ത്രിപ്പൂത്താറാട്ടിന്റെ തീരങ്ങളിലൂടെ …..

തുടങ്ങുന്നതിനു മുന്‍പ് …..

ഈ ബ്ലോഗിലെ ഓരോ ലേഖനത്തിലൂടെ പോകുന്നവര്‍ക്കും പുതിയതായി  എന്തെങ്കിലും അറിവ് കിട്ടിയിരിക്കണമെന്നും   അറിഞ്ഞുകൊണ്ട്  സത്യമല്ലാതെ വേറൊന്നും എഴുതില്ലെന്നുമുള്ള ഉറപ്പുമാത്രമേ ലേഖനത്തിനായി മണിക്കൂറുകള്‍ ചിലവഴിക്കുമ്പോഴും  മുന്നിലുള്ളൂ …

ഈ ലേഖനത്തിലൂടെ പറഞ്ഞുപോകുന്നത്  വളരെയധികം തിരയിളക്കമുണ്ടാക്കിയ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ   ത്രിപ്പൂത്താറാട്ടിനെക്കുറിച്ചാണ് … എനിക്ക് മുന്‍പും കഴിവുള്ള ഒരുപാട് പേര്‍ എഴുതുകയും വാദപ്രദിവാദങ്ങള്‍ നടത്തുകയും ചെയ്ത വിഷയമായിട്ടുകൂടി  ഇപ്പോഴിതെടുത്തിടാന്‍  കാരണം  ഇന്നലെ ഫെയിസ്ബൂകില്‍ കണ്ട ഒരു വാചകമാണ് 

 

 

 

 

 

 

 

 

പിന്നെ അതിനെതിരെ പ്രതികരിച്ച ആരുടെയോ ഫെയിസ്ബുക്ക്അകൌണ്ട്  ഡിലീറ്റ് ചെയ്യുന്നതിലും എത്തി നില്‍ക്കുന്നു .. ഈ ലേഖനം മുഴുവനായി വായിക്കാന്‍ സമയം ഉള്ളവര്‍ മാത്രം മുനോട്ടുപോയാല്‍ നന്നായിരിക്കുമെന്ന ആഗ്രഹത്തോടെ   

__________________________________________________________
“ചെങ്ങന്നൂരുള്ള ക്ഷേത്രത്തിലെ ദേവിക്ക് ആര്‍ത്തവം ഉണ്ട് എന്നവകാശപ്പെടുന്ന ക്ഷേത്രക്കമ്മിറ്റിക്കാര്‍ അതിന്റെ പേരില്‍ ഉത്സവം നടത്തുകയും പത്രവാര്‍ത്ത കൊടുക്കുകയും ചെയ്യുന്നു….ഈ ആര്‍ത്തവ രക്തം പുരണ്ട തീണ്ടാരി തുണി അവിടെ വില്പനയ്ക്കും ഉണ്ട് എന്നതാണ്…..അത് എത്രയോ വര്‍ഷങ്ങള്‍ വരെ ഉള്ളത് ബുക്കിംഗ് ആണത്രേ –ദൈവിക ഋതു !

കല്‍വിഗ്രഹത്തിനു ആര്‍ത്തവം ഉണ്ടാകുന്നു എന്ന വാദം ശാസ്ത്രീയമായി തെറ്റല്ലേ ? അങ്ങനെയെങ്കില്‍ ആ പ്രതിമക്കു കുട്ടികള്‍ ഉണ്ടാകുമോ  ? അതാരുടെയാവാം  … കോടതിയില്‍ ഈ ത്രിപ്പൂത്താറാട്ടിന്റെ ശാസ്ത്രീയതയും തെളിയിക്കാന്‍ കേസ് കൊടുക്കുന്നവര്‍ ബാദ്ധ്യസ്തര്‍ ആകേണ്ടി വരും”   എന്നിങ്ങനെ പോകുന്നു   …
__________________________________________________________

 ഒരു വാക്കില്‍ മറുപടി പറയാന്‍ പറ്റാത്ത ഒന്നായതുകൊണ്ടാണ്  സമയമെടുത്ത്‌ എഴുതാമെന്ന് കരുതിയത്‌ ..  ഒരു ഹിന്ദുവായി ജനിച്ചത്‌ എന്റെ കുറ്റമല്ലെന്നും അതുകൊണ്ട് മാത്രം പറയുന്നത് തെറ്റാണെന്നുമുള്ള ഒരു വാദഗതിയും ഈ ലേഖനം വായിക്കുന്ന  കോമണ്‍സെന്‍സുള്ള ആരും പറയില്ലെന്ന ധാരണയില്‍ തുടര്‍ന്നെഴുതട്ടെ  …

