മരുഭൂമിയിലൊരു മാമ്പഴം

   
“””” ഒന്നുകൂടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി .. അതേ അതവൻ  തന്നെ  .. ഷരീഫ്  … പെണ്ണുങ്ങളെ മയക്കാനുള്ള അത്തർ കുപ്പി സമ്മാനം തന്ന എന്റെ സുഹൃത്ത്‌ … “””””

വിണ്ടുകീറിക്കിടക്കുന്ന പാലക്കാടൻ മണ്ണിനു ആശ്വാസമായിപ്പോലും  ഭാരതപ്പുഴയിൽ ഒരു തുള്ളി വെള്ളം ഒഴുകുന്നില്ല …അവിടവിടെയായി തടയണകൾ കെട്ടിയിരിക്കുന്നതുകൊണ്ട്  പുഴയെന്ന പേര് നഷ്ട്ടപ്പെടാതിരിക്കുന്നു …കരിമ്പനകളുടെ തണലില്ല …എല്ലാം റബ്ബർ മരങ്ങൾ കയ്യേറിക്കൊണ്ടിരിക്കുന്നു …. ഇവിടെ വിയർപ്പില്ല അതിലതികം വെള്ളം ആവിയായി പൊയ്ക്കൊണ്ടിരിക്കുന്നു  … കാലം തെറ്റി ചില മാവുകളിൽ കണ്ണിമാങ്ങ കരിഞ്ഞുണങ്ങി നിൽപ്പുണ്ട്   ….


അങ്ങനെയിരിക്കെ ഇന്നലെയാണ്   ഒരു കുളിരായി ഞാൻ ആ മുഖം വീണ്ടും കാണുന്നത് … പതിമൂന്നു വർഷം മുൻപ് ഞങ്ങൾ ഒരുമിച്ചു പഠിച്ചിരുന്നു  ….അല്ല ഞാൻ എട്ടിൽ എത്തുമ്പോൾ അവൻ അവിടെ  ഒൻപതിൽ ആയിരുന്നു പിന്നീടു ഞാൻ അവനോടൊപ്പം ഒൻപതിൽ , പത്തിൽ ചന്ദ്രിക ടീച്ചറുടെ ബയോളജി ക്ലാസിൽ ഞാൻ പഠിക്കുമ്പോഴും അവൻ ഒൻപതിൽ ഉണ്ടായിരുന്നു … പിന്നീട് അതികം കണ്ടിട്ടില്ല .. പിന്നെ നേരെ കാണുന്നത് ഇപ്പോഴാണ് .. ഒരു നിമിഷം ശങ്കിച്ചു , വർഷങ്ങൾക്കുമുൻപ് മണലാരണ്യത്തിൽ നിധി തേടിപ്പോയ  എന്റെ ബാല്യകാല സുഹൃത്ത്‌ തന്നെയോ  ..    അവനിപ്പോൾ വയസു ചിലപ്പോൾ മുപ്പത്തിനടുത്ത് എത്തിക്കാണണം . അല്ല അതവനല്ല  അവന്റെ ബാപ്പയോ .. പെട്ടെന്ന് എനിക്കോർമ്മ വന്നത് അത്തർ എന്ന വാക്കാണ്‌  ..

പെണ്‍കുട്ടികൾക്ക് മാത്രം മണം കിട്ടുന്ന ഒരിനം അത്തർ ഉണ്ടത്രെ , ഒൻപതിൽ പഠിക്കുമ്പോൾ അവനതെനിക്ക് സമ്മാനം തന്നിരുന്നു .. ആദ്യരാത്രിയിൽ മാത്രമേ അതുപയോഗിക്കാവൂ എന്നവൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്  , ആ സത്യം ഞാൻ ഇതേവരെ തെറ്റിച്ചിട്ടില്ല …  എന്റെ റൂമിന്റെ കട്ടിലിനു താഴെ പെട്ടകത്തിൽ ഭദ്രമായ്‌ അതടച്ചു സൂക്ഷിച്ചിട്ടുണ്ട്  ..

