മേർസികില്ലിംഗ് ..

” മേർസികില്ലിംഗ് ”  എന്ന വാക്ക് എപ്പോൾ കേട്ടതാണെന്നു ഓർമ്മ വരുന്നില്ല … ചെറുപ്പത്തിലെന്നോ  കേട്ട മാത്രയിൽ പെട്ടെന്ന് മനസിലേക്ക് വന്നത് ദൈവം തന്ന ജീവൻ മനുഷ്യൻ എടുക്കുന്നതിലെ നീതികേടും പിന്നെ ആരെന്തു പേരിട്ടു വിളിച്ചാലും സംഭവം ഒരാളെ കൊല്ലുന്നതല്ലേ  ? എന്ത് പറഞ്ഞാലും പാപമാണത്   എന്നതാണ്  ….

 

 

 

വികാര വിചാരങ്ങളെ കടിഞ്ഞാണിട്ടു  പച്ചയായ യാഥാർത്യങ്ങളിലൂടെ  വർഷങ്ങൾക്കുമിപ്പറം  മനസ് സ്ഫുരണം ചെയ്തെടുക്കുമ്പോൾ                  ” മേർസികില്ലിംഗ് ” ഒരു നീതി നിഷെധമായി കാണാനാകില്ല .. അത് പലപ്പോഴും  ആരോടെങ്കിലും കാണിക്കുന്ന ദയയുടെ അവസാന വാക്കാണ്‌  ..

ഇപ്പോൾ  ഇതോർമ്മ വരാൻ കാരണം  വയസു തോണ്ണൂട്ടഞ്ഞ്ജു   കഴിഞ്ഞു  പകലോ രാവോ അറിയാതെ  ഉണ്ണാനോ  ഉറങ്ങാനോ അറിയാതെ  സ്വന്തമായി ഒന്നിളകാൻ പോലും ആകാതെ  എയർ ബെഡ്ഡിൽ കിടക്കുന്ന  മുത്തശിയെ ഓർക്കുമ്പോഴാണ് …

ഒരു നിമിഷം പുറകോട്ടു നോക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത്  , ആരും കാണാതെ  കോഴിമുട്ട കഴുകി തിളയ്ക്കുന്ന ചോറും പാത്രതിലെക്കിട്ടു  പുഴുങ്ങി തന്നിരുന്ന ,  തൈര് കടയുമ്പോൾ വെണ്ണ ചേർന്ന കട്ടി മോരെടുത്തു കുടിക്കാൻ തന്നിരുന്ന ,  ചൂട് ചോറിൽ നെയ്യൊഴിച്ച് കഴിക്കുന്നതിന്റെ രസം പറഞ്ഞു തന്നിരുന്ന …ഇടക്കെപ്പോഴെങ്കിലും പോക്കറ്റ് മണിയായി ഒരു രൂപയും രണ്ടു രൂപയും തന്നിരുന്ന സ്നേഹമയിയായ ഒരു സ്ത്രീയെ ആണ് .. ആ മുത്തശി ഇന്ന് ….  

ഒരു ജന്മം മുഴുവൻ മറ്റുള്ളവർക്ക്  നല്ലത് മാത്രം ചെയ്ത ഒരു ജീവിതം .. നാട്ടിൽ എല്ലാരും സ്നേഹത്തോടെ വിളിക്കുന്നത്‌   ” നോക്കി വലുതാക്കിയ ആൾ ” എന്നർത്ഥം വരുന്ന  പടത്തിയാരമ്മ  എന്ന് മാത്രം ..  
ഒരു കാലത്ത് പണമായും പൊരുളായും ആർക്കെന്തു സഹായം വേണമെങ്കിലും ഉറപ്പോടെ സമീപിക്കാവുന്ന  ഒരാളാണ് ബെഡ്ഡിൽ ഒന്നിളകാൻ ആകാതെ കിടക്കുന്നത് എന്നോർക്കുമ്പോൾ സത്യത്തിൽ ഇതെന്തു നീതി നിഷേധമാണ് ദൈവം ചെയ്യുന്നത് എന്നുപോലും തോന്നുന്നു …

വയസായി എന്നതൊഴിച്ചാൽ യാതൊരു വിധ അസുഖങ്ങളും ഇല്ല … ഇന്നത്തെ അവസ്ഥ  ഒരു തുള്ളി വെള്ളം വേണമെങ്കിൽ വേറെ ആരെങ്കിലും എടുത്തു ഒഴിച്ച് കൊടുക്കണം .. ഒരു നുള്ള് ഓർമ്മ ശേഷിചിരുന്നെങ്കിൽ  കൊടുത്തു മാത്രം ശീലിച്ച ഒരാൾക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായേനെ അത്  ..

