പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

 മുസ്ലിംകള്‍ ആധുനികവിനിമയോപാധികളുടെ ചുവടു പിടിച്ചു  തീവ്രവാദം വളര്‍ത്താനുള്ള വേദിയായി കേരളത്തെ മാറ്റുന്നോ ?   ലക്ഷോപലക്ഷം വരുന്ന അവരുടെ വരുമാനസ്രോതസ്സ് ഇങ്ങനെ ഒറ്റിക്കൊടുത്തു കിട്ടുന്ന പണമായിരിക്കുമോ ..എങ്കിലും അവര്‍ക്കെങ്ങനെ ചതിക്കാനാകും  ?  പര്‍ദയുടെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ എങ്ങനെ നമ്മെ തകര്‍ക്കാം എന്നായിരിക്കുമോ അവര്‍ ചിന്തിക്കുന്നത്  ?     വെള്ളിയാഴ്ച പള്ളിയിലെക്കേന്നു പറഞ്ഞവര്‍കൂടുന്നത് ഇതിനായിരുക്കുമല്ലേ ….
 ഒരു സാധാരണ മനുഷ്യന്‍ ഇസ്ലാമിനെയോ മുസ്ലിമിനെയോ പറ്റി ചില വാര്‍ത്തകേട്ട് അല്ലെങ്കില്‍ പത്രം വായിച്ചു മേല്‍പ്പറഞ്ഞ രീതിയില്‍  തെറ്റായി ചിന്തിച്ചുപോയെങ്കില്‍ അവര കുറ്റം പറയരുത് .ഭാഗ്യവശാല്‍ ചിന്തിക്കാനുള്ള ശേഷി കേരളത്തിലെ  ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടു  മാത്രമാണ് മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാതെ  അയോദ്ധ്യയോ ഗുജറാത്തോ ആവാതിരിക്കുന്നത് 
മാധ്യമസംസ്കാരത്തിനു  തീരെ നിരക്കാത്ത രീതിയില്‍ കുറെ മുസ്ലിം മെയില്‍വിലാസങ്ങള്‍ നല്‍കി  സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ വാര്‍ത്തയുടെ ലക്ഷ്യം  കച്ചവടമാകാതെ വേറെന്ത്  ?    ”  അപ്പനിട്ട് പറഞ്ഞാലും പത്ത്പുത്തനുണ്ടാക്കണം ” എന്ന  നെറികെട്ട രീതിയില്‍ ചിന്തിച്ചുപോകുന്ന കുറെ  ഏറാംമൂളി  മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല കേരളത്തിലെ  ജനങ്ങളുടെ മതവികാരം …
മുസ്ലിമായി  ജനിച്ചതുകൊണ്ട്  ഒരാളുമിവിടെ തീവ്രവാദിയാകുന്നില്ല …  അറിഞ്ഞോ അറിയാതെയോ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത പടച്ചു വിടുന്ന എല്ലാ മാധ്യമങ്ങളെയും നാം തിരിച്ചറിയണം … 
ഒരു ഇമെയില്‍ ഐഡി  ഉണ്ടാക്കാന്‍ പത്ത് രൂപ കൊടുത്തു കഫേയില്‍ കേറുന്ന ആര്‍ക്കും പറ്റും … അത് മുസ്ലിംപേരില്‍ ഉണ്ടാക്കിയെന്നത്കൊണ്ട് ഇവിടെ ആരും തെറ്റുകാരാകുന്നില്ല , കുറച്ചുകൂടെ ബുദ്ധിയുള്ള ആര്‍ക്കും  നമ്മുടെ എല്ലാ വിവരങ്ങളും മറച്ചുവച്ച് , യാതൊരുവിധ തെളിവും അവശേഷിക്കാതെ  ജിമെയില്‍ ഐഡിയോ , ഏതൊരു മെയില്‍ വിലാസമോ ഉണ്ടാക്കാന്‍ യാതൊരുവിധ ബുദ്ധിമുട്ടുമില്ല  ..അങ്ങനെയിരിക്കെ  അത്തരം ഒറ്റുകാരെ കണ്ടുപിടിക്കാനോ അവരുടെ ഉദേശത്തെക്കുറിച്ചുള്ള  പുനരന്വോഷണത്തിനോ  സംശയം തോന്നുന്ന എല്ലാ മെയിലുകളും പരിശോധിക്കപ്പെടെണ്ടത് തന്നെയാണ് ,  യാതൊരുവിധ തെറ്റുമില്ല …