ഒന്നുകൂടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി .. അതേ അതവൻ  തന്നെ  .. ഷരീഫ്  … പെണ്ണുങ്ങളെ മയക്കാനുള്ള അത്തർ കുപ്പി സമ്മാനം തന്ന എന്റെ സുഹൃത്ത്‌ …

പക്ഷെ അവന്റെ മുഖത്തെ ,  ചുളിവുകൾ  ആക്രമിച്ചു ഒരു പരിധി ആക്കിയിരിക്കുന്നു ..  കണ്ണിനു താഴെ ഋതു അസ്തമിച്ച  സ്ത്രീയെപ്പോലെ  കറുപ്പ് നിറം ബാധിച്ചിരിക്കുന്നു …

കണ്ട ഉടനെ അവന്റെ കൈ പിടിച്ചു ഞാൻ അഭിമാനത്തോടെ പറഞ്ഞു , ഷരീഫെ ആ അത്തർ കുപ്പി ഞാൻ ഭദ്രമായ്‌ വെച്ചിട്ടുണ്ട്  … 


അവനതിനെപ്പറ്റി ഒരു പിടിയും കിട്ടിയില്ല എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായെങ്കിലും , അത് പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു .. 

എന്തായി , നിനക്ക് നിധി കിട്ടിയോ ?

നാല് വര്ഷം മുൻപ് അവസാനമായി കണ്ടപ്പോൾ അവൻ പറഞ്ഞത് , നാട്ടിൽ നിന്ന് കാര്യമില്ലെന്നും നിധി തേടി ദുബായിൽ പോകുന്നുവെന്നുമാണ്  .. പിന്നീട് ആരൊക്കെയോ പറഞ്ഞു വിശേഷങ്ങൾ എല്ലാം അറിഞ്ഞിരുന്നു .. മൂന്ന് പെങ്ങന്മാരെ കെട്ടിച്ചു വിട്ടെന്നും , വേറൊരു കാശില്ലാത്ത വീട്ടിൽ നിന്നും പാവം മുസ്ലീം കുട്ടിയെ കെട്ടി അവളെ  എംബിഎ പഠിപ്പിക്കാൻ വിട്ടിരുന്നെന്നും .. പത്താം ക്ലാസിൽ തോറ്റ അവന് പോലും എംബിഎ  പഠിച്ച പെണ്ണിനെ കിട്ടിയെന്ന വാർത്ത‍ ആയിടക്കു നാട്ടില എംബിഎ  പഠിക്കുന്നവർക്ക് ഒരു അപവാദമായിരുന്നു താനും 

മാഷാ അള്ളാ; അല്‍ഹം ദുലില്ലാ  ………… നിധിയോ ..  .. ചാവാതെ പെഴച്ചു പോകുന്നു  ചെങ്ങായി ..

അത് പറയുന്നതിനിടയിൽ പതിവിൽക്കവിഞ്ഞ സമയം എടുത്തത്‌ എന്റെ പുരികത്തിനു അനാവശ്യ സ്ട്രെയിൻ ജനിപ്പിച്ചു ….  അവനെ പണ്ട് കണ്ട രൂപം ഇപ്പോഴും ഓർമ്മയിൽ തങ്ങി നില്ക്കുന്നു ..   ചുരുണ്ട മുടിയുള്ള ചന്ദ്രിക ടീച്ചർ പറയുമായിരുന്നു , കുങ്കുമപ്പൂ  പാലിൽ കലക്കി ഒരു രാത്രി വെച്ചതിൽ ബദാം ചേർത്ത് കഴിച്ചാൽ ഷരീഫിനെപ്പോലെ  ഓജസ് വരുമെന്ന് .. പത്തിൽ ബയോളജി പഠിപ്പിക്കുന്ന ടീച്ചർക്ക് ഒൻപതിൽ മൂന്നുകൊല്ലം പഠിക്കുന്ന ഷരീഫിനെ ഓർക്കണമെങ്കിൽ  അവന്റെ ഗ്ലാമറിനെപ്പറ്റി അതികം പറയണ്ടല്ലോ ..  പോരാത്തതിനു ഇതു കേട്ട പാടെ അവൻ കാണിച്ച പരാക്രമം സ്കൂളിലും നാട്ടിലും കാട്ടുതീ പോലെ പടർന്നിരുന്നു … 