വയസിത്ര ആയതുകൊണ്ടും ദേഹസ്ഥിതി നോക്കുമ്പോഴും വൈദ്യ ശാസ്ത്രത്തിനു ഒന്നും ചെയാനില്ല .. ആർക്കും ഒന്നും ചെയ്യാനില്ല .. മനുഷ്യനായാൽ ഒരു അസുഖം വേണമെന്നാണ് പറയപ്പെടുന്നത്‌ … യാതൊരു അസുഖവും ഇല്ലാതിരിക്കുന്നതാണ്  വയസാകുമ്പോൾ ഉള്ള വലിയ അസുഖം … കാരണം  ദൈവം തന്ന ശ്വാസം പുറത്തേക്കൊഴുകാൻ ഒരസുഖം വേണം അല്ലെങ്കിൽ അതിനുള്ള അസുഖമുണ്ടായിട്ടു വേണം ….

നീര് വന്നു വീർത്ത ശരീരത്തിൽ ആ നീര് പഴുപ്പായി , കുമിളകളായി വൃണമായി അങ്ങനെ പൊട്ടി ഒലിച്ചു കൊണ്ടിരിക്കുന്നത് ഓർക്കുമ്പോൾ , ആർക്കും ഒന്നും ചെയ്യാനില്ല എന്നൊരു യാഥാർത്ഥ്യം  മുന്നിലേക്ക്‌ വരുമ്പോൾ ..

ഇന്നലെ അമ്പലത്തിൽ  പോയ്‌ തിരിച്ചിറങ്ങുമ്പോൾ  കണ്ണുകളിൽ അറിയാതെ വന്ന കണ്ണുനീർ കണ്ട്,

ഇങ്ങനെ വിഷമിച്ചു കണ്ടിട്ടില്ലല്ലോ ,  എന്തുണ്ടെങ്കിലും ഭഗവാൻ ഒരു വഴി കാണിച്ചു തരും എന്നു പറഞ്ഞ പൂജാരിയോട് , എന്റെ മരണം എങ്ങനേ ആയിരിക്കണം എന്നാണ് പ്രാർത്ഥിച്ചത്‌ എന്നു പറഞ്ഞു വിശദീകരിക്കാനുള്ള സമയമോ അവസ്ഥയോ ആയിരുന്നില്ല അത് …

ചിലപ്പോഴെങ്കിലും ഒരാളോട് ചെയ്യാൻ കഴിയുന്ന അങ്ങേയറ്റത്തെ ദയയായിരിക്കും   മേർസികില്ലിംഗ്  എന്നാരെങ്കിലും പറഞ്ഞാൽ അതല്ലെന്ന് വാദിക്കാനുള്ള മനസ് എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു …   ഒരിക്കലും തിരിച്ചു വരില്ല  എന്നൊരു  സ്ഥിതിയിൽ  ഒരു നിശ്വാസം മാത്രമായി അവശേഷിക്കുന്ന ജീവൻറെ തുടിപ്പ്   തനിക്കും ചുറ്റുമുള്ളവർക്കും  സമയം കഴിയുന്തോറും ഒരു വിഷമമോ ബാധ്യതയോ  തന്നെയാണ് എന്ന തിരിച്ചറിവിൽ ഇങ്ങനെ ഒരവസ്ഥ എന്നെ  കാത്തിരിക്കുന്നെങ്കിൽ  ആ  നിശ്വാസത്തെ എനിക്ക് തന്നെ അവസാനിപ്പിക്കാൻ പറ്റുന്ന ആരോഗ്യസ്ഥിതി തരണേ എന്നൊരു പ്രാർത്ഥനയാണ്  ഇന്നലെ എനിക്കുണ്ടായിരുന്നത് ….

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

© 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.