അവിടെ കമന്റ് ചെയ്ത മിക്കവര്‍ക്കും ആ ക്ഷേത്രത്തെക്കുറിച്ച്  അറിയാമെന്നോ , അവിടെ പോയിട്ടുണ്ട് എന്ന മിഥ്യാധാരണയോന്നുമില്ല  എന്നതുകൂടെയാണ് ഈ പോസ്ടിനാധാരം  … ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്  വിഷയത്തിലോട്ട്‌ വരാം …

ഹിന്ദുവിശ്വാസങ്ങളും , അങ്ങിങ്ങായി പരന്നു കിടക്കുന്ന  ക്ഷേത്രങ്ങളെയുംകുറിച്ച്  വ്യക്തമായി എഴുതപ്പെട്ട  ഒരു ആധികാരിക രേഖയും ഇല്ലെന്നതാണ് വാസ്തവം .. അവ നൂറ്റാണ്ടുകളായി വാമൊഴികളിലൂടെ , പുള്ളുവന്‍ പാട്ടുകളിലൂടെ , കാലാകാലങ്ങളില്‍ അവിടെ ജീവിച്ചു മരണപ്പെടുന്നവരുടെ വാക്കുകളിലൂടെ , ഐതിഹ്യങ്ങളിലൂടെ  പിന്നെ  അറിഞ്ഞോ അറിയാതെയോ നശിപ്പിക്കാന്‍ ആരൊക്കെയോ ശ്രമിച്ചിട്ടും ഒരു ജനതയുടെ വിശ്വാസമായി  ഇന്നും ജീവിക്കുന്നു …

ക്ഷേത്രത്തിന്റെഉല്‍പ്പത്തിയെക്കുറിച്ച്


മഹാശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും, ദേവിക്ക്  പ്രാധാന്യമുള്ള   ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ചെങ്ങനൂര്‍. മഹാദേവക്ഷേത്രം…

ക്ഷേത്രത്തിന്റെഉല്‍പ്പത്തിയെക്കുറിച്ച്  പ്രധാനമായി പറയെപ്പെടുന്നത്   ..

 

