കൂട്തേടി …അനുഭവക്കുറിപ്പ്

കൂട്തേടി  …അനുഭവക്കുറിപ്പ്

ഹൃദയശുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരുടെ നടുവിലാണല്ലോ എന്നത്  സ്വകാര്യ അഹങ്കാരമായി കൊണ്ട്നടക്കുമ്പോളാണ്  അപ്രതീക്ഷിതമായി ആ വാർത്ത‍ കേട്ടത് , ഒരു മാസത്തിനുള്ളിൽ വേറൊരു വീട് കണ്ടെത്തണം ..

ആ വാർത്തയെക്കാൾ വേദനിപ്പിച്ചത് അതിവേഗം മാറുന്ന ചില മനസുകളെയാണ് … പറഞ്ഞിരുന്നതൊന്നും ഓർക്കാത്ത , അല്ലെങ്കിൽ ഓർക്കുന്നെങ്കിലും മറക്കുന്ന  ചില മനസുകൾ  …  എത്ര വേഗമാണ് കഴിഞ്ഞതെല്ലാം മറക്കുന്നതെന്ന ചിന്തക്കിടയിലും ഒരു ചോദ്യം പോലെ മുന്നിലുള്ളത് വരാൻ പോകുന്ന ഒരു മാസമാണ്  …

തിരുവനന്തപുരത്തെ പതിവ് വഴിയോരങ്ങളിൽ ” for rent ” എന്നെഴുതിയ ഒരു പേപ്പരിനായി  വെറുതെയെങ്കിലും കൊതിച്ചു  … മറ്റേതൊരു സ്ഥലം പോലെ  ഇവിടെയും ബാച്ചിലെര്സിനു നല്ലൊരു വീട് കിട്ടണമെങ്കിൽ പെടാപ്പാടു പെടണം ..  കഴിഞ്ഞ രണ്ടു പകലുകൾ അവസാനിച്ചത്‌ അത്തരം ചില അന്വോഷണങ്ങളിലൂടെയാണ്   ……

അന്ജോളം തിരച്ചിലിനൊടുവിൽ  പ്രതീക്ഷിച്ചിരുന്നത് കേട്ടു ,
ബാച്ചിലർക്ക് വീട് കൊടുക്കാൻ തയ്യാറായ ആരോ  ഒരാൾ  …

നന്തങ്കോടിനടുത്തുള്ള ആ വീട് ഒറ്റക്കാഴ്ചയിൽ ബോധിച്ചു … അതിമനോഹരമായ ടൈലുകൾ വിരിച്ച ബാൽക്കണിയോടുകൂടിയ ഒന്ന്
ആ മനോഹരമായ വീടിലെ വിശാലമായ ഹാളിലെ ഒരറ്റം ചൂണ്ടിക്കാണിച്ച് വീട്ടുടമസ്ത പറഞ്ഞു

നിങ്ങൾക്കവിടം ഉപയോഗിക്കാം .. ഒരു കിച്ചണ്‍ കൂടിയുണ്ട് ..ഷെയർ ചെയ്യാം … നാലായിരം രൂപ , രണ്ടു മാസത്തെ വാടക അഡ്വാൻസ്  ..വേറെ രണ്ടുപെരെക്കൂടെ അടുത്ത മൂലകളിൽ കണ്ടു … പിഎസ്സി  ലോട്ടറി ഭാഗ്യം തേടിയിറങ്ങിയ  നാല് കണ്ണുകൾ  ..

ഈശ്വരാ … ഒരു മൂലയ്ക്ക് നാലായിരം രൂപ !!

മടിയോടെ നിന്നപ്പോൾ കാര്യം തിരക്കി .. അപ്പുറത്തുള്ള അടുത്ത വിശാലമായ  അറ്റാചിട്    ഹാൾ കാണിച്ചിട്ട് പറഞ്ഞു  …

ആറായിരം രൂപ …

“യേശുദേവൻ നിങ്ങളെ രക്ഷിക്കട്ടെ ” എന്നൊരു ബോർഡിലേക്ക് ഒരു നിമിഷം നോക്കിയപ്പോൾ പിന്നീടുള്ളതു കൂടെ പറഞ്ഞു

ഇവിടെ പൂജ ചെയ്യരുത് , വേറെ ദൈവങ്ങളുടെ ഫോട്ടോ വെക്കരുത് . .. ഹീറ്റർ ഉപയോഗിക്കരുത്  .. ടിവി പാടില്ല  , ഫ്രിഡ്ജും ഉപയോഗിക്കരുത്
റൂമിൽ വേറെ ആരെയും താമസിക്കാൻ പാടില്ല .. അങ്ങനെയെങ്കിൽ വരുന്നവർ വേറെ വാടക തരണം …