ഉച്ചക്ക് മറ്റു ടീച്ചർമാർ  കൊച്ചുറക്കം നടത്തുന്ന നേരത്ത് , ഷരീഫ് ചന്ദ്രിക ടീച്ചറുടെ മുന്നിൽ ചെന്ന് വിറയാർന്ന കൈ നീളൻ ട്രൌസർ പോക്കറ്റിലേക്കു കയ്യിട്ടു  ആകാശമാവിലെ വീണുടയാത്ത ചെമന്ന മാമ്പഴം എടുത്തു നീട്ടി  പറഞ്ഞത്രേ ,  ഇതു ടീച്ചർക്ക്  … എല്ലാർക്കും സ്വപ്നം മാത്രം കാണാൻ കഴിയുന്ന ആകാശമാമ്പഴം  …  

സ്കൂളിനോട് ചേർന്ന് ഒരു നീളൻ മാവുണ്ട്  , നീളം എന്ന് പറഞ്ഞാൽ അതാണ്‌ ഉയരം … പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ   മരം .. അറ്റത്ത്‌ ചുമന്ന കൊച്ചു കൊച്ചു പൊട്ടുപോലെ മാമ്പഴം കാണാം ..  പക്ഷെ താഴെ ഒരിക്കലും കഴിക്കാൻ പ്രായത്തിൽ വീഴാറില്ല ..  എത്തുമ്പോഴേക്കും  ചിന്നിചിതറിയിരിക്കും ..കൊതിപ്പിക്കുന്ന മണമായിരിക്കും പക്ഷെ ആർക്കും മാമ്പഴം കിട്ടാറില്ല , കിട്ടിയ  ചരിത്രവുമില്ല .. അങ്ങനെ ഒരു മാവിൽ നിന്നും എങ്ങനെ ആകാശമാമ്പഴം അവനു   കിട്ടി എന്നത് ഒരല്ബുധമാണ്  … ചോദിച്ചപ്പോൾ അവൻ അന്ന് പറഞ്ഞത് , വേറെ ആരെക്കൊണ്ടും പറയില്ലെങ്കിൽ മാത്രം  എന്നോട് മാത്രം പറഞ്ഞു തരാമെന്നാണ് ..  ഞാൻ അതിവിടെ തെറ്റിക്കുന്നു ..   മാവിൻ ചോട്ടിൽപ്പോയി അവൻ പറഞ്ഞത്രേ , ചുരുണ്ടമുടിക്കാരി  ചന്ദ്രികടീച്ചറെ അവന് പെരുത്തിഷ്ടായി , സമ്മാനം കൊടുക്കാൻ മാമ്പഴം വേണമെന്ന്  … അവൻ ജീവിതത്തിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവത്രേ , അതുകൊണ്ട് ഉടനെ തന്നെ മാമ്പഴം വീണെന്നും അതാണ്‌ ടീച്ചർക്ക് കൊടുത്തതെന്നുമാണ് .. ഞാൻ അതിന്നും വിശ്വസിക്കുന്നു  … 


അങ്ങനെയുള്ള ഷരീഫിനെയാനു വര്ഷങ്ങള്ക്ക് ശേഷം ദൈവം എന്റെ മുന്നിലേക്ക്‌ കൊണ്ട് വന്നിരിക്കുന്നത്  …    അവൻ പറഞ്ഞു തുടങ്ങി … 