ശിവ പാര്‍വതിമാരുടെ വിവാഹത്തിനു മൂന്നു ലോകവും കൈലാസത്തില്‍ ഒത്തു ചേര്‍ന്നപ്പോള്‍, ഭൂമിക്കു ചരിവ് വന്നു, അത് മനസ്സിലാക്കിയ ബ്രമ്മാവ് അഗസ്ത്യ മുനിയോടു പറഞ്ഞു തെക്ക് ശോണാദ്രിയില്‍ പോയി നില്‍ക്കുക എന്ന്, അങ്ങനെ ഭൂമിക്കു ബാലന്‍സ് കിട്ടി. വിവാഹ ശേഷം ശിവ പാര്‍വതിമാര്‍ ശോണാദ്രിയില്‍ വന്നു അഗസ്ത്യനെ വണങ്ങി. ആ സമയത്ത് ദേവിക്ക് മാസമുറ വരികയും ഏഴു ദിവസത്തേക്ക് അവിടെ തങ്ങുകയും ചെയ്തു, അങ്ങനെ ചെങ്ങനൂരില്‍ ശിവ പാര്‍വതി ചൈതന്യം ഉണ്ടായി. ശോണാദ്രിയുടെ മലയാളമായ ചുവന്നകുന്ന് ഉള്ള ഗ്രാമം ലോപിച്ച് ചെംകുന്നു  ഊര്, ചെങ്ങനൂര്‍ ആയി.   ചെങ്ങനൂരും കൊടുംകാടായി കിടന്നു, ഒരുനാള്‍ ഒരു ബാലിക പുല്ലരിയാന്‍ വരികയും അതില്‍ അരിവാള്‍  മൂര്‍ച്ചയാകാനായി രാകിയപ്പോള്‍  ശിലയില്‍ നിന്ന് രക്തം വരികയും ചെയ്തു… വിവരം അറിഞ്ഞ  ഭൂ ഉടമയായ വഞ്ഞിപ്പുഴ തമ്പുരാനും തന്ത്രി ശ്രേഷ്ടനായ താഴമണ്‍ പോറ്റിയും അവിടെ വന്നു ചേരുകയും ശിലയില്‍ മുപ്പതു പറ നെയ്‌ കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തു. പെരുംതച്ചനാണ്  ആ  ശില ശിവ ലിംഗം ആണെന്നും , ആ സ്ഥലത്തിന്‍റെ വായു കോണില്‍ ദേവി വിഗ്രഹം മണ്ണിനു അടിയില്‍ ഉണ്ട് അത് തിരഞ്ഞെടുത്ത്, പ്രധാന പ്രതിഷ്ഠ ശിവന്‍ ശ്രീ കോവിലിലും ദേവിയെ ഗര്‍ഭഗ്രഹത്തിലും പ്രതിഷ്ഠിക്കുക എന്ന് പറഞ്ഞത് . അങ്ങനെ  പെരുംതച്ചന്‍റെ നേതൃത്തത്തില്‍ ചെങ്ങനൂര്‍ മഹാ ക്ഷേത്രം പണിതു …. ഇതു പിന്നീടു കത്തി നശിച്ചു പോവുകയും, തിരുവിതാംകൂര്‍  രാജക്കന്മാരുടെ കാലത്ത്  തഞ്ചാവൂരില്‍  നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തില്‍  വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു…വളരെയേറെ വര്ഷം  നീണ്ടുപോയ ക്ഷേത്ര നിര്‍മ്മാണമായിരുന്നുവത്രേ അത്  .. പല അവസരങ്ങളിലും ക്ഷേത്ര നിര്‍മ്മാണം നിന്നുപോകുകയും വീണ്ടും തുടര്‍ന്നെങ്കിലും പെരുന്തച്ച്ചന്‍  നിര്‍മ്മിച്ച കൂത്തമ്പലം മാത്രം പുനര്‍ നിര്‍മ്മിക്കാന്‍  കഴിഞ്ഞില്ല… തേവരുടെ കണ്ണുകളില്‍ നിഴലിക്കുന്ന രൗദ്രതയാണത്രേ ഒരിക്കല്‍  ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാന്‍  ഇടയാക്കിയത് എന്നത് കുറേപ്പേര്‍ വിശ്വസിക്കുന്നു ..

അര്‍ദ്ധനാരീശ്വര സങ്കല്പത്തിലുള്ള രൗദ്രതയാര്‍ന്ന മഹാകാലനാണ് പ്രതിഷ്ഠ…പശ്ചിമ ദിക്കിലേക്ക് ദര്‍ശനമരുളി പ്രധാന ശ്രീകോവിലില്‍  ദേവനു പുറകിലായി സതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാര്‍വ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയാണ് സങ്കല്പം … നിരവധി ഉപദേവപ്രതിഷ്ഠകളാല്‍  സമ്പന്നമാണ്  ക്ഷേത്രം ..  ഒരുനാള്‍ രാവിലെ ശാന്തിക്കാരന്‍ നടതുറന്നു നിര്‍മാല്യം മാറ്റുന്ന നേരം ദേവിയുടെ ഉടയടയില്‍ രക്തം കണ്ടു,  ശാന്തിക്കാരന്‍ ഉടന്‍ തന്നെ വഞ്ഞിപ്പുഴയിലും താഴമണ്ണിലും വിവരം അറിയിച്ചു. ആട കണ്ട വഞ്ഞിപ്പുഴ തമ്പുരാട്ടിയും താഴമണ്‍ അന്തര്‍ജനവും അത് ആര്‍ത്തവ രക്തം ആണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് എല്ലാ മാസവും ദേവി ഋതുവായി തുടങ്ങി .. രജസ്വലയാകുന്നതിനാണ്‌ “തൃപ്പൂത്ത്” എന്നു പറയുന്നത്  അതിനുശേഷം പ്രധാന ശ്രീകോവിലില്‍  നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും നാലാം പക്കം ആനപ്പുറത്ത് പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് “തിരുപ്പൂത്താറാട്ട്‌”.  ആ ദിവസങ്ങളില്‍ പൂജയും ദീപാരാധനയും നടത്തുന്നത്  താഴമണ്‍  തന്ത്രിയാണ് … തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാന്‍  ചെങ്ങന്നൂര്‍   തേവര്‍ തന്നെ കിഴക്കേ ആനക്കൊട്ടിലില്‍  എഴുന്നള്ളി നില്‍ക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പിന്  ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു…കാലക്രമത്തില്‍ തൃപ്പൂത്ത് എല്ലാ മാസവും വരുന്നില്ലെങ്കിലും ഇടക്കിടെക്ക് മൂന്നോ നാലോ തവണ  തൃപ്പൂത്ത് ഉത്സവം നടത്താറുണ്ട്‌ എന്നാണ് പുതിയ അറിവ്  …

 ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിനു മാത്രമേ ഇപ്രകാരം ആര്‍ത്തവസ്രാവം കാണാറുള്ളു. കേണല്‍  മണ്‍റോ ( 1700–1757) ഇവിടെയെത്തി തൃപ്പൂത്ത് അനാചാരം ആണെന്നു പറഞ്ഞ്‌ അതിനുള്ള ചെലവ്‌ വെട്ടിക്കുറചെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദേഹത്തിന്റെ ഭാര്യക്ക് അമിതരക്തസ്രാവതെത്തുടര്‍ന്നു  700  രൂപ ( അന്നത്തെക്കാലത്തെ 700   ഇപ്പോ ഏഴുലക്ഷതിലതികം  ) ഈ ഉത്സവം നടത്തുന്നതിനായി സ്വന്തം സമ്പാദ്യത്തില്‍ നിന്നും നല്‍കിയതിനെത്തുടര്‍ന്ന് സുഖമായെന്നും “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” എന്ന പുസ്തകത്തിലും ക്ഷേത്രം രേഖകളിലും പറയെപ്പെടുന്നു ..

അവരുടെ സൈറ്റ് പരിശോധിച്ചാല്‍ ഈ പറഞ്ഞത് ബോധ്യമാകും ..  തൃപ്പൂത്ത്‌ അടയാളമുള്ള ദേവിയുടെ ഉടയാടയ്ക്കു വേണ്ടീ ഇന്ത്യയുടെ പല  ഭാഗത്തു നിന്നുമായി ഒരുപാടുപേര്‍  രെജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്‌  ..മുന്‍ പ്രസിടന്റ്റ്  വി.വി.ഗിരി,മുന്‍  ഗവര്‍ണ്ണര്‍ ജ്യോതഇ വെങ്കിടചെല്ലം, സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മി,ചിതിര തിരുന്നാള്‍  തുടങ്ങി പലരും അവിടെ നിന്നും ഉടയാട വങ്ങിയിട്ടുണ്ട് … ലഭ്യമായ അറിവനുസരിച്ച്  2090  വരെയോ അതിനു മേലെയോ വരെയുള്ള രേജിസ്ട്രറേന്‍ കഴിഞ്ഞിരിക്കുന്നു .. ഒരുപാട് പ്രശസ്തര്‍ ഇവ വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു …

 മേല്‍പ്പറഞ്ഞവയാണ്  ക്ഷേത്രം സംഭന്ധിച്ച ചില അറിവുകള്‍  അല്ലെങ്കില്‍ വസ്തുതകള്‍ …

ഇതൊക്കെ അറിഞ്ഞിട്ടാണോ  നൂറ്റാണ്ടുകളായി  ചിലര്‍ തുടരുന്ന ആചാരങ്ങളെ അല്ലെങ്കില്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും  ആഭാസമായ രീതിയില്‍ കൈകാര്യം ചെയ്യാനും  കമന്റ് പറഞ്ഞവര്‍ മുതിര്‍ന്നതെന്ന് നിശ്ചയമില്ല .. ഇതെല്ലാം സത്യമാണെന്നും ഈ മേല്‍പ്പറഞ്ഞത്‌ മാത്രമാണ് സത്യമെന്നും ഞാനും പറയുന്നില്ല  … പക്ഷെ ആരുടെയാണെങ്കിലും , വിശ്വാസങ്ങളെ ചോദ്യം ചെയ്യാനും പരിഹസിക്കാനും നമ്മള്‍ മുതിരണോ ? പ്രാദേശികമായ പല ആചാരങ്ങളും പാരമ്പര്യവും ഓരോ  ദേശത്തിനും അവകാശപ്പെട്ടതാണ് …വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം , അല്ലാത്തവര്‍ക്ക് അവരുടെതായ വഴിയെ പോകാം .. പക്ഷെ അന്യരുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഒരു ഭരണഘടനയും  നമുക്ക് അധികാരം തന്നിട്ടില്ല … എല്ലാവരെയും അവരുടെതായ വഴിയെ ജീവിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ കടമയാണ്  കടമ നിറവേറ്റാത്തവര്‍  അവകാശങ്ങളെക്കുറിച്ച് പറയുന്നതില്‍ എന്തര്‍ത്ഥം …ആരെയും നിര്‍ഭന്ധിച്ചു അമ്പലത്തില്‍ പോകാനോ , ആ പറയുന്ന ഒന്നും വാങ്ങാനോ പറയാത്തിടത്തോളം  വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ നമ്മളാരു ?   ഭാരതത്തിലെ ഒരു കോടതിയിലും മേല്‍പ്പറഞ്ഞ ഒരു കേസും നിലനില്‍ക്കില്ല …കാരണം വിശ്വാസം അതിനെക്കാള്‍ മേലെയാണെന്ന് മുന്‍പ് പല വിധിന്യായങ്ങളിലും   പ്രസ്താവിക്കപ്പെട്ടിട്ടുണ്ട് …