ഇതിനുമുന്‍പും സംശയം തോന്നുന്നവരുടെ മൊബൈല്‍ഫോണ്‍ കോള്‍ ലിസ്റ്റ്‌ / അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ച ചരിത്രമുണ്ട്  ….അന്നൊന്നും അത് വാര്‍ത്തയായിരുന്നില്ല കാരണം പത്രസംസ്കാരത്തെയും മാധ്യമധര്‍മ്മത്തെയും കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നവരാണ് ഉണ്ടായിരുന്നത് ..ഇന്നത്തെ സ്ഥിതിയോ ?  കാണുന്നതെന്തും എരിവും പുളിയും കയറ്റി വാര്‍ത്തയാക്കാനുള്ള ഓട്ടത്തിലാണല്ലോ 
സ്വാതന്ത്ര്യം  എന്നുപറഞ്ഞാല്‍  എന്ത് നെറികേട് കാണിച്ചും കൂത്താടാനുള്ള  ലൈസന്‍സ് അല്ല , സമൂഹത്തിലെ നാനാജാതിമതസ്ഥരായ മറ്റുള്ളവരുടെ ജീവന് ഭീഷണിയായി നിലനില്‍ക്കുന്ന എല്ലാവരും ഒറ്റപ്പെടട്ടെ  …അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുവായാലും , ക്രിസ്ത്യാനിയായാലും , മുസ്ലിമായാലും ആരായാലും ഒറ്റപ്പെടണം ..
.
 മുസ്ലിം മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ തിരുത്തി  വാര്‍ത്തകള്‍ നല്‍കിയ പത്രമാധ്യമം ശിക്ഷിക്കപ്പെടണം ..പത്രത്തിന്‍റെ  സര്‍ക്കുലേഷന്‍  കൂട്ടാന്‍ അല്ലെങ്കില്‍ പബ്ലിസിറ്റിക്കായി എന്തും എഴുതാമെന്നോ പറയമെന്നോ രീതിയില്‍  സ്ഥിതിഗതികള്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ അവരൊരു സ്വയംപുനരവലോകനത്തിന് വിധേയരാകണം … അത്തരത്തില്‍ ഉള്ള ഒരു ചര്‍ച്ചയും പ്രോത്സാഹിക്കപ്പെടെണ്ട ഒന്നല്ല ..ഏഷ്യാനെറ്റ്‌ ന്യൂസ്‌ അടക്കമുള്ള മാധ്യമങ്ങള്‍ നാണിപ്പിക്കുന്ന പ്രവര്‍ത്തിയാണ് കൈക്കൊണ്ടിരുന്നത് …( വേറെ ഏതെങ്കിലും ചാനെലില്‍ ഇതിനെപ്പറ്റി ചര്‍ച്ച നടന്നിരുന്നോ എന്നറിയില്ല ) സത്യത്തില്‍ ഇവിടെ ഒരു പ്രശ്നവുമില്ല , പറഞ്ഞു പറഞ്ഞു പ്രശ്നമാക്കാതിരുന്നാല്‍  നന്നായിരുന്നു …
ഇത്തരമൊരു വാര്‍ത്തക്ക് അമിതപ്രാധാന്യം നല്‍കിയ   മാധ്യമങ്ങള്‍  ,ഒന്നോര്‍ത്തു കൈകാര്യം ചെയ്തെങ്കില്‍  വിവാദം ഒഴിവാക്കാമായിരുന്നു  …. പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയില്‍ , മറ്റവരെക്കാള്‍  പത്ത് കോപ്പി കൂടുതല്‍ അടിച്ചിറക്കാനുള്ള വ്യഗ്രതയില്‍ മുന്നിലുള്ളതെന്തും വാര്‍ത്തയാക്കുമ്പോള്‍  , നാവിന് എല്ലില്ലെന്നു കരുതി  തോന്നിയതെന്തും  ചോദിച്ചു  ചര്‍ച്ചയാകാനുള്ള ചില ടെലിവിഷന്‍ ചാനലുകളിലെ അവതാരകരും എന്തൊക്കെയോ മറന്നു പോകുന്നു  ….