ഒരു തീരുമാനം എടുക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല .. നന്ദി പറഞ്ഞു അവിടെ നിന്നറങ്ങുമ്പോൾ കണക്കുകൂട്ടി  .. ആ വിശാലമായ ഹാളിൽ നിന്നും മാസം ഇരുപത്തിമൂവായിരം രൂപ കിട്ടിയിട്ടും പോരാത്ത രണ്ടു കണ്ണുകൾ  …

പിന്നെയും എട്ടോളം വിളികൾക്കൊടുവിൽ ഒരാൾ കൂടെ പച്ചക്കൊടി കാണിച്ചു  …

ആ സ്ത്രീ ശബ്ദം സംസാരിച്ചു തുടങ്ങി  … ജവഹർ നഗറിൽ റൂമോ വീടോ വേണമെങ്കിൽ ഉണ്ട് … എന്റെ മകളെല്ലാം ബംഗ്ലൂർ ബുദ്ധിമുട്ടി , മര്യാദക്ക് ഭക്ഷണം ഇല്ലാതെയാണ് പഠിച്ചത് അതുകൊണ്ട് ഇവിടെ താമസിക്കുന്നവര്ക്ക് നല്ല നാടൻ ഭക്ഷണം ഞാൻ തന്നെ കൊടുക്കുന്നുണ്ട്
നിങ്ങൾ ഇരുപതാമത്തെ ആളാണ് വിളിക്കുന്നത്‌ , പെട്ടെന്ന് വന്നു ടോക്കണ്‍ അഡ്വാൻസ്  തന്നിട്ട് പൊക്കൊ …അല്ല നിങ്ങള്ക്ക് പാചകം ചെയ്യാൻ ഇഷ്ടമാണെങ്കിൽ പാത്രങ്ങളും ഗാസും തരാം  …

ഈശ്വരാ ,  ഡബിൾ ലോട്ടറി അടിച്ചിരിക്കുന്നു  … നേരം കളയാതെ  കേട്ട മാത്രയിൽ അങ്ങോട്ട്‌ കുതിച്ചു

ദൂരെ നിന്ന് വീട്ടുടമസ്തയെ കണ്ടു  … മുടി മുഴുവൻ നരച്ച , കയ്യില ഒരു ബാഗും പുസ്തകവും എന്തിയ മാലാഘ  …
വിവരങ്ങളെല്ലാം തിരക്കി , അവര്ക്ക് ഒരേയൊരു നിര്ബന്ധം മാത്രം , വീട് വൃത്തിയായി സൂക്ഷിക്കുന്നവർ ആയിരിക്കണം  ..

എന്തായാലും സന്തോഷമായി  …. വീട് കാണിച്ചു തരാൻ പോകുന്ന വഴിയിൽഉടനീളം ബാച്ചിലർക്ക് വീട് കിട്ടാനുള്ള ബുദ്ധിമുട്ടിനെപ്പറ്റിയും
മക്കൾ ദൂരെ ജോലി ചെയ്യുന്നതിലെ സങ്കടത്തെപ്പറ്റിയും  വാ തോരാതെ സംസാരിച്ചു  ..

അങ്ങനെ വീടിലെത്തി .. ദൂരെ നിന്ന് കണ്ട മാത്രയിൽ ഒരു പഴയ ഇരുനില കെട്ടിടം  ..അടുത്തെത്തിയപ്പോൾ ശരിക്കും ഞെട്ടി  … അതി പുരാതനമായ ഒരു വാർക്കവീട്  … ചുമരുകൾ ഇളകി വീണ , നിലത്തു സിമന്റുകൾ ഇളകിപ്പോയ ഒന്ന് …

ആശ്വസാമായി അടുത്ത വാർത്ത‍ പറഞ്ഞു , പണി നടക്കുന്നെ ഉള്ളൂട്ടോ , ഒരാഴ്ച പിടിക്കും  …

കെട്ടിടത്തിലെ പാതി പൊളിഞ്ഞ റൂം ചൂണ്ടി അവർ പറഞ്ഞു , ആ റൂം ഒരു ട്രാവൽ  എജന്റ്റ് എടുതുപോയി .. ബാക്കിയുള്ള ഒരു റൂം ആണ് താഴെയുള്ളത് എന്ന് പറഞ്ഞു … അങ്ങനെ അടഞ്ഞു കിടക്കുന്ന ആ റൂം തുറന്നു കാണിച്ചു  … “കണ്ടതിനേക്കാൾ ഭീകരം കാണാനിരിക്കുന്നത് ” എന്നാ ഒരു പ്രതീതിയാണ് അത് തന്നത്  ..

