നാടണയുന്ന നന്മകൾ

കഴിഞ്ഞ ഒരു വർഷം ഒരക്ഷരം പോലും ഈ ബ്ലോഗ് താളിൽ കുറിക്കാൻ പറ്റിയില്ല എന്ന് തിരിച്ചറിയുമ്പോൾ കൈ വിറക്കുന്നു … ഇനിയതിനു കഴിയില്ലേ എന്നൊരു തോന്നൽ …

 

ഇടക്കെപ്പോഴോ നിശബ്ദതയെ ഏറെക്കുറെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു … അതിനിടയിൽ ആരൊക്കെയോ പറഞ്ഞു , നീയെന്താ ഒന്നും കാണുന്നുന്നില്ലേ കേൾക്കുന്നില്ലേ .. പതിയെ പതിയെ അവയുടെ ശക്തി കൂടി ..

നീയൊരു ബൃമ്മാണ്ടമാണല്ലോ  ( ഒന്നിലും പ്രതികരിക്കാതെ മുന്നോട്ടു പോകുന്നവരെ ലോക്കൽ ആയി വിളിക്കുന്ന പേര് )

എന്ന് വരെ എത്തി … 

നമ്മെ രൂക്ഷമായി പ്രോകോപിക്കുന്ന സാഹചര്യത്തിൽ പോലും നിശബ്ദമായി ഇരിക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല എന്നറിയാത്ത ഒട്ടനേകം പേരാണ് ചുറ്റുമുള്ളത് എന്നത് ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവായിരുന്നു ..

സത്യത്തിൽ എന്തും തുറന്നു പറയാനുള്ള സോഷ്യൽ മീഡിയയിലെ സ്വാതന്ത്ര്യം ഈയിടെയായി നമ്മളെ കുറച്ചുകൂടെ അഗ്ഗ്രസിവ് ആക്കിയിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു … എന്ത് എങ്ങനെ ആരോടെപ്പോൾ പറയണം എന്ന് കൈമോശം വന്നു കൊണ്ടിരിക്കുന്ന ഒരു സമയത്തുകൂടെയാണ് കടന്നു പോകുന്നതെന്ന് തോന്നുന്നു …

കുറേക്കാലം മുൻപൊക്കെ മുതിർന്നവരെ ( നന്നേ പ്രായമായവരെ ) കാണുമ്പോൾ പ്രായത്തിൻറെ ബഹുമാനത്തിൽ ഇരുന്നിടത്തു നിന്നും ഒന്നെഴുന്നേൽക്കുകയോ , ബസിലാണെങ്കിൽ അവർക്കു സീറ്റൊഴിഞ്ഞു കൊടുക്കുകയോ ചെയ്തത് ഓർക്കുന്നു .. ഈയിടെയായി ആ പതിവ് കുറഞ്ഞു വരുന്നു എന്ന് നിസംശയം പറയാം .. പ്രായമായവർക്ക് വേണ്ടിയുള്ള   സീറ്റുണ്ടല്ലോ പിന്നെന്തിനു നമ്മുടെ സീറ്റു ഒഴിഞ്ഞു കൊടുക്കണം … അങ്ങനെ കൊടുക്കാൻ ആണെങ്കിൽ പിന്നെ ഇരിക്കാൻ നേരം കിട്ടില്ല എന്നിങ്ങനെ പോകുന്നു ന്യായങ്ങൾ …

 
പതിനഞ്ചു പൈസക്ക് നൂല് മിഠായിയും ഇരുപത്തഞ്ചു പൈസക്ക് പുളിയിഞ്ചി മിഠായിയും അമ്പത് പൈസക്ക് പേരക്കയും ചോളകവും കിട്ടിയിരുന്ന സമയത്തു ഡയറി താളിലോ , അരി പാത്രത്തിലോ അല്ലെങ്കിൽ തവിടും പാത്രത്തിലോ വെക്കുന്ന നാണയത്തുട്ടുകൾ ആരും കാണാതെ എടുത്തു അത് കൂട്ടുകാരോട് പങ്കിട്ടു വെച്ചിരുന്ന ബാല്യം ഓർക്കുന്നു … അങ്ങനെ ഒരിക്കൽ തപ്പുന്നതിനിടയിൽ ഡയറിയിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു നോക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ടത് ഓർക്കുന്നു …

 

മുൻപ് ഇതുപോലെ ആരും കാണാതെ ചെയ്തത് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ ക്ഷമിക്കാം എന്ന ഉറപ്പിന് മേൽ അന്ന് ചെയ്ത വലിയ തെറ്റ് ഏറ്റു പറഞ്ഞതോർക്കുന്നു …

ഇടക്ക് വല്ലപ്പോഴും ആരും കാണാതെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുത്തു അരി തിളക്കുമ്പോൾ അതിലിടാറുണ്ട് .. …….

അത് മുഴുവൻ പറഞ്ഞു തീരാൻ വിടാതെ പട്ടാള ചിട്ടയിൽ ഉടൻ മറുപടി വന്നു ..