സജിത്തേ , ഞാൻ വന്നിട്ട് ആറുമാസം ആയിരിക്കുന്നു  .. സൌദിയിൽ ജോലിചെയ്തിരിക്കുംപോ പെട്ടെന്ന് താഴെ വീണതാ .. മൂന്നു ദിവസം അവിടെ കിടന്നു .. ഓക്സിജൻ സിലിണ്ടരുടെ സഹായത്തിൽ മടക്കം .. നേരെ തൃശൂരിൽ രണ്ടു ദിവസം .. അവരെക്കൊണ്ടു പറ്റില്ല എന്ന് പറഞ്ഞ് അമൃതയിൽ മൂന്നു മൂന്നര മാസം കിടന്നു .. പടച്ചോൻ കാത്തു  
ഇനി രണ്ടര വർഷം കൂടെ മരുന്ന് കഴിക്കണം .. അത് കഴിഞ്ഞാൽ ശരീരം അനക്കാത്ത എന്തെങ്കിലും പണി ചെയ്‌താൽ കുറെക്കൂടെ ജീവിക്കാം … 



അല്ലാ , അതിനു….. അതിനു നിനക്കെന്താ പ്രശ്നം …

ഹൃദയം വേണ്ട പോലെ മിടിക്കിനില്യ ചങ്ങായി  .. സാധാരണയെന്റെ  പാതി മാത്രം …..
ബ്ലോക്കുമുണ്ട്  .. പനി പിടിച്ചു ഇൻഫ്കെഷൻ വന്നതാ അങ്ങനെയാ പറയണേ .. അവൾടെ നാപ്പതു പവൻ പൊന്നും വിറ്റു  .. എന്റെ ബാപ്പ അവൾക്കു കൊടുത്ത പൊന്നാ .. എല്ലാം പോയി .. 
അല്‍ഹം ദുലില്ലാ     ജീവൻ കിട്ടിയല്ലോ അത്‌മതി  …


എന്ത് പറയണം എന്നൊരു നിമിഷത്തേക്ക്  ശങ്കിച്ചു  ..  ഈ ലോകത്ത് നിന്നുള്ള  എല്ലാം ഒരു നിമിഷം നിന്നപോലെ ഒരു തോന്നൽ 
സമനില വീണ്ടെടുത്തു  ഞാൻ പറഞ്ഞു ..

നീ പടച്ചോനോട്  പണ്ട്  മാവിൻ ചോട്ടില്നിനു പ്രാര്ത്തിച്ചപോലെ ഒന്നൂടെ പറ .. എല്ലാം ശരിയാകും    .. ഹ്മം 
എന്തായാലും നമുക്കൊരു ഉപ്പുസോഡ കുടിക്കാം എന്നിട്ടിനി വര്തമാനാമാകാം 

വേണ്ട .. നിർബധിക്കരുതു  .. പറഞ്ഞാല ഞാൻ കുടിക്കും  , പക്ഷെ ഡേയ്‌ളി ഒരു ലിറ്റർ വെള്ളമേ കുടിക്കാൻ പാടൂ .. കിഡ്നി പണിമുടക്കിലാ  ..

ഓ  .. വിട്ടേക്കൂ .. എന്നാൽ വേണ്ട     ..  കാണാം ഷരീഫെ നമുക്കിനിയും കാണാം എന്ന് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു യാത്രയായി 
തുടർന്ന് എന്ത് പറയണം .. എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ ..  തുള്ളി ദാഹജലം പോലും കുടിക്കാൻ കഴിയാത്ത ഒരു രോഗം സത്യം മാത്രം പറയുന്ന  അവനു എന്തിനാണ് പടച്ചോൻ കൊടുത്തതെന്ന് ആലോചിച്ചുപോകുന്നു  …. 
 സജിത്ത്   ,    https://www.facebook.com/iamlikethisbloger

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.