ഒടുക്കം അവർ പറഞ്ഞു , മുകളിൽ ഒരു വലിയ ഹാൾ ഉണ്ട് അത് നോക്കിയാട്ടെ ..മൊത്തത്തിൽ ആണെങ്കിൽ പതിനയ്യായിരം മതി ..  എത്രയും പെട്ടെന്ന് അവിടെ നിന്ന് എങ്ങനെ ഇറങ്ങും എന്നറിയാതെ നില്ക്കുകയായിരുന്നു ..

നാടാൻ ഭക്ഷണം തരുന്നതുകൊണ്ട്‌ കുക്കിനെ വെക്കണം അതിന്റെ കാശും നിങ്ങൾ ഷെയറിട്ടാൽ മതി  … താഴെ റൂം വേണമെങ്കിൽ അയ്യായിരമേ വാങ്ങുന്നുള്ളൂ .. എല്ലായിടത്തെയും പോലെ കൊള്ള വാടകയൊന്നും എനിക്ക് വേണ്ട ..

ഒരു നിമിഷം ഒന്നും മനസിലായില്ല , അത് കൊണ്ട് തിരിച്ചു ചോദിച്ചു …
അപ്പോൾ താഴെ നിലമോക്കെ ടൈൽസ് ഇട്ടു ചുമർ പെയിന്റ് ചെയ്തു വരാൻ കുറെ താമസം എടുക്കില്ലേ  ?

അവരുടെ പുരികം ചുളിയുന്നത്‌ ശ്രദ്ധയിൽപ്പെട്ടു  ,

ഇതു ജവഹർ നഗറാ മോനെ ജവഹർ നഗർ ..
ഞാൻ സെന്റിന്  ഇരുപതഞ്ഞു ലക്ഷം കൊടുത്തു മേടിച്ച സ്ഥലമാണ് … ഈ കെട്ടിടം മൂന്നു വര്ഷം കഴിയുമ്പോ ഇടിച്ചു പൊളിക്കും പിന്നെ ഞാൻ എന്തിനാ നിലം പണിയുന്നത്  …  ആ മൂന്നു വർഷം കൊണ്ട് ഒരു സെന്റിന് ചിലവാക്കിയ കാശെങ്കിലും കിട്ടണ്ടേ …  വരുന്നവരെ സുഗിപ്പിച്ചു താമസിക്കാനല്ല വാടകയ്ക്ക് കൊടുക്കുന്നത് … വേണമെങ്കിൽ മതി  …

അത്രയും അവർ പറഞ്ഞു നിർത്തി  …   മൂന്നു വർഷം കഴിയുമ്പോൾ ഇതു പൊളിച്ചു മാറ്റുകയോന്നും വേണ്ട അപ്പോഴേക്കും തനിയെ വീണോളും എന്നുറക്കെ പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നടന്നു  …

നടന്നു നീങ്ങുമ്പോൾ ചില ഓർമ്മകൾ മനസിലുടക്കി  .. വർഷങ്ങൾക്ക്  മുൻപ് കോയമ്പത്തൂർ പഠിക്കാൻ പോയ കാലം .. റൂം സങ്കടിപ്പിച്ചു തരാമെന്ന് പറഞ്ഞു പറ്റിച്ച സീനിയർ മുങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ  രാത്രി ഒരു വീടിലേക്ക്‌ ചെന്ന് കയറിയ കഥ .. കാര്യം ഉണർത്തിച്ചപ്പോൾ , തല്ക്കാലം ടെറസിൽ കിടക്കാമോ എന്ന് പറഞ്ഞ ചില നല്ല മനുഷ്യർ  .. ഒടുക്കം അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്നും രക്ഷ നേടാൻ  പ്രാവ് വളർത്തുന്ന വലിയ കൂട്ടിൽ കേറി കിടന്ന ഞങ്ങൾ അഞ്ചുപേർ  …    പിറ്റേ ദിവസം ആ മൂന്നുമുറി വീടിലെ ഒറ്റ മുറി ഞങൾക്കായി പത്തു ദിവസത്തോളം തന്ന ഹൃദയശുദ്ധിയുള്ളവർ

തിരിഞ്ഞു നോക്കുമ്പോൾ അന്നുമുണ്ട് പറഞ്ഞ വാക്ക് തെറ്റിച്ച ഒരു സീനിയർ .. വിശ്വാസമാണല്ലോ എല്ലാം … ഇന്നും അങ്ങനെ ചിലത് .. അതിൽ നിന്നൊന്നും പഠിക്കാതെ ഇപ്പോഴും !!!!

എവിടെയോ ഒരു മനുഷ്യത്വമുള്ള വീട്ടുടമസ്തൻ കാത്തിരിക്കുന്നുണ്ടാകുമെന്ന  പ്രതീക്ഷയിൽ തല്ക്കാലം വിട ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.
  • Valentine

    The world isn’t nice, boy. Live with it.

    • iamlikethiscom

      പലതും പഠിച്ചുവരുന്നതേയുള്ളൂ 🙂