നമുക്ക് അറിവ് വളരുന്തോറും പഴയ ആള്‍ക്കാര്‍ ചെയ്തു പോന്നിരുന്നത് തെറ്റാണെന്ന് തോന്നാം , തെളിയിക്കാം … പ്രസ്താവിക്കാം ..പക്ഷെ നമ്മുടെ വഴി പിന്തുടരണമെന്നും മറ്റും പറയുന്നത് ഒരുമാതിരി അടിമത്തമല്ലേ .. എല്ലാവര്‍ക്കും അവരുടെതായ വിശ്വാസ പ്രമാണങ്ങളില്‍ ജീവിക്കാന്‍ അവകാശമില്ല്യെ..

ചെറിയ കാര്യം കൂടെ ഓര്‍മ്മയില്‍ വരുന്നു … പണ്ട്  മുത്തശന്റെ കൈയും പിടിച്ചു ആലിലയില്‍ പകര്‍ന്നു തന്ന പായസം നുണഞ്ഞുകൊണ്ട്   സന്ധ്യനേരത്ത്‌  ആല്‍ത്തറയില്‍ അങ്ങനെ ഇരുന്നു പറയുമായിരുന്നു ..

 കുറച്ചു നേരം കൂടെ നമുക്കിവിടിരിക്കാം .. എന്ത് നല്ല കാറ്റാ …

പല്ലുകള്‍ കൊഴിഞ്ഞ മോണകാട്ടി ചിരിച്ചുകൊണ്ട് പറയുമായിരുന്നു , പറ്റില്ല്യ , അതുവേണ്ട മോന്തിയായാല്‍ ( രാത്രിയായാല്‍ ) അമ്പലത്തറയില്‍ ഇരിക്കാന്‍ പാടില്ല …
അതെന്താ  ?  എന്ന ചോദ്യത്തിന് മുന്നില്‍  എന്ത് പറയണം എന്നാലോചിച്ചു പറയുമായിരുന്നു

രാത്രിയായാല്‍ ദേവി വരും ……

അതിനു   ഭഗവതിയെ അടച്ചില്ലേ , പിന്നെങ്ങനെയാ ..

.
ദേവി വന്നില്ലെങ്കില്‍ , പാലമരത്തില്‍ നിന്നും വേറൊരു ദേവി ഇവിടെ വരും … നമ്മളെക്കണ്ടാല്‍ കഴിഞ്ഞത് തന്നെ കഥ …

കാലം ഒരുപാട് കഴിഞ്ഞെങ്കിലും അതങ്ങനെ മനസ്സില്‍ കിടക്കാറുണ്ട് … പിന്നെടെപ്പോഴോ വായിച്ചിട്ടുണ്ട്  ആല്‍മരത്തിനാണത്രെ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ അല്ലെങ്കില്‍ പ്രാണവായു അന്തരീക്ഷത്തില്‍ പകരാനുള്ള കഴിവ് …അതുപോലെ രാത്രിയില്‍ കൂടുതല്‍  കാര്‍ബണ്‍ഡയോക്സൈട്  പുറന്തള്ളുകയും ചെയ്യും …അതുകൊണ്ടാണ്  അങ്ങനെ പറഞ്ഞിരുന്നത്  … പഴയ ആള്‍ക്കാര്‍  പറയുന്ന  ന്യായമോ കാരണങ്ങളോ പലതായിരിക്കും , പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒളിഞ്ഞു കിടക്കുന്ന ഒരുപാട് സത്യങ്ങള്‍ നമുക്ക് കണ്ടെത്താം … ഇന്നുള്ള പലതും പണ്ട് ഉണ്ടായിരുന്നവരുടെ രൂപപരിഷ്കരണമാണെന്നു   ഒരു പ്രമുഖ ശാസ്ത്രഞ്ജന്‍ അഭിപ്രായപ്പെട്ടത് ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു …

മകരജ്യോതി മനുഷ്യനിര്‍മ്മിതമെന്നും , മകരനക്ഷത്രം പ്രകൃതിസൃഷ്ടിയെന്നും പറഞ്ഞിട്ടും ഒരുപാടുപേര്‍  കഴിഞ്ഞവര്‍ഷവും അപകടത്തില്‍പ്പെട്ടല്ലോ …വിശ്വാസിയെ തിരുത്താം , പക്ഷെ അന്ധവിശ്വാസിയെ ?

മുലപ്പാല്‍ പോലും കാശിനു കുപ്പിയില്‍ക്കിട്ടുന്ന ഈ ആഗോളവല്‍ക്കരണകാലത്ത് ഭക്തിയും കച്ചവടമാണല്ലോ  … ലോകം മുഴുവന്‍ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് , നമ്മളൊക്കെ സ്വയം വിലപേശപ്പെടുന്ന പ്രൊഡക്റ്റും … നന്നായി മാര്‍ക്കറ്റ് ചെയ്യാനറിയുന്നവന്‍ കാശുണ്ടാക്കുന്നു … പിന്നെയീ രജസ്വലയാവുന്നത്  മാസം മാസം  സംഭവിക്കുന്ന ഒന്നാണല്ലോ … ഭക്തിയെ വിറ്റു കാശാക്കുന്നാവ്ര്‍ക്ക് വേണമെങ്കില്‍ എല്ലാ മാസവും ഉത്സവം നടത്താം 😉   .

“മുടിയും നഘവും എല്ലാം ബോഡിവെയിസ്റ്റെന്നു  പറഞ്ഞത്  ഇതിനുകൂടെ ബാധമല്ലോ എന്ന് മനസ്സില്‍   ഓര്‍ത്തു  ബാക്കിയുള്ളവര്‍ക്ക്  വിശ്വാസികളെ അവരുടെ പാട്ടിനു വിടാം ”  ശല്യമാകാത്തിടത്തോളമോ , ആരെയും  നിര്‍ഭന്ധിക്കാത്തിടത്തോളമോ  വിശ്വാസികള്‍ വിശ്വസിക്കട്ടെ …. അവരെ അവരുടെ പാട്ടിനു വിടാം … അതല്ലേ നല്ലതെന്ന്  വിനീതമായി ഓര്‍മ്മപ്പെടുതിക്കൊണ്ട്  തല്ക്കാലം വിട …

ഈ ലേഖനം ആരെയും വേദനിപ്പിക്കുക എന്ന ഉദ്യെശത്തോടെയോ , മതവികാരങ്ങള്‍ വ്രണപ്പെടുത്തുക എന്ന ഉദ്യെശത്തോടെയോ എഴുതിയ ഒന്നല്ല .. അറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചു എന്ന് മാത്രം … തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , തീരെ മച്ചുരിറ്റി വരാത്ത ഒരുത്തന്റെ വിവരക്കേടാണ്  ….

നന്ദി :-  വിവരങ്ങള്‍ പങ്കുവെച്ചു തന്ന ചെങ്ങന്നൂരിലെ സുഹൃത്തുക്കള്‍ക്ക് .. പുസ്തകങ്ങള്‍ക്ക് ..മറ്റു ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക്  …


സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.
 • Alicecheevel

  ആചാരങ്ങളും വിശ്വാസങ്ങളഉം ചോദ്യം ചെയ്യപ്പെടേണേടതില്ല എന്ന് നമുക്കെങ്ങനെ ശഠിക്കാനാവും…കുറെ ആളുകള് അത് വിശ്വസിക്കുന്നു എന്നതിന്റെ പേരില് വിശ്വസിക്കാനാകാത്തവര്ക്ക് അത് ചോദിക്കാനാവില്ല എന്ന് എങ്ങനെയാണ് പറയുക…മതങ്ങളെന്നല്ല, ആചാരങ്ങളെന്നല്ല…ലോകത്തിന്റെ ചരിത്രം തന്നെ പലപ്പോഴും ചദ്യം ചെയ്യപ്പെടും…വിമര്ശനാതീതമല്ല ഒന്നും തന്നെ….
  ‘അതെന്താ..?” എന്ന് ഒരു കുട്ടി മുത്തച്ഛനോട് ചോദിച്ചെങ്കില് മുത്തച്ഛന് പറഞ്ഞ കാര്യങ്ങള് കുട്ടിക്ക് വിശ്വാസയോഗ്യമല്ലായിരുന്നു എന്നതുകൊണ്ട് തന്നെയാണ്….മുത്തച്ഛന് അങ്ങനെ വിശ്വസിക്കാന് അവകാശമുണ്ടെങ്കില് ചോദ്യം ചോദിക്കാന് കുട്ടിക്കും അവകാശമുണ്ട്. അതിന് മുത്തച്ഛന് വൃണപ്പെട്ടിട്ട് കാര്യമില്ല….

  ഒരു കല്ലെങ്ങനെ ഋതുമതിയാകും എന്ന് ഒര്ള് സംശയം ചോദിച്ചാല് വൃണപ്പെടേണ്ടതില്ല…..അത് തെളിയിച്ച് കാണിക്കാനാവുന്ന കാര്യമാണെങ്കില് തെളിയിച്ചു കാണിക്കണം…..അല്ലാത്ത പക്ഷം അത്തരം(തൃപ്പുത്തെന്നല്ല…..ഏതുമത്തിലെ ആചാരമായിരുന്നാലും) ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കും…..

  • Sajithph

   ചോദ്യം ചെയ്യപ്പെടുന്നതിനോ വിമര്‍ശിക്കപ്പെടുന്നതിനോ ആരും എതിരല്ല … നമ്മുടെ യുക്തിക്കനുസരിച്ച് നമുക്ക് തോന്നുന്നത് സ്വീകരിക്കുകയും ആവാം …പക്ഷെ മറ്റുള്ളവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്ന രീതിയില്‍ ആഭാസകരമായി അവരുടെ വികാര വിശ്വാസങ്ങളെ ചവിട്ടിത്തേക്കാന്‍ നില്‍ക്കേണ്ടതുണ്ടോ എന്നൊരു വിനീത അഭിപ്രായമേ ബ്ലോഗ്‌ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ … ചോദ്യംചെയ്യുന്നതിനും വിമര്‍ശിക്കുന്നതിനും പരിഹസിക്കുന്നതിനും വിശ്വാസങ്ങളെ/വികാരങ്ങളെ വ്യഭിച്ചരിപ്പിക്കുന്നതിനും ഇടയില്‍ ഒരുപാട് വ്യത്യാസമുണ്ടല്ലോ … നമ്മുടെ വിശ്വാസം ശരിയെന്നു നമുക്ക് തോന്നിയതുകൊണ്ട് അത് മറ്റുള്ളവരുടെ മേലെ അടിചെല്‍പ്പിക്കാനും ശ്രമിക്കുന്നതിലെ വൈരുധ്യം കൂടെയാണ് ലേഖനത്തിലൂടെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചത്‌ .. ഒരു മതവും ചിലപ്പോള്‍ നമ്മുടെ സാമാന്യ യുക്തിക്ക് നിരക്കാത്ത ആചാരങ്ങളില്‍ നിന്നും വിമുക്തരല്ല …അതെല്ലാം ചൂണ്ടി ഈ ലേഖനം തെറ്റായ ദിശയിലേക്കു നയിക്കപ്പെടരുത് എന്നാ ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടാണ് അവ ഉള്‍പ്പെടുത്താതിരുന്നത് … ആചാരങ്ങള്‍ മിക്കപ്പോഴും കീഴുവഴക്കങ്ങളാണ് … താലപ്പര്യമില്ലതവര്‍ക്കോ വിശ്വാസം ഇല്ലാത്തവര്‍ക്കോ അവ ഉപേക്ഷിക്കാം ..അതെല്ലാം അനുഷ്ടിച്ച്ചിരിക്കണമെന്ന് ആരും എവിടെയും എഴുതി വെച്ചിട്ടില്ല .. നിബന്ധം പിടിചിട്ടുമില്ല … ഇത്രയും പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു വിശ്വാസിയാണെന്ന് അര്‍ത്ഥമില്ല്യ .. ഈ ലോകത്തിലെ എല്ലാ കാര്യവും തെളിയിചിട്ടല്ലല്ലോ നാം എടുക്കാര് … ചിലതെല്ലാം ഒരു വിശ്വാസമല്ലേ … വിശ്വാസമല്ല എല്ലാമെങ്കിലും ചിലതെല്ലാം വിശ്വാസമാണല്ലോ …. അതുകൊണ്ട് അത് പിന്തുടരുന്നവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലതെന്ന അഭ്പ്രായം മാത്രമേ പറയാന്‍ ശ്രമിച്ചള്ളൂ … ” കാണുന്നതില്‍ പകുതിയും കേള്‍ക്കുന്നതില്‍ നാലിലൊന്നും എടുക്കുക ” എന്നതാണ് പറഞ്ഞു കേള്‍ക്കാറ് …..