” hands up and 50 jumps “

ഉച്ചവെയിലേറ്റു കൈ പൊക്കി അമ്പതു പ്രാവശ്യം ചാടുന്നതിനിടയിൽ പറഞ്ഞത് ജീവിതത്തിൽ ഒരിക്കലും തെറ്റിച്ചിട്ടില്ല ..

“അനുവാദമില്ലാതെ ആരുടേയും ഒന്നും എടുക്കരുത് “

പിനീടെപ്പോഴോ വളർച്ചയുടെ ഏതോ ഘട്ടത്തിൽ അത് മനസിലായി ..

“ഡയറി എന്നത് സ്വകാര്യമാണ് … കുളിക്കുമ്പോൾ കതകിലൂടെ എത്തിനോക്കുന്നതിനേക്കാൾ വൃത്തികെട്ട ഒന്നാണ് ..” അത് പോലെ ആരുടെയെങ്കിലും എന്തെങ്കിലും എടുത്തു നമ്മൾ എവിടെയും എത്താൻ പോകുന്നില്ല ..

ഇന്ന് ഒരളവിൽക്കവിഞ്ഞു  ആരെയും  വഴക്കുപോലും പറയാൻ പറ്റാത്ത സ്ഥിതിയാണ് …

സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും  സാധാരണമാകുമ്പോൾ  എന്ത് എപ്പോൾ എവിടെ പോസ്റ്റ് ചെയ്യണം എന്ന് മനസിലാക്കിയാണോ ചെയ്യാറുള്ളത് എന്നും ഓർക്കാറുണ്ട് .. പതിനാലാം ജന്മ ദിനത്തിൽ കുട്ടിയുടെ
ആറുമാസം പ്രായമായ ഫോട്ടോ സ്കാൻ ചെയ്തു ആശംസ നേർന്ന അമ്മയോട് “ഉടുപ്പില്ലാത്ത എന്റെ ഫോട്ടോ എന്തിനിട്ടു ” എന്ന് പറഞ്ഞു വഴക്കടിക്കുന്ന ഒരു ഗ്രാമ പശ്ചാത്തലത്തിൽ നിന്നിതെഴുതുമ്പോൾ കാണുന്നത്  
മനസ്സിൽ വേറെന്തൊക്കെയോ ഒളിപ്പിച്ചു വെച്ച് ജീവിതത്തിലും അഭിനയിക്കുന്നകുറച്ചു പേരെയാണ്  ..എന്തിനു വേണ്ടി ആർക്കു വേണ്ടി …

 
ഇവിടെ നാട്ടിൻപുറത്തു പുഴക്കരയിലേക്കു നടന്നു പോകുമ്പോൾ , ചിലർ ചോദിക്കാറുണ്ട് .. ” കുളിക്കാൻ പോകുകയാണല്ലേ ” .. രാവിലെ ബാഗുമായി സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ ഉറപ്പായും ഒരു ചോദ്യം വരും ” സ്‌കൂളിലേക്കാ ? ” .. അനാവശ്യമായി എന്തിനിത്ര ചോദ്യങ്ങൾ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് … പിന്നെപ്പിന്നെ അത് മനസിലായി .. അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലുമായി സംസാരിക്കാൻ വേണ്ടിയാണ് അത്തരം സന്ദർഭങ്ങൾ എന്ന് ..

 
ഇപ്പോഴും ഒന്നോ രണ്ടോ മണിക്കൂർ എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ വീട് തുറന്നിട്ട് പോകുന്ന അമ്മയെ കാണുമ്പോൾ ചോദിക്കാറുണ്ട്

.. ആരെങ്കിലും വല്ലതും എടുത്തിട്ട് പോയാലോ ?
ഏയ് .. അപ്പുറത്തെ വീട്ടിൽ ആൾക്കാരുണ്ടല്ലോ …

അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ ചോറിനു കറി എന്താണെന്നുവരെ അന്വോഷിക്കുന്ന അമ്മയോട് പലപ്പോഴും പറയാറുണ്ട് …

“എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതു … നമ്മുടെ കാര്യം നോക്കിയാൽപ്പോരേ “

പക്ഷെ പതിയെ തിരിച്ചറിയുകയായിരുന്നു …

ഇവിടെ നാട്ടിൻ പുറത്തു അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ ആരൊക്കെയാണ് വരുന്നത് … എന്താണ് കറി എന്ന് വരെ അറിയാം .. അത്രയും ആഴമുള്ളതാണ് ആ ബന്ധങ്ങൾ … രണ്ടു വർഷം ഒരു ഫ്ലാറ്റിൽ  താമസിച്ചിട്ടും അപ്പുറത്തെ ഫ്ലാറ്റിൽ ആരാണ് ഉള്ളതെന്ന് അറിയാത്ത സാഹചര്യം ഉള്ളപ്പോൾ ഓർക്കുന്നു ,

ചില നന്മകൾ നാടണയുന്നില്ലേ …. ………………… …

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

© 2017, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2017 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.