ഒരു പുതുമഴ

തുള്ളിക്കൊരുകുടം മഴയങ്ങനെ പുറത്ത്  തിമർത്ത് പെയ്യുകയാണ് … ഇടക്ക് വീശിയടിക്കുന്ന കാറ്റാണ് പാലക്കാടൻ മഴയുടെ പ്രത്യെകത ….
ഉമ്മറകോലായിൽ നിന്നും കേട്ട അപരിചിത ശബ്ദമാണ് എവിടെക്കോ പോകുന്ന  നിനവുകൾക്ക് കടിഞാണിട്ടത്   …

 

പടത്തിയാരമ്മേ …. പടത്തിയാരമ്മേ ….

എന്താണെന്നോ , ആരാണെന്നോ അറിയാൻ കൊതിച്ച്‌ അലസതയോടെ  അമ്മയോടൊപ്പം നടന്നുനീങ്ങിയ എന്റെ കണ്ണുകൾക്ക്‌ വിരുന്നോതിയത്
എഴുപതു കഴിഞ്ഞെന്നു തോന്നിക്കുന്ന നരച്ച മുടിയോടെയും ചുളിഞ്ഞ തോലിയോടെയും  കൂടിയ ഒരു സ്ത്രീയാണ്  ..

ഒരെത്തി നോട്ടത്തിനു ശേഷം  അമ്മ പത്തായത്തിലേക്ക് നീങ്ങി  …

ഉണ്ണ്യേ , ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടാകുമോ എടുക്കാൻ  .. എവിടുന്നും ഒന്നും കിട്ടീല്ല  ..  നനുത്ത ശബ്ധത്തിൽ അവർ പിറുപിറുത്തു

ഉള്ളിലേക്ക് നീങ്ങിയ അമ്മ മഴയുടെ ശബ്ധത്തിൽ  അത് കേൾക്കാൻ വഴിയില്ല  …

ഓഹോ , അപ്പോൾ ഇവിടെ  പട്ടിണി കിടക്കുന്നവർ ഇപ്പോഴും ഉണ്ടോ എന്ന അതിശയത്തോടെ അവരെ നോക്കി …

പടതിയാരമ്മ എവിടി ? ഇവിടില്ലേ  എന്നവർ ചോദിച്ചു …

ചോദ്യം എന്നോടാണ് .. ഒന്നുകൂടെ സ്പഷ്ടമായി വീണ്ടും ആ ചോദ്യം നീണ്ടു

ഉണ്ണീന്റെ മുത്ത്യെ …  അച്ഛമ്മ , ഇവിടില്ലേ  …

ഉണ്ട് , അകത്തു കിടക്കുകയാണ്  …ഞാൻ പറഞ്ഞു നിർത്തി

വിശേഷിചോന്നുമില്ലലോ ല്ലേ … അല്ലാ  .. ഉണ്ടാകില്ല , ആരെയും മുഷിപ്പിക്കാതെ ദൈവം കാത്തോളും  .. എത്ര പേർക്ക് ചോറ് വിളമ്പിയ കയ്യാണ്  …. അത് പറഞ്ഞു തീരുമ്പോഴേക്കും  വാക്കുകളെ മൌനം കാർന്നിരുന്നു …

ഉള്ളിലേക്ക് പോയ അമ്മയെ ഇതുവരെ കണ്ടില്ലല്ലോ എന്നോർക്കുന്നതിനിടയിൽ  അവർ മുൻപ് പറഞ്ഞതു ഓർമ്മയിൽ തെളിഞ്ഞു  … “”എവിടുന്നും ഒന്നും കിട്ടീല്ല “”

ഒരു കൌതുകത്തോടെ ചോദിച്ചു , സർക്കാർ ഒരു രൂപയ്ക്കു അരി തരുന്നില്ലേ  .. അത് വാങ്ങിക്കഴിചാൽപ്പൊരെ …

അത് വിറ്റ് കിട്ടണ കാശ് മരുന്നിനു തികയില്ലെന്റെ  ഉണ്ണ്യേ  …

അപ്പൊ മക്കൾ , അവരില്ലേ

അവരെയൊക്കെ ഓരോ വഴിക്കാക്കി വിട്ടു, ഒടുക്കംഅവരെന്നെയും   … വീണ്ടും മൌനം വാക്കുകളെ വിഴുങ്ങി  .