   • C S Babu

    നിരീശ്വരവാദികളോ യുക്തിവാദികളോ ആരെയും ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആരെയും അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാറില്ല, വിശ്വാസങ്ങളുടെ യുക്തി ചോദ്യം ചെയ്യുകയും അതിലൂടെ വിശ്വസികള്‍ക്ക് തങ്ങളുടെ വിശ്വാസം തെറ്റാണെന്ന് ബോദ്യപ്പെടുത്താനുമാണ് ഒരു യുക്തിവാദി ശ്രമിക്കാറ്.

    ഒരു പുരോഹിതനോ വിശ്വാസിയോ എങ്ങനെയാണ് തന്റെ വിശ്വാസം മറ്റുള്ളവരില്‍ എത്തിക്കുന്നത് ?. പുരോഹിതന്മാരും മതമേധാവികളും‍ കള്ളം‌പറഞ്ഞും പറ്റിച്ചും പേടിപേടിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആണ് തന്റെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കുന്നത്. അതിലൊന്നും ഒരു പ്രശ്നവും ഇല്ലല്ലേ. സ്വയം ചിന്തിക്കാനുള്ള പ്രായമാകുന്നതിനുമുന്‍പ് കുട്ടികള്‍ളുടെ തലയില്‍ വിശ്വാസം അടിച്ചേല്പ്പിക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത് ?

    പിന്നെ ഒരുകാര്യം ശ്രദ്ദിച്ചാല്‍ മനസിലാവും വിശ്വാസിക്ക് വികാരം വ്രണപ്പെടുന്നത്ത് ഈ ഉത്ത‌രം മുട്ടുമ്പോളാണ്, അത് വരെ വിശ്വാസി വാദിച്ച് നില്‍ക്കും.

    • Sajithph

     സുഹൃത്തേ , താങ്കള്‍ ഈ പറഞ്ഞതിനുള്ള ഉത്തരം നേരത്തെ എഴ്തിയ മറുപടിയിലും പിന്നെ ബ്ലോഗിലും ഉണ്ടെന്നതിനാല്‍ വീണ്ടും പറഞ്ഞു മുഷിപ്പിക്കുന്നില്ല …

 • Bhakthan

  ഇത് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ മാത്രമല്ല ….കൊല്ലം ജില്ലയിലെ അമ്പലംകുന്നിനു അടുത്തുള്ള മീയന നാഗയക്ഷിക്കാവ് ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലും ത്രിപ്പൂത് വിശേഷം ഉള്ളതാണ് ……ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ പോലെ ആറാട്ടും മറ്റും ഇവിടെയും നടത്താറുണ്ട്‌

  http://meeyana.blogspot.in/

  • Sajithph

   അതൊരു പുതിയ അറിവാണ് … 🙂

 • baijuvachanam

  ഈ ഇറ്റാലിക് ബോൾഡ് ഫോണ്ട്, എന്നേപ്പോലുള്ള വയസ്സന്മാരുടെ കണ്ണിന്നു ബുദ്ധിമുട്ടാണ്ടുക്കുന്നു.

  • Sajithph

   അത് ശരി … അടുത്ത ലേഖനം എഴുതുമ്പോ അത് പരിഹരിച്ചേക്കാം 😉

  • Sajithph

   ഫോണ്ട് മാറ്റിയിരിക്കുന്നു 🙂