എല്ലാ വാര്‍ത്തകളും പ്രസിദ്ധീകരിക്കപ്പെടെണ്ടവയല്ല  ..രാജ്യസുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാഭീഷണിയാകുന്നവാര്‍ത്തകള്‍ കൊടുക്കുന്നതിനുമുന്‍പ് മാധ്യമങ്ങള്‍ പുനരവലോകനങ്ങള്‍ക്ക് വിധേയമാകണം  ….മുസ്ലിം പേരുകേട്ടാല്‍ നെറ്റി ചുളിക്കുന്ന രീതിയില്‍നിന്ന് നമ്മളില്‍ക്കുറെപ്പേരും മാറണം  ,,,,
1993 മാര്‍ച്ച് 12 എന്ന സിനിമ കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഇപ്പോഴത്തെ ഒരുപാട്  അബദ്ധധാരണകള്‍ ആരുടെയെങ്കിലും മനസ്സില്‍ ഉണ്ടെങ്കില്‍ അതെല്ലാം   ഒഴിവാക്കാന്‍ പറ്റുമായിരുന്നു ..അതുകൊണ്ടുകൂടിയാണ്‌  തീര്‍ച്ചയായും കാണേണ്ട ചിത്രമാണത് എന്ന്  അഭിപ്രായപ്പെട്ടിരുന്നത് …സിനിമ യൂടുബില്‍ അല്ലെങ്കില്‍ ഡിവിഡി  രൂപത്തില്‍ ലഭ്യമാണ് … ആ സിനിമ കാണാത്തവര്‍ കാണുക  റിവ്യൂവിനായി  ഇവിടെക്ലിക്ക്ചെയ്യുക    
നമ്മുടേത് നാനാജാതിമതസ്ഥരായ വിവിധതരം സംസ്കാരവും ചിന്തകളും ഉള്ള ഒരു ജനതയാണ് .. ക്രിസ്ത്യന്‍ പള്ളിയും അമ്പലവും മുസ്ലിം ആരാധനാലയവും ഒരു  ചുറ്റുമതില്‍ പങ്കിടുന്ന സംസ്കാരമാണ് നമ്മുടേത്  
…രാജ്യസുരക്ഷ്യയെ  മുന്‍നിര്‍ത്തി ആരുടെ സ്വകാര്യവിവരവും , സംഭാഷണവും പരിശോധിക്കാന്‍ ഉള്ള സംവിധാനത്തെ  നമ്മുടെ സ്വാതന്ത്ര്യത്തിനു മേലെയുള്ള കടന്നുകയറ്റമായല്ല കാണേണ്ടത് .. ഇതിനു മുന്‍പും സംശയം തോന്നുന്നവ പരിശോധിക്കപ്പെട്ടിട്ടുണ്ട് , ഇനിയും അവ തുടരണം .. സത്യം മനസിലാക്കാനുള്ള /കാണാനുള്ള പക്വതയും  വിവരവും ബുദ്ധിയും നമുക്കെല്ലാവര്‍ക്കും  ഉണ്ടല്ലോ എന്ന തിരിച്ചറിവോടെ തല്ക്കാലം വിട  .. .

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in രാഷ്ട്രീയം and tagged . Bookmark the permalink.