ഒരു മുറത്തിൽ അരിയും , കുറച്ചു ഉപ്പും ഉണക്ക മുളകും ഇത്തിരി മല്ലിയുമായി അമ്മ പ്രത്യക്ഷപ്പെട്ടു  .. അത് വാങ്ങി ഓരോ കവറുകളിൽ ആക്കുന്നതിനിടയിൽ അവർ വീണ്ടും ചോദിച്ചു

ഉണ്ണ്യേ , ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടാകുമോ എടുക്കാൻ  ..

ഭസ്മപ്പെട്ടികിടയിലൂടെ അമ്മ അകത്തേക്ക് നോക്കിപ്പറഞ്ഞു  , ഇപ്പഴോ ? ഇപ്പൊ  മണി എത്രയായീന്നാ  .. ഈ മൂന്നരാക്കണോ ചോറ്  ?

അതും പറഞ്ഞു അമ്മയെന്നെ ഒന്ന് നോക്കി .. എന്ത് പറയണം എന്നറിയാതെ ഓടിനു മേലെ വീഴുന്ന വെള്ളത്തുള്ളികൾ ശ്രദ്ധിക്കുന്ന മട്ടിൽ പുറത്തേക്കു നോക്കി  …

ഒരർത്ഥത്തിൽ തെറ്റുകാരൻ ഞാനാണ്  ..
ഒരു വീടല്ലേ , ആരെങ്കിലും ഉച്ച സമയത്ത് ഒരു പിടി ചോറിനു വന്നാൽ കൊടുക്കണ്ടേ എന്നെല്ലാം അമ്മ പറഞ്ഞെങ്കിലും .. ഈ കാലത്തോ …ആര് വരാനാണ് .. വേണ്ട വേണ്ട , ആവശ്യമുള്ളത് ഇട്ടാൽ മതി എന്ന് പറഞ്ഞതും ഞാനാണ്  …

ഇത്തിരി മോരിന്റെ വെള്ളം തര്വോ  ? അവർ പിടി വിടുന്ന വട്ടമില്ല

ഈ മഴക്കാലത്ത്‌ ആര് മോര് കുടിക്കാനാണ് .. ഇവിടെ മോരും പാലും ഒന്നുമില്ല .. തൊഴുത്തിൽ പശുവില്ല പിന്നെങ്ങനെ   , അതും പറഞ്ഞു അമ്മ  ഒന്നുകൂടെ നോക്കി

രണ്ടു മാസം മുൻപേ  നിർബന്ധിച്ച് പശുക്കളെ വില്പ്പിച്ചത് ഓർത്തെടുത്തു .. പാലിന്  മിൽമപ്പാൽ  ഇല്ല്യേ  , മോരും കിട്ടും  .. അതിനു വേണ്ടി നിങ്ങൾ ബുദ്ധിമുട്ടണോ  …. എന്നൊക്കെ വാദിച്ചാണ്  തൊഴുത്ത് കാലിയാക്കിയത് … . മുഖത്തിന്‌ കൂടുതൽ കനം  അനുഭവപ്പെടുന്നതായി വെറുതേ തോന്നിയതായിരിക്കണം , മുഖമുയർത്താൻ നന്നേ പാടുപെട്ടു   …

വിശന്നിട്ടു വയ്യെന്റെ കുട്ട്യേ  …

പണ്ടുള്ളവർ പറയുന്നതിലും ചെയ്യുന്നതിലും എന്തെങ്കിലും കാര്യം കാണും എന്നത് വീണ്ടും ഓർമ്മയിൽത്തെളിഞ്ഞു …

ഇടയിൽ കുറച്ചു പഴവുമായി  അമ്മയുടെ കൈകൾ നീണ്ടു  …
ദൈവം രക്ഷിക്കും മകളെ  നിന്നെയെന്നു പറഞ്ഞു അവരത്‌ ആർത്തിയോടെ വാങ്ങി  ….

 

അത്രയും സന്തോഷം അടുത്ത കാലത്തൊന്നും ആരിലും കണ്ടിട്ടില്ല  …  .. പുറത്തപ്പോൾ അടുത്ത മഴക്കുള്ള ഒരുക്കങ്ങളിലായിരുന്നു  ….

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com

 

© 2013, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2013 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.