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയില്‍ ഇടും. ചിതറിക്കിടക്കുന്ന ഈര്‍ക്കിലുകല്‍ മറ്റു ഈര്‍ക്കിലുകള്‍ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈര്‍ക്കിലിനു മുകളില്‍ ഒരു ഈര്‍ക്കിലെങ്കിലും വന്നില്ലെങ്കില്‍ ആ കളിക്കാരന്‍ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈര്‍ക്കലുകള്‍ ഓരോന്നായി മറ്റുള്ള ഈര്‍കലുകള്‍ അനങ്ങാതെ എടുക്കണം.. കൂടെയുള്ള കളിക്കാര്‍ ഈര്‍ക്കില്‍ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാല്‍ കളിനിര്‍ത്തി അടുത്തയാള്‍ക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈര്‍ക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവന്‍ ഈര്‍ക്കിലുകളും എടുക്കാനായാ 300

കക്ക്കളി :

ദീര്‍ഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയില്‍ പങ്കെടുക്കുന്ന ഓരോ ആളും കൈയില്‍ കക്ക് കരുതണം. പൊളിഞ്ഞ മണ്‍ കലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആള്‍ തന്നെ ഒറ്റക്കാലില്‍ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയില്‍ വരകളില്‍ തൊടാന്‍ പാടില്ല. കക്ക് കാല്‍ പാദത്തിനു മുകളില്‍ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയില്‍ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളില്‍ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയില്‍ കക്ക് വീണാലും വരയില്‍ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടര്‍ന്ന് അടുത്ത ആള്‍ക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീര്‍ത്താല്‍ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങള്‍ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തില്‍ വീണാല്‍ ആ കളം ആ കളിക്കാരിയുടേ . കോണോട് കോണ്‍ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടര്‍ന്ന് അടുത്ത ആളുടെ കളിയാണ്. മുന്‍ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തില്‍ കാല്‍ വെക്കാതെ വേണം അയാള്‍ കളിക്കാന്‍. കള്ളിയില്‍ കാല്‍ കുത്തിപ്പോകുകയോ വരയില്‍ ചവിട്ടുകയോ ചെയ്താല്‍ കളിയില്‍ നിന്നും പുറത്താകും.
വടംവലി :

എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ഇരു ടീമുകളും ഒരു വടത്തിനു ഇരു വശവുമായി അണിനിരക്കുന്നു. വടത്തിന്റെ നടുവില്‍ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഇത് നടുവിലെ ഒരു വരയില്‍ വരുന്ന വിധം വടത്തിനെ വച്ചിരിക്കും. ഈ അടയാളത്തില്‍ നിന്നും നാലു മീറ്റര്‍ അകലത്തില്‍ ഇരു വശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടായിരിക്കും. ഏതു ടീമാണോ എതിര്‍ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക് വലിച്ച് വശങ്ങളിലെ അടയാളത്തെ നടുവിലത്തെ വരയില്‍ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നത് ആ ടീമിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു.
സേവികളി / ഗോലികളി

മൂന്നു ഗോലികളുപയോഗിച്ചാണ്‌ കിശേപ്പി കളിക്കുന്നത്‌. രണ്ടോ അതിലധികമോ കളിക്കാരും ഉണ്ടാകുമെങ്കിലും ഒരു സമയം രണ്ടു പേര്‍ക്കു മാത്രമേ കളിക്കാനാകൂ. സാധാരണയായി ഗോലിക്കു വേണ്ടിയാണ്‌ ഈ കളി കളിക്കുന്നതെങ്കിലും പണം വച്ചും കളിക്കാറുണ്ട്. രണ്ടു ഗോലി കളത്തിലേക്കിട്ടതിനു ശേഷം എതിരാളി നിര്‍ദ്ദേശിക്കുന്ന ഗോലിയില്‍ മുന്നാമത്തെ ഗോലി (വക്കര്‍) ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുക എന്നതാണ്‌ ഈ കളിയുടെ പ്രഥമലക്ഷ്യം. ധാരാളം നിയമങ്ങളുള്ള ഒരു കളിയാണ്‌ സേവികളി .. ചില പദങ്ങള്‍ മാത്രം ഓര്‍മ്മ വരുന്നു

സേവി , ഗുമ്മ , മുട്ട് , ബെല്‍ട്ടാപ്പ് ..
കുട്ടിയും കോലും –
ഒരു മുഴം നീളമുള്ള മരക്കമ്പിനെയാണ്‌ കൊട്ടി അഥവാ കോല്‌ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ രണ്ടര ഇഞ്ച്‌ നീളമുള്ള ഒരു ചെറിയ മരക്കമ്പിനെ പുള്ള്‌ അഥവാ കുട്ടി എന്നും വിളിക്കും
നിലത്ത്‌ ഒരു ചെറിയ കുഴിയില്‍ പകുട്ടി വെച്ച്‌ കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കി കളിക്കാരന്‍ പുറത്താകും. പുള്ളിനെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കി കളിക്കാരന്‍ കൊട്ടിയെ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിര്‍ ഭാഗം കൊട്ടിയില്‍ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയില്‍ കൊണ്ടാല്‍ കളിക്കാരന്‍ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാരന്‍ പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിര്‍ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയില്‍ നിന്നും എത്രകൊട്ടി ദൂരത്തില്‍ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും ….
തലപ്പന്തുകളി
തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളി .

ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ ‘കാക്കുക’ എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിര്‍ത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ “ചൊട്ട” എന്നു ചിലയിടങ്ങളില്‍ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കി കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും .. അങ്ങനെ കുറെ നിയമങ്ങള്‍ ഉണ്ട് …
തായം കളി —

ഒരുപക്ഷെ കൂടുതല്‍ കളിച്ചിട്ടുള്ളത് ഇതാണ്

നിലത്ത് ചോക്കുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങള്‍ വരച്ചാണ്‌ ഇതു കളിക്കുന്നത്. അഞ്ചു കവടികളോ ചൂണ്ടപ്പനയുടെ അഞ്ചു വിത്തുകളൊ (പനംകുരു) കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലര്‍ന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകര്‍ കിട്ടും. അത്രയും കളങ്ങള്‍ ഒരോരുത്തര്‍ക്കും മുന്നോട്ടു പോകാം. ഓരോരുത്തര്‍ക്കും അഞ്ചു വീതം ചൂതുകള്‍ കിട്ടും. വളപ്പൊട്ടുകളാണ്‌ ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാന്‍ കഴിയുന്നയാള്‍ വിജയിയാകും
തൊട്ടുകളി

ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങള്‍ മലത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് ‘അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ’ എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളില്‍ കുത്തും. ‘സ’ പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാള്‍ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യില്‍ കുത്തു കിട്ടിയാല്‍ ആ കൈ പിന്‍ വലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിന്‍വലിക്കുന്ന ആള്‍ കളിയില്‍ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആള്‍ ‘കാക്ക’ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവര്‍ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം.
പമ്പരം കളി … സുന്ദരിക്ക് പൊട്ടു തൊടല്‍ കളി … നായും പുളിയും കളി … വെട്ടു കളി … ചില്ലെറു കളി ..കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ അങ്ങനെ ഓര്‍ത്തെടുക്കുമ്പോള്‍ അനവധിയാണ് … ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് രസം ….

********************************************************************************

ഇതിനിടയില്‍ ഇടസമയത്തു വീട്ടില്‍ എത്തി വെണ്ണഎടുത്ത മോരും , കഴിക്കാന്‍ ചക്ക ശര്ക്കരയിട്ടു വരട്ടിയതോ അല്ലെങ്കില്‍ നിലവറയില്‍ വാഴപ്പഴമോ കാണും … അതും കഴിച്ചു ഉച്ചയോടെ രണ്ടു മണിക്ക് ഉണ്ണാനായി എത്തും .. പരിപ്പും നെയ്യും ഒഴിച്ചു ചോറ് കഴിക്കും …തൈരും ,സാമ്പാറും , പിന്നെ ഒരുപാട് ഇലക്കറികളും ഉണ്ടാകും … അത് കഴിഞ്ഞാല്‍ കഴിക്കാനായി മാമ്പഴവും അല്ലെങ്കില്‍ പൈനാപ്പിള്‍ ...

 

 

ഒന്ന് മയങ്ങുംപോഴേക്കും വീണ്ടും കളിക്കാനായി നാലുമണി ആയിരിക്കും .. നൂലുപ്പിട്ടോ അല്ലെങ്കില്‍ അരിയും തേങ്ങയും ഇട്ടു അരച്ചെടുക്കുന്ന അപ്പമോ ഉണ്ടാകും ..അതും കഴിച്ചു വീണ്ടും കളികളിലേക്ക് … ആറുമണിയോടെ വീണ്ടും പുഴക്കടവിലേക്ക് … വെള്ളത്തില്‍ നീന്തി “വെള്ളത്തില്‍ പന്ത് കളിയും ” ..അപ്പോഴേക്കും നാമം ജപിക്കാന്‍ സമയം വൈകിയിരിക്കും … നാമജപത്ത്തോടെ കോലായിലേക്ക് കേറും … സമീപ വീടുകളില്‍ നിന്ന് ആരെങ്കിലും വന്നിരിക്കും … തുടര്‍ന്ന് അവരുടെ സംസാരം കേട്ടിരിക്കുമ്പോഴേക്കും അത്താഴത്തിനു വിളിച്ചിരിക്കും … പപ്പടം ചുട്ടതും , മുളകുമാങ്ങ ഉപ്പിലിട്ടതും കൂട്ടി ഭക്ഷണം .. ഇന്ജ്ജിക്കറിയോ , ചേമ്പും കൊള്ളും കൂട്ടി വേറെ എന്തെങ്കിലും കൂടെ കാണും ..അതും കഴിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് .. അന്നത്തെ വിശേഷങ്ങള്‍  പറയുന്നതിനിടയില്‍ ചക്കരക്കിഴങ്ങു ച്ചുട്ടതുമായി അമ്മ എത്തിയിരിക്കും .. അതും കഴിച്ചു എന്തെങ്കിലും സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയിരിക്കും കണ്ണ് തുറന്നു വീണ്ടും അടുത്ത ദിവസത്തേക്ക് … അതായിരുന്നു അവധി ദിനങ്ങള്‍ …. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ..

ഇപ്പോഴും പാലക്കാട്‌  വീട്ടില്‍ എത്തിയാല്‍ കളികളൊഴികെ ഇതേ ശീലങ്ങള്‍ …. തേന്‍മധുരം പകര്‍ത്തി മാമ്പഴവും, നിലവറയും , പഴക്കുലകളും അവിടെയുണ്ട് … 🙂

ഓര്‍ക്കുകയായിരുന്നു , ഇന്നത്തെ തലമുറയ്ക്ക് എന്തൊക്കെയാണ് നഷ്ട്ടപ്പെടുന്നതെന്ന് … നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല .. ഇതു വായിച്ച കുറച്ചു പേര്‍ക്കെങ്കിലും അവരുടെ ചെറുപ്പകാലം ഓര്‍മ്മയില്‍ വിരിഞ്ഞിരിക്കുമെന്ന കണക്കുകൂട്ടലില്‍ തല്ക്കാലം വിട …

ശരിയപ്പോ

സജിത്ത്